പ്രതിപക്ഷത്തെ പുതിയ കൂടിച്ചേരലുകള്‍
Monday, March 27, 2023 2:15 AM IST
2019 ലെ ഒരു മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നതാവ് രാഹുല്‍ഗാന്ധിക്കു സൂറത്ത് കോടതി രണ്ടുവര്‍ഷത്തെ ശിക്ഷ വിധിച്ച് 24 മണിക്കൂറിനുള്ളിൽ ലോക്സഭയില്‍നിന്നു അയോഗ്യത കൽപ്പിക്കപ്പെട്ടതോടെ, ഭാരതീയ ജനതാപാർട്ടിയെ ഒരുമിച്ച് നേരിടണമെന്ന നിലപാടിലേക്കു പ്രതിപക്ഷത്തെ പ്രമുഖ പാർട്ടികൾ എത്തിച്ചേർന്നു. ബിജെപിയുടെ സമീപകാല നീക്കങ്ങൾ പ്രതിപക്ഷത്തിലെ ചില നേതാക്കളെ ഏറെ അലോസരപ്പെടുത്തിയിരുന്നു. കോൺഗ്രസുമായി ചങ്ങാത്തമില്ലാതിരുന്ന ഭൂരിഭാഗം പ്രതിപക്ഷകക്ഷികളും രാഹുലിനെതിരേയുള്ള കോടതിവിധി സൃഷ്ടിച്ച രാഷ്ട്രീയ ഭൂകന്പത്തിന്റെ ഞെട്ടൽ മൂലം വെല്ലുവിളികൾക്കു മുന്നിൽ ഐക്യാഹ്വാനവുമായി മുന്നിട്ടിറങ്ങി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണത്തിനായി കടന്നുകയറുന്നതിനെതിരേ കോണ്‍ഗ്രസും മറ്റു 13 കക്ഷികളും, മാനനഷ്ടക്കേസിലെ വിധിക്കു തൊട്ടടുത്തദിവസം സുപ്രീംകോടതിയിൽ സംയുക്ത ഹർജിയുമായി എത്തി.
വിയോജിപ്പുകളെ അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെ ഇഡിയെയും സിബിഐയെയും ദുരുപയോഗപ്പെടുത്തി എൻഡിഎ സർക്കാർ റെയ്ഡുകളും ഭീഷണിയും അറസ്റ്റും വഴി രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുന്നു എന്നതായിരുന്നു ഹർജിയിലെ ആരോപണം. അറസ്റ്റിനു മുന്‍പും ശേഷവും അന്വേഷണ ഏജൻസികൾക്കായി മാർഗനിർദേശങ്ങൾ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തെ രക്ഷിക്കുന്നതിനായി ഹർജിയിൽ അടിയന്തരവാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ആവശ്യപ്പെട്ടു. ഏപ്രിൽ 15ന് ഹർജി പരിഗണിക്കാമെന്ന് കോടതി സമ്മതിക്കുകയും ചെയ്തു.
പിന്തുണയുമായി പാർട്ടികൾ
മുഖ്യ പ്രതിപക്ഷകക്ഷി തങ്ങളാണെന്ന കോണ്‍ഗ്രസിന്റെ നിലപാടിൽ വിയോജിപ്പുള്ള ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഭാരത് രാഷ്ട്രസമിതി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയവയെല്ലാം, കോൺഗ്രസിന്റെ മുതിർന്ന നേതാവായ രാഹുലിനെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കി മണിക്കൂറുകൾക്കുള്ളിൽത്തന്നെ അദ്ദേഹത്തിനു പിന്തുണയുമായെത്തി. പിണറായി വിജയന്, എം.കെ. സ്റ്റാലിന് തുടങ്ങിയവരെപ്പോലെ ചുരുക്കം നേതാക്കളും രാഹുലിനൊപ്പം നിന്നു. അതേസമയം ബിജു ജനതാദളിന്റെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മൗനം ശ്രദ്ധേയമായി. കര്‍ണാടകത്തില്‍ ബിജെപിയുമായി ത്രികോണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനതാദള്‍ (സെക്കുലര്‍) മൗനം പാലിച്ചതായിരുന്നു മറ്റൊരു കൗതുകം. ബിഹാര്‍ മുഖ്യമന്ത്രിയുടെ പഴയ സഹപ്രവര്‍ത്തകരായ അവരും ഊഹാപോഹങ്ങൾ സൃഷ്ടിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിനുശേഷവും അധികാരം ലക്ഷ്യമിട്ട് ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഭരണകർത്താക്കളെ അസ്ഥിരപ്പെടുത്തുന്നതിനായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു എന്ന വിമർശനമാണ് പ്രതിപക്ഷനേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്. “എല്ലാ മോഷ്ടാക്കൾക്കും മോദി എന്ന സര്‍വനാമം എങ്ങനെ വരുന്നു”എന്ന പരാമർശത്തിനാണ് രാഹുലിനെ സഭയിൽനിന്ന് പുറത്താക്കുന്നത്. പ്രധാനമന്ത്രിക്കെതിരേയുള്ള കാഴ്ചപ്പാടുകൾ ശക്തമായി പ്രകടിപ്പിച്ചതിനാണ് മുതിർന്ന നേതാവിനെതിരേയുള്ള നടപടിയെന്നു ഭൂരിഭാഗവും കരുതുന്നു. പരാമർശത്തിന്റെ പേരിൽ ഭരണപക്ഷ ബെഞ്ച് രാഹുലിനെ നിരന്തരം ആക്രമിക്കുന്പോൾ നിലപാട് വിശദീകരിക്കുന്നതിന് അവസരം ലഭ്യമാക്കുക എന്നത് ലോക്സഭയിലെ കീഴ്വഴക്കമാണ്.
മറുപടിക്കായി സമയം തേടി രണ്ടുതവണ രാഹുൽ സ്പീക്കറെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. രാഹുലിനെപ്പോലൊരു നേതാവിനെ സഭയ്ക്കു പുറത്തു നിർത്തുന്നത് ആശ്ചര്യജനകമാണ്. പുറത്താക്കുകയാണെങ്കില്‍ തന്റെ ഭാഗം വിശദീകരിക്കുന്നതിനുള്ള അവസരം പോലും രാഹുലിന് ലഭിക്കില്ല. അതേസമയം ശിക്ഷാവിധിയിൽ സ്റ്റേ ലഭിക്കുകയും സഭയിൽ തുടരാനാകുകയും ചെയ്താൽ വലിയൊരു അവസരമായിരിക്കും അത്. ഗൗതം അദാനിക്ക് എങ്ങനെയാണ് 20,000 കോടി രൂപ ലഭിച്ചതെന്നും ആരാണ് അദ്ദേഹത്തെ സഹായിച്ചതെന്നും അറിയുകയാണ് തന്റെ ലക്ഷ്യമെന്ന് രാഹുൽ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.
ആശങ്കയില്ലാതെ രാഹുൽ
“സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം. അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം’’ എന്ന ഗാന്ധിസൂക്തമായിരുന്നു, നാലുതവണ എംപിയായ 52 കാരനായ രാഹുല്‍ഗാന്ധി കോടതിവിധിയോടു പ്രതികരിക്കാൻ ഉപയോഗിച്ചത്. വരുംവരായ്കകളെക്കുറിച്ചോ സഭയിലെ അംഗത്വത്തെക്കുറിച്ചോ ആശങ്കയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അധികാരത്തിലിരുന്ന ആളല്ല എന്നതിനാൽ ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തുവെന്ന ആരോപണം രാഹുലിനെ ബാധിക്കുകയേ ഇല്ല എന്നതാണ് ഇതിലെ വസ്തുത. മാത്രമല്ല ഏറെ വ്യത്യസ്തനാണ് അദ്ദേഹം. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ ഒരിക്കല്‍ ത്യജിച്ച കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി വീണ്ടും സ്വീകരിക്കാന്‍ അദ്ദേഹം വൈമനസ്യം കാണിക്കുന്നു.
അതിനുമുപരിയായി, ജനക്കൂട്ടത്തിനൊപ്പം നീങ്ങാനാകുമെന്ന് ഭാരത് ജോഡോ യാത്രയിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്തു.
കന്യാകുമാരിയില്‍നിന്നു കാഷ്മീര്‍ വരെ സാധാരണക്കാര്‍ക്കൊപ്പം കാല്‍നടയായി സഞ്ചരിക്കാന്‍ കഴിയുന്ന ചുരുക്കംചില നേതാക്കളിലൊരാളാണ് രാഹുൽ. തുടക്കത്തിൽ ചില പരാമർശങ്ങൾ പ്രചോദനപ്രദമായിരുന്നില്ല, എങ്കിലും ഏറെ സ്വീകാര്യനായി രാഹുൽ മാറുകയായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ അഭിപ്രായവ്യത്യാസം പരിഗണിച്ച് നേതൃത്വത്തിലും പരിഗണിക്കപ്പെടാവുന്നയാളായി രാഹുൽ മാറി. എല്ലാവരിലും മികച്ചയാളാണു രാഹുൽ എന്നല്ല, മറിച്ച് നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ വലിയ ഭിന്നതയുണ്ടെങ്കിൽ ഒത്തുതീർപ്പ് സ്ഥാനാർഥിയായി അദ്ദേഹത്തെ ഉപയോഗിക്കാവുന്നതാണ്. മറ്റൊരുതരത്തിൽ നോക്കിയാൽ കോടതിവിധിക്കെതിരേ സ്റ്റേ ലഭിക്കാതിരിക്കുകയും എട്ടുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ വിലക്കു വരികയും ചെയ്താൽ രാഹുലിനും പാർട്ടിക്കും കനത്ത തിരിച്ചടിയാകും അത്.
ഇതിൽ അസാധാരണമായി ചല വസ്തുതകൾകൂടിയുണ്ട്. അപകീര്‍ത്തികരമെന്നു പറയപ്പെടുന്ന ഒരു തെരഞ്ഞെടുപ്പു പ്രസംഗത്തിന്റെ പേരിലാണു രാഹുൽ ശിക്ഷിക്കപ്പെടുന്നത്. രണ്ടു വര്‍ഷത്തെ തടവും ലോക്സഭാംഗത്വത്തിനു വിലക്കും ഉള്ളതരം അപകീർത്തിപരാമർശങ്ങൾ ഏറെയില്ലെന്നാണു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുപോലെ ‘മോദി’ എന്ന പരാമര്‍ശത്തെ ബിജെപി അധ്യക്ഷന്‍ ജാതീയമായാണു വ്യാഖ്യാനിച്ചിരിക്കുന്നത്. കൂടുതൽ പഠനവും വസ്തുതാശേഖരണവും ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായൊരു പ്രചാരണായുധമായി വരെ ഇതിനെ മാറ്റാനാകും.
പ്രതിപക്ഷത്തിന് ഒന്നും എളുപ്പമാവില്ല
എന്തായാലും ലോക്സഭാ തെരഞ്ഞെടുപ്പ് എത്തുന്പോഴെങ്കിലും പ്രതിപക്ഷം ഒന്നിക്കുമോ എന്നത് ഉറപ്പിക്കാനാവില്ല. എന്നാൽ ഇപ്പോഴത്തെ എൻഡിഎ ഭരണവും ഈ രീതികളും തുടർന്നാൽ പ്രതിപക്ഷ കക്ഷികൾ ഒട്ടേറെ വെല്ലുവിളികളെയും തടസങ്ങളെയും അഭിമുഖീകരിക്കേണ്ടിവരും. പല മേഖലകളിലും ജനാധിപത്യക്രമം ദുർബലമാണ്. മാധ്യമസ്വാതന്ത്ര്യവും ഫലപ്രദമല്ല. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുന്നവരും കുഴപ്പത്തിലാകും. പ്രതിപക്ഷത്തെ സംബന്ധിച്ചാണെങ്കിൽ പരസ്പരം പോരടിക്കുന്നതിനൊപ്പം എൻഡിഎക്കെതിരേ യുദ്ധംചെയ്യുക എന്നത് അത്ര എളുപ്പമല്ല.
കാര്യപ്രാപ്തിയും ആശയവിനിമയപാടവവുമുള്ള നരേന്ദ്ര മോദിയെപ്പോലൊരു നേതാവും വലിയ തോതിൽ സന്പത്തുമുള്ള ഒരു ദേശീയപാർട്ടിക്കെതിരേ പരിമിതമായ സ്വാധീനമേഖലയിൽ തുടരുന്ന പ്രാദേശികപാർട്ടികൾ പോരാടുക എന്നത് അപ്രായോഗികമാണ്. എന്നാൽ ഇപ്പോൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടണമെങ്കിൽ പൊതുവായി കാര്യപരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ഐക്യമുന്നണിയെന്നതാണു പ്രതിപക്ഷത്തെ ചിലരുടെയെങ്കിലും വികാരം എന്നതു വ്യക്തമാണ്.
ഉളളതു പറഞ്ഞാൽ / ഗോപാലകൃഷ്ണൻ