താളം തെറ്റിയ മാലിന്യ സംസ്കരണം
Thursday, March 16, 2023 2:42 AM IST
പ്രഫ. ഡോ. സാബു ജോസഫ്
ബ്രഹ്മപുരത്തെ മാലിന്യങ്ങൾക്കു തീപിടിച്ചതിലൂടെ കൊച്ചിയുടെ വായുവും ജലവും മണ്ണും മലിനീകരിക്കപ്പെട്ടു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഗുരുതരമായ പ്രയാസങ്ങൾ നേരിടുന്നു. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റ് തികച്ചും അപര്യാപ്തമാണെന്നും കേന്ദ്ര മലിനീകരണ ബോർഡിന്റെ നിർദേശങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഹൈക്കോടതി നിയമിച്ച ഉന്നതതല സമിതി കണ്ടെത്തിയിരിക്കുന്നു. കൊച്ചിയിൽ ഇനിയെന്ത് എന്ന ചോദ്യം കേരളത്തിലെ ഓരോ സാധാരണക്കാരന്റെ ശബ്ദമായി മുഴങ്ങുന്നു.
നമുക്കു വേണ്ടത്
മാലിന്യ പരിപാലനം ഒരു ആഗോള പ്രശ്നമാണെങ്കിലും ഇന്ത്യയിൽ കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും മാലിന്യപരിപാലനം വളരെ പിന്നിലാണ്. കേരളത്തിന്റെ പിന്നിലായി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മാത്രമാണ്. കേരളത്തിൽ മാലിന്യ സംസ്കരണം ഒറ്റപ്പെട്ട അവസ്ഥയിൽ അങ്ങിങ്ങായി നടക്കുന്നു. മാലിന്യ സംസ്കരണത്തിൽ പൊതുജനാരോഗ്യം, സംരക്ഷണം, പരിസ്ഥിതി എന്നിവയെ മികച്ച രീതിയിൽ നിലനിർത്തുന്ന തരത്തിലുള്ള ഖരമാലിന്യ പരിപാലനം നടപ്പിലാക്കണം. അത് പ്രദേശത്തെ ഭൂപ്രകൃതി, ജനസാന്ദ്രത, കാലാവസ്ഥ, മുതലായവ മനസിലാക്കി അനുകൂലവും ഫലപ്രദവും കാര്യക്ഷമവും ചെലവു കുറഞ്ഞതുമായ പരിപാലന രീതികൾ തിരഞ്ഞെടുക്കണം.
കേരളത്തിലെ മാലിന്യങ്ങളുടെ പഠനങ്ങൾ വ്യക്തമാക്കുന്നത് 49 ശതമാനം ഖരമാലിന്യങ്ങൾ ഗാർഹിക മേഖലയിൽ നിന്നുള്ളതാണെന്നാണ്. അതിൽ 77 ശതമാനം ജീർണാവസ്ഥയിലുള്ളതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് മാലിന്യങ്ങൾ ശേഖരിച്ച് പരിപാലിച്ചു നീക്കാൻ അധികാരം. അതിൻപ്രകാരം, ഉത്പാദനസ്ഥലത്തുതന്നെ ജൈവ, അജൈവ മാലിന്യങ്ങളെ വേർതിരിക്കണം. ജൈവ ഖരമാലിന്യങ്ങളുടെ പരിപാലനത്തിന് കമ്പോസ്റ്റിങ്, ബയോമെത്തിനേഷൻ ആണ് ഏറ്റവും അനുയോജ്യം. അജീർണമായ ഖരമാലിന്യങ്ങൾ ശേഖരിച്ച് പുനഃചക്രമണം ചെയ്യാവുന്നതാണ്. കേന്ദ്രീകൃതമായോ വികേന്ദ്രീകൃതമായോ അല്ലെങ്കിൽ രണ്ടുംകൂടി ചേർന്നോ ഇത് ചെയ്യാവുന്നതാണ്.
ആശങ്കയൊഴിയാതെ കൊച്ചി
അനിയന്ത്രിതമായ നഗരവത്്കരണത്തിലൂടെ അതിവേഗം വളരുന്ന നഗരമാണ് കൊച്ചി. 2011ലെ സെൻസസ് പ്രകാരം 20 ലക്ഷം ജനത കൊച്ചിയിലുണ്ട്. ഖരമാലിന്യ പരിപാലനം രണ്ടു പതിറ്റാണ്ടുകളായി കൊച്ചിയെ അലട്ടുന്നു. കണക്കുകൾ പ്രകാരം കൊച്ചി നഗരത്തിൽ ഒരു ദിവസം ഏകദേശം 380 ടൺ ഖരമാലിന്യം ഉത്പാദിപ്പിക്കുന്നു. അതിൽ 150 ടൺ ജൈവമാലിന്യങ്ങളാണ്, 100 ടൺ പ്ലാസ്റ്റിക്കും. ശരാശരി ഒരാൾ ഒരു ദിവസം 480 ഗ്രാം ഖരമാലിന്യം ഉത്പാദിപ്പിക്കുന്നു. ഒരു കേന്ദ്രീകൃത മാലിന്യപരിപാലനംകൊണ്ട് ഇവിടത്തെ പ്രശ്നം തീരില്ല എന്നതാണ് വാസ്തവം.
കൊച്ചിയിലെ ബ്രഹ്മപുരം പ്രോജക്ട് ചിത്രപുഴയ്ക്കും കടമ്പ്രയാറിനും സമീപത്താണ്. ഏകദേശം 106 ഏക്കർ പ്രദേശം. ഇത് ഒരു പഴയ ചതുപ്പുനിലവും പരിസ്ഥിതിലോല പ്രദേശവുമാണ്. കേരളത്തിന്റെ പ്രശസ്തമായ വികസന പ്രോജക്ടുകൾ ആയ സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക്, കൊച്ചി മെട്രോ ഒക്കെ ഇതിന്റെ അടുത്താണ്. പഴയ കണക്കുകൾ പ്രകാരം കോർപറേഷൻ വീടുകളിൽനിന്ന് ജൈവമാലിന്യങ്ങൾ ഒരു കിലോയ്ക്ക് മൂന്നു രൂപ, കോഴിമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഒരു കിലോയ്ക്ക് അഞ്ചു രൂപ നിരക്കിൽ ശേഖരിക്കുന്നു. ശരാശരി 220 ടൺ ജൈവമാലിന്യങ്ങളും 72 ടൺ അജൈവ മാലിന്യങ്ങളും ദിവസംതോറും ബ്രഹ്മപുരത്ത് എത്തുന്നു. സമീപത്തുള്ള മറ്റു മുനിസിപ്പാലിറ്റികളായ അങ്കമാലി, ആലുവ, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തറ തുടങ്ങിയവയിൽനിന്നും ഇവിടേക്ക് മാലിന്യങ്ങൾ കൊണ്ടുവരുന്നുണ്ട്.
ഈ പ്ലാന്റിൽ ജൈവമാലിന്യങ്ങൾ മാത്രമേ പരിപാലിക്കുന്നുള്ളൂ. അജൈവമാലിന്യങ്ങൾ പ്ലാന്റിന്റെ പുറത്ത് അശാസ്ത്രീയമായ രീതിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇതാണ് മാലിന്യമലയായി പലപ്പോഴായി തീപിടിക്കുന്നത്. വേനൽക്കാലത്ത് ഈ മാലിന്യമല ചൂടായി കിടക്കും. അടിയിൽനിന്ന് മുകളിലേക്ക് വരുന്ന മീഥൈൻ ഗ്യാസ് ചൂടുകൂടുന്ന സാഹചര്യത്തിൽ കത്തുന്ന പ്രതിഭാസം സംഭവിക്കുന്നുണ്ട്.മാലിന്യത്തിൽ ജലാംശം കൂടുതലുള്ളതുകൊണ്ടും, അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ളതുകൊണ്ടും വളരെ കൂടുതൽ കറുത്ത നിറത്തിലുള്ള മലിനജലം അഥവാ ലീച്ചേറ്റ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. അങ്ങനെ ഉപരിതല ജലവും ഭൂഗർഭ ജലവും ഇവിടെ മലിനപ്പെടുന്നു. ഇതിനെ ശുദ്ധീകരിക്കാനുള്ള നൂതന പരിസ്ഥിതി സൗഹാർദ മാർഗങ്ങൾ കേരളത്തിലെതന്നെ പല ഗവേഷണശാലകളിലും യൂണിവേഴ്സിറ്റികളിലും രൂപപെടുത്തിയിട്ടുണ്ട്. ഏറ്റവും അനുയോജ്യമായവ ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
കേരളത്തിൽ ചെയ്യേണ്ടത്
ഖരമാലിന്യ പരിപാലനം കേന്ദ്രീകൃതമായോ വികേന്ദ്രീകൃതമായോ അല്ലെങ്കിൽ രണ്ടും കൂടി ചേർന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെയ്യാവുന്നതാണ്. ബ്രഹ്മപുരം പോലുള്ള വലിയ പ്ലാന്റുകളിലേക്കു പോകാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്നിൽ കൂടുതൽ ചെറുപ്ലാന്റുകൾ പരീക്ഷിക്കാവുന്നതാണ്. കേരളത്തിന് ഇതാണ് കൂടുതൽ അഭിലഷണീയം.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ അനുസരിച്ച് റിമോട്ട് സെൻസിംഗ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതിനനുയോജ്യമായ സ്ഥലം കണ്ടെത്താവുന്നതാണ്. ഈ പ്ലാന്റുകളുടെ തുടർനിരീക്ഷണത്തിന് അടുത്തുള്ള കോളജ്, യൂണിവേഴ്സിറ്റിയിലെ അധ്യാപകരുടെ സേവനം ലഭ്യമാക്കുക. ഓരോ വർഷവും വിദ്യാർഥികളുടെ പ്രോജെക്ടുകൾ ഇവിടെ ചെയ്യുന്നത് ഇതിന്റെ പരിസ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കും. അതോടൊപ്പം, ഉറവിടമാലിന്യ സംസ്കരണത്തെപ്പറ്റി പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തേണ്ടതുണ്ട്. തിരുവനന്തപുരം ടെക്നോപാർക്കിലെ ഖരമാലിന്യ പരിപാലനം നല്ലൊരു റോൾ മോഡൽ ആണ്.
കൊച്ചിയിൽ ചെയ്യേണ്ടത്
സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കൊച്ചിയിലെ ജനങ്ങൾക്ക് മാലിന്യ സംസ്കരണത്തിൽ കുറേക്കൂടി ജാഗ്രതയും ശ്രദ്ധയും അവബോധവും അത്യാവശ്യമാണ്. തിരുവനന്തപുരത്തും ആലപ്പുഴയിലും വിജയിപ്പിച്ച വികേന്ദ്രീകൃത മോഡലുകൾ കൊച്ചിയിലും പരീക്ഷിക്കാവുന്നതാണ്. ബ്രഹ്മപുരത്തെ പ്ലാന്റിലേക്കു കൊണ്ടുവരുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയാണ് പരമപ്രധാനം. അതിനു കൊച്ചിയിലെ ജനങ്ങളുടെ സഹകരണത്തോടെ വിവിധ മാർഗങ്ങൾ ഉചിതമായ രീതിയിൽ സ്വീകരിക്കാവുന്നതാണ്. അതിലൊന്ന്, കൊച്ചിയുടെ വിവിധ വാർഡുകളിലായി ഒന്നിൽ കൂടുതൽ ചെറുപ്ലാന്റുകൾ പരീക്ഷിക്കുക എന്നതാണ്.
എല്ലാ ഫ്ലാറ്റുകളും കമ്യൂണിറ്റികളും ഹോട്ടലുകളും ആശുപത്രികളും മാലിന്യം ഉറവിടത്തിൽത്തന്നെ വേർതിരിക്കുന്നതിനാൽ വൃത്തിയുള്ളതും ഉണങ്ങിയതുമായ പ്ലാസ്റ്റിക്കും പേപ്പറുകളും ഹരിതകർമസേനയെപ്പോലുള്ള അംഗീകൃത കളക്ടർമാർക്ക് നൽകാനും അവർ അത് റിസൈക്ലിംഗ് യൂണിറ്റുകൾക്കും റിസൈക്കിൾ ചെയ്യാത്തവ ക്ലീൻ കേരള കമ്പനിക്കും കൈമാറാനും കഴിയും. പെരുമ്പാവൂരിനടുത്ത് നിരവധി പ്ലാസ്റ്റിക് റിസൈക്ലിംഗ് യൂണിറ്റുകളുണ്ട്. അവരുടെ ‘പ്രിയ’ എന്ന സംഘടന കൊച്ചിയിലെ നിരവധി സൈറ്റുകളിൽ വന്ന് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ എടുക്കാൻ തയാറാണ്. ബാക്കിയുള്ളവ ക്ലീൻ കേരള കമ്പനി വഴി സിമന്റ് പ്ലാന്റിലോ റോഡ് ടാറിംഗിലോ ഉപയോഗിക്കാം.
അതുപോലെ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ, ആശുപത്രികൾ എന്നിവയ്ക്ക് ബയോഡിഗ്രേഡബിൾ ബയോബിനുകൾ, എയ്റോബിൻസ്, ബയോഗ്യാസ് പ്ലാന്റുകൾ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ നൽകണം. നിലവിൽ ക്രെഡായിയുടെയും അംഗീകൃത ഏജൻസികളുടെയും ഉടമസ്ഥതയിലുള്ള കൊച്ചിയിലെ വൻകിട ഫ്ലാറ്റുകൾക്ക് ഇത്തരം സൗകര്യം നിലവിലുണ്ട്. ഇടത്തരം, ചെറുകിട ഫ്ലാറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കാം. കേരളാ ഗവണ്മെന്റിന്റെ കീഴിലുള്ള ശുചിത്വ മിഷൻ ലൈസൻസ് കൊടുത്തിരിക്കുന്ന ധാരാളം സേവനദാതാക്കൾ ഇപ്പോൾ എല്ലാ ജില്ലകളിലുമുണ്ട്. അവരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
മാലിന്യ സംസ്കരണത്തിന് ഇടമില്ലാത്ത ഹോട്ടലുകൾക്കു സമാനമായ സൗകര്യം ഒരുക്കുന്നതിനുള്ള സ്ഥലം അവരുടെ അസോസിയേഷൻ കണ്ടെത്തണം. കമ്യൂണിറ്റി പോലെയുള്ള ഇടങ്ങളിൽ ബിപിഎൽ കുടുംബത്തിൽനിന്നുള്ള ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പങ്കാളിത്ത രീതിയിൽ എയ്റോബിൻസ്, ബയോബിനുകൾ തുടങ്ങിയ കമ്പോസ്റ്റിംഗ് നൽകാം. അവർക്കു വേണ്ട പരിശീലനം നൽകിയാൽ മതി. കളമശേരി, ആലുവ എന്നിവിടങ്ങളിൽ ചെയ്യുന്നതുപോലെ ഉപയോഗശൂന്യമായ സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ KEIL നിർമിച്ച സാധാരണ ബയോമെഡിക്കൽവേസ്റ്റ് ഇൻസിനറേറ്ററിലേക്ക് കൊണ്ടുപോകാവുന്നതാണ്. ഒരിക്കലും അവ ബ്രഹ്മപുരത്ത് എത്താൻ ഇടയാകരുത്.
അറവുശാലകളിൽനിന്നുള്ള മാലിന്യങ്ങൾ, പ്രത്യേകിച്ച് കോഴി അവശിഷ്ടങ്ങൾ സംസ്കരിച്ച് മൃഗത്തീറ്റയായി ഉപയോഗിക്കാൻ റെൻഡറിങ് പ്ലാന്റിലൂടെ സാധിക്കും. എല്ലാ കോഴിമാലിന്യങ്ങളും ശേഖരിച്ച് റെൻഡറിംഗ് പ്ലാന്റിലേക്ക് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കുക. വൃത്തിയുള്ളതും, ഉണങ്ങിയതുമായ പ്ലാസ്റ്റിക്, പേപ്പർ, ചപ്പൽ, ബാഗുകൾ മുതലായവ വേർതിരിച്ച് ഉറവിടത്തിൽ തന്നെ അംഗീകൃത കളക്ടർമാർക്ക് കൈമാറാൻ കഴിയുന്ന തരത്തിൽ ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തേണ്ടതുണ്ട്. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, എൻജിഒകൾ തുടങ്ങിയവ വഴി ബോധവത്കരണം നടത്തണം.
താരതമേന്യ കുറഞ്ഞ അളവിൽ ഉത്പാദിപ്പിക്കുന്ന മലിനജലം തോട്ടിലേക്കോ ജലാശയത്തിലേക്കോ നേരിട്ട് ഒഴുക്കുന്നതിനു പകരം താരതമ്യേന ചെലവ് കുറഞ്ഞ ചെടികൾ ഉപയോഗിച്ചുള്ള കൺസ്ട്രക്ടഡ് വെറ്റലാൻഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശുദ്ധീകരിച്ചതിനു ശേഷം ഒഴുക്കുന്നതാണ് അഭിലഷണീയം.
ഇങ്ങനെ വിവിധ പ്രകൃതിസൗഹൃദ മാലിന്യ നിർമാർജന പദ്ധതികൾ കൊച്ചിയുടെ വിവിധ തലങ്ങളിൽ കൊച്ചിയിലെ ജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിലൂടെ ബ്രഹ്മപുരത്തേക്കുള്ള ലോഡ് കുറയ്ക്കുകയും അതിലൂടെ കൊച്ചിയെ മാലിന്യ പരിസ്ഥിതി ദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യാം.
(കേരള യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എർത്ത് സിസ്റ്റം സയൻസ് ഡയറക്ടറാണ് ലേഖകൻ)