ജെൻഡർ ആശയപ്രചാരണത്തിനു പിന്നിൽ...
Wednesday, March 15, 2023 1:11 AM IST
ഫാ. ടോം കൈനിക്കര
സ്ത്രീ-പുരുഷൻ, അപ്പൻ-അമ്മ, സഹോദരൻ-സഹോദരി, മകൻ-മകൾ തുടങ്ങിയ മനുഷ്യജീവിതത്തിലെ വ്യത്യസ്ത ഭാവങ്ങൾ പുതിയ കാലഘട്ടത്തിൽ വലിയ ലിംഗവിവേചനത്തിനു കാരണമാകുന്നോ? ഒരു കുഞ്ഞു ജനിക്കുന്പോൾ കുട്ടി ആണോ പെണ്ണോ എന്നു ഡോക്ടർ പറയുന്നത് ആണായും പെണ്ണായും തോന്നാത്തവർക്കെതിരേയുള്ള വിവേചനമാണോ? പൊതു ഇടങ്ങളിൽ ആണിനും പെണ്ണിനും പ്രത്യേകം ടോയ്ലറ്റുകൾ, വാഹനങ്ങളിൽ പ്രത്യേകം ഇരിപ്പിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലത്തും പ്രത്യേക യൂണിഫോമുകൾ തുടങ്ങിയവയെല്ലാം വലിയ ലിംഗസമത്വത്തിന്റെയും വിവേചനത്തിന്റെയും ഭാഗമാണോ? അങ്ങനെയാണെന്നു തന്നെയാണ് അടുത്തകാലത്തെ ചില മാധ്യമചർച്ചകളിലും LGBTQ സംഘടനകളുടെ ആശയപ്രചാരണങ്ങളിലും ‘പുരോഗമന-നവോത്ഥാന’ ചിന്തകളിലും പ്രകടമായി തെളിയുന്നത്.
അതേസമയം സമൂഹത്തിലെ പുരുഷാധിപത്യം, സ്ത്രീകൾക്കെതിരേയുള്ള വിവേചനം, തൊഴിലിടങ്ങളിലും വേതനത്തിലും സ്വത്ത് സന്പാദനത്തിലും എല്ലാം സ്ത്രീകൾ നേരിടുന്ന അസമത്വവും വേർതിരിവും എന്നിവയെല്ലാം പണ്ടുമുതലേ നിലനിൽക്കുന്ന യാഥാർഥ്യങ്ങളാണ്. എന്നാൽ കാലം പുരോഗമിച്ചതിനാലും കൂടുതൽ അറിവും വിദ്യാഭ്യാസവും എല്ലാ മേഖലയിലും തുല്യമായി ലഭ്യമായതിനാലും ഇത്തരം വിവേചനങ്ങൾ ഏറെയും മാറിയിട്ടുണ്ട്. കുറെയൊക്കെ മാറ്റത്തിന്റെ പാതയിലുമാണ്.
നിർഭാഗ്യവശാൽ ഇത്തരം വിവേചനത്തിന്റെ മറപിടിച്ച് മനുഷ്യവർഗത്തിന്റെ അടിസ്ഥാന പ്രത്യേകതയായ ആണ്-പെണ് വ്യത്യാസംതന്നെ വിവേചനമാണെന്നും അത്തരം വ്യത്യാസങ്ങൾ ശരീരത്തിലോ മനസിലോ ലൈംഗികാഭിമുഖ്യത്തിലോ ആണായോ പെണ്ണായോ കൃത്യമായി തോന്നാത്ത ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അനീതിയാണെന്നുമാണ് പ്രധാന വാദം.
സ്വവർഗവിവാഹത്തെ സംബന്ധിച്ചുണ്ടായ ചർച്ചകളിൽ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ കുടുംബത്തിന്റെയും വിവാഹത്തിന്റെയും അന്തസ് ഉയർത്തിപ്പിടിച്ച് സത്യവാങ്മൂലം നൽകിയെങ്കിലും സ്വവർഗവിവാഹത്തെ അനുകൂലിക്കുന്ന സംഘടനകളും നിയമജ്ഞരും ചില ഭരണഘടനാ സ്ഥാപനങ്ങളും സമൂഹത്തിലും കുടുംബങ്ങളിലും കുഞ്ഞുങ്ങളുടെ വളർച്ചയിലും അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ തിരിച്ചറിയുന്നില്ല. എല്ലാത്തരത്തിലുമുള്ള തോന്നലുകളും ലൈംഗികാകർഷണവും മൗലികാവകാശവും സ്വകാര്യതയുടെ ഭാഗവുമാണെന്നാണ് അവർ പറയാതെ പറയുന്നത്. ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുന്ന ഈ വിഷയത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ വാദങ്ങൾ പ്രതീക്ഷിക്കാം.
ഇത്തരം വാദങ്ങളുടെ പശ്ചാത്തലത്തിലാണ് അടുത്തകാലത്തായി ലിംഗം, ജെൻഡർ, ജെൻഡർ ന്യൂട്രാലിറ്റി, ജെൻഡർ തിയറി, ജെൻഡർ സ്പെക്ട്രം, ലിംഗസമത്വം, ലിംഗവിവേചനം, സ്വവർഗ വിവാഹം തുടങ്ങിയ സങ്കല്പങ്ങൾക്കും ചർച്ചകൾക്കും കൂടുതൽ പ്രചാരം കിട്ടിയത്. ഈ വിഷയങ്ങൾ കൃത്യമായി മനസിലാകണമെങ്കിൽ മേല്പറഞ്ഞ ആശയങ്ങളുടെയെല്ലാം കൃത്യമായ അർഥം അറിഞ്ഞിരിക്കണം.
ലിംഗവ്യത്യാസം
മനുഷ്യൻ ഒരു പ്രത്യേക വർഗമാണെന്നും ആ വർഗത്തിൽ ആണും പെണ്ണും ഉണ്ടെന്നുമുള്ളത് എല്ലാവരും സമ്മതിക്കും. കാരണം, അതു ജീവശാസ്ത്രപരമായി തെളിയിക്കാനാവും. XX ക്രോമോസോം പെണ്ണിനും XY ക്രോമോസോം ആണിനും ഉള്ളതിനാൽ അതനുസരിച്ചുള്ള ശാരീരിക പ്രത്യേകതകൾ ഇരുവിഭാഗങ്ങൾക്കുമുണ്ട്. ജീവശാസ്ത്രപരമായി പറഞ്ഞാൽ, മനുഷ്യൻ ആണും പെണ്ണും ആയിരിക്കുന്നതിന്റെ ഒരു പ്രധാന ഉദ്ദേശ്യം മറ്റു ജന്തുക്കളെപ്പോലെ പരസ്പരം ഒന്നാകാനും പ്രത്യുത്പാദനത്തിലൂടെ ആ വർഗം നിലനിൽക്കാനുമാണ്. അതിനുവേണ്ടിയുള്ള ശാരീരിക പ്രത്യേകതകളും ലിംഗവ്യത്യാസവും ലൈംഗികാകർഷണവും മനുഷ്യന്റെ ജനിതകഘടനയിൽ തന്നെയുള്ളതാണ്.
ഈ വ്യത്യാസങ്ങൾ പ്രത്യേകമായ രീതിയിൽ ഓരോരുത്തരും വ്യക്തിപരമായി തെരഞ്ഞെടുക്കുന്നതോ വികസിപ്പിച്ചെടുക്കുന്നതോ അല്ല. ഇതു മനുഷ്യശരീരത്തിൽ നമുക്കു മനസിലാക്കാനും അനുഭവിക്കാനും സാധിക്കുന്ന വസ്തുനിഷ്ഠമായ യാഥാർഥ്യങ്ങളാണ്. അതേസമയം, മനുഷ്യൻ ശരീരം മാത്രമുള്ള ജീവിയല്ല. മനുഷ്യന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ ശരീരത്തോടൊപ്പം മറ്റു ഘടകങ്ങളുണ്ട്. എന്നാൽ ഈ ക്രോമോസോമിലും ലൈംഗികാകർഷണത്തിലും ശരീരത്തിലെ ലിംഗവ്യത്യാസം അംഗീകരിക്കുന്നതിലും ചില ആളുകൾക്കു പോരായ്മകളും വ്യത്യാസങ്ങളും അനുഭവപ്പെടും.
ശരീരം എന്ന സത്യം
മനുഷ്യവ്യക്തിയെന്നാൽ ശരീരവും മനസും ആത്മാവും ബുദ്ധിയും സവിശേഷമായ രീതിയിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഒരു ജീവിയാണെന്നു പറയാം. എല്ലാ ഘടകങ്ങളും കൃത്യമായ ക്രമത്തിൽ പ്രവർത്തിക്കുന്പോൾ ഒരു സമഗ്രവ്യക്തിത്വം എന്നു വിളിക്കാം. ഇവയ്ക്കു പരസ്പരം പൊരുത്തമില്ലെങ്കിൽ ക്രമരഹിത വ്യക്തിത്വമാകും. യുക്തിക്കോ മനസിനോ ശരീരത്തിനോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം ആ വ്യക്തിയെ മുഴുവനായും ബാധിക്കും. ശരീരം എന്നത് നൽകപ്പെടുന്നതാണ്. ഒരാളുടെ ജന്മംകൊണ്ടു ലഭിക്കുന്നതാണ്. മനസ് ആ ശരീരത്തിലെ വ്യക്തിപരമായ യാഥാർഥ്യമാണ്. ശരീരത്തിലാണ് ഒരു വ്യക്തി പ്രത്യക്ഷനാകുന്നത്. Body reveals the person എന്നു പറയാറുണ്ടല്ലോ.
വ്യക്തിത്വത്തിന്റെ അവിഭാജ്യഘടകമാണ് ശരീരം. ശരീരം ഇല്ലാതായാൽ ഒരാളുടെ വ്യക്തിത്വം ഇല്ലാതാകും. വ്യക്തി അപ്രത്യക്ഷമാകും. ശരീരത്തിലുണ്ടാകുന്ന രോഗങ്ങളും കുറവുകളും പരിഹരിച്ചും ചികിത്സിച്ചുമാണ് വ്യക്തിയുടെ ശാരീരിക ആരോഗ്യം നിലനിർത്തുന്നത്. അതേസമയം മനസ് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. സാഹചര്യമനുസരിച്ച് മനസ് വ്യത്യസ്തമായ രീതിയിൽ അനുഭവപ്പെടും. മനുഷ്യനിലെ ശരീരവും മനസും ആത്മാവും തമ്മിലുള്ള ഐക്യവും ബന്ധവും മനുഷ്യന്റെ സമഗ്രമായ ക്ഷേമത്തിനാവശ്യമാണ്. ഈ ഘടകങ്ങളെല്ലാം തമ്മിലുള്ള ഒരു സമന്വയമാണ് മനുഷ്യനെന്ന സത്യം.
ഫ്രാൻസിസ് പാപ്പാ പറയുന്നതുപോലെ, ശരീരത്തെ ദൈവത്തിന്റെ ഒരു ദാനമായി സ്വീകരിച്ചാൽ മാത്രമേ ലോകത്തെയും സഹജീവികളെയും അതേ രീതിയിൽ സ്വീകരിക്കാൻ സാധിക്കൂ. എന്നാൽ പുതിയ വാദമനുസരിച്ച് ഒരാൾക്ക് ശരീരത്തിൽ പുരുഷനും മനസിൽ സ്ത്രീയുമായി തോന്നിയാൽ മനസിനെ മാറ്റാൻ പറ്റാത്തതിനാൽ ശരീരത്തെ മാറ്റാനും മനസിനനുസരിച്ചുള്ള വ്യക്തിയാകാനും സാധിക്കുന്നതാണ്. മനസ് പക്വത പ്രാപിക്കുന്നതിനു മുന്പുതന്നെ ശരീരമുണ്ട്. ഒരു മനുഷ്യന്റെ തുടക്കം മുതൽത്തന്നെ ഉറപ്പായും ഉണ്ടെന്നു പറയാവുന്ന സംഗതിയാണ് ശരീരം. ആദിമുതലേ ഉണ്ടായിരുന്ന ശരീരം തന്റേതല്ല എന്നും അതു നശിപ്പിച്ചാലേ തന്റെ യഥാർഥ വ്യക്തിത്വം വീണ്ടെടുക്കാൻ പറ്റൂ എന്നും പറയുന്നതിൽ എന്തു യുക്തിയാണുള്ളത്? യഥാർഥ ശരീരത്തെ നശിപ്പിച്ചിട്ട് മനസിനനുസരിച്ചുള്ള ശരീരത്തിലൂടെ എല്ലാം ശരിയാക്കാം എന്നത് മിഥ്യാധാരണയാണ്.
ജെൻഡർ അഥവാ ലിംഗപദവി
ഏതാണ്ട് പതിനഞ്ചാം നൂറ്റാണ്ടു മുതൽ അടുത്തകാലംവരെയും സെക്സും ജെൻഡറും പലപ്പോഴും മനുഷ്യൻ ആണോ പെണ്ണോ എന്നതിനെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ സെക്സ് എന്നാൽ സ്ത്രീ-പുരുഷ ബന്ധത്തെ സൂചിപ്പിക്കുന്ന പദമാവുകയും ജെൻഡറിന് പുതിയൊരു അർഥം കൈവരുകയും ചെയ്തു. സമൂഹത്തിലും സംസ്കാരത്തിലും പുരുഷനായും സ്ത്രീയായും ഒരാളുടെ പെരുമാറ്റത്തെയും ചെയ്യേണ്ട കടമകളെയും സൂചിപ്പിക്കാൻ ജെൻഡർ ഉപയോഗിച്ചു തുടങ്ങി. സമൂഹത്തിൽ ആണും പെണ്ണും ചെയ്യേണ്ട ജോലികൾ, ധരിക്കേണ്ട വസ്ത്രങ്ങൾ ഇതെല്ലാം സൂചിപ്പിക്കാൻ ജെൻഡർ (Gender role, gender specific clothing) എന്ന വാക്കുപയോഗിച്ചു. അടുത്ത നാളുകളിലാണ് ജെൻഡറിന് പുതിയൊരു അർഥം കൈവന്നത്. ഒരാൾക്ക് തന്റെ പുരുഷത്വത്തെക്കുറിച്ചോ സ്ത്രീത്വത്തെക്കുറിച്ചോ തന്റെ ശാരീരിക ലിംഗത്തിനപ്പുറം മനസിൽ തോന്നുന്ന അവബോധത്തെയും അതിന്റെ പ്രകടനത്തെയും സൂചിപ്പിക്കാനും ഇപ്പോൾ ജെൻഡർ എന്ന പദം ഉപയോഗിച്ചുതുടങ്ങി.
പുതിയ നിർവചനമനുസരിച്ച് ശാരീരികമായുള്ള ഒരാളുടെ ലിംഗത്തെ സെക്സ് എന്നും അതിനെപ്പറ്റിയുള്ള അവബോധത്തെ അല്ലെങ്കിൽ മനസിൽ തോന്നുന്നതിനെ ജെൻഡർ എന്നും വ്യാഖ്യാനിക്കുന്നു. അങ്ങനെയെങ്കിൽ ശാരീരികമായി സ്ത്രീ ആയിരിക്കുന്ന ഒരാൾക്ക് തന്റെ ശാരീരിക ലിംഗത്തെ മനസിൽ അംഗീകരിക്കാൻ പറ്റാതെ എതിർലിംഗത്തിൽപ്പെട്ട ആളായി അല്ലെങ്കിൽ പുരുഷനായി തോന്നുന്നതാണ് അയാളുടെ ജെൻഡർ. അതുപോലെ ശാരീരികമായി പുരുഷ ലൈംഗിക അവയവങ്ങളുള്ള വ്യക്തിക്ക് മനസിൽ താൻ സ്ത്രീയായി തോന്നാം. ഇങ്ങനെ തോന്നുന്ന വ്യക്തികളെയാണ് പൊതുവെ ട്രാൻസ്ജെൻഡർ എന്നു വിളിക്കുന്നത്. ഈ അർഥത്തിൽ ജെൻഡർ ശരീരവുമായി ബന്ധമില്ലാതെ ഒരാളുടെ വ്യക്തിപരമായ അവബോധം, തോന്നൽ, വികാരം എന്നിവയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
ജെൻഡറിന്റെ മറ്റൊരു നിർവചനത്തിൽ പറയുന്നത്, സെക്സ് എന്നാൽ ഒരാളുടെ ശാരീരിക ലൈംഗികാവയവങ്ങളുടെ പ്രത്യേകതയനുസരിച്ച് ജന്മംകൊണ്ട് പുരുഷനോ സ്ത്രീയോ എന്നു നിർണയിക്കുന്നതും ജെൻഡർ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തിലും സ്വാധീനത്തിലും ഒരാളുടെ പെരുമാറ്റത്തിലൂടെയും പ്രകടനത്തിലൂടെയും അയാൾ സ്വയം വെളിപ്പെടുത്തുന്നതുമാണ് എന്നാണ്. ഇവിടെ പുരുഷന് സ്ത്രീയായും സ്ത്രീക്ക് പുരുഷനായും ശരീരത്തിൽനിന്ന് വ്യത്യസ്തമായി സ്വയം പ്രകടിപ്പിക്കാം. അങ്ങനെ ശരീരം എന്ന ഒരു യാഥാർഥ്യത്തെ വിസ്മരിച്ച് തോന്നലുകളുടെയും ആഭിമുഖ്യത്തിന്റെയും അടിസ്ഥാനത്തിൽ ധാരാളം ജെൻഡറുകൾ നിർണയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, Gender queer, multi gendered, agender, bigender, trigender, demigender, demifluid, demiflux, pangender etc. ഇത്തരം 72ലധികം ജെൻഡറുകൾ പേരുകൊണ്ട് നിർവചിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ധാരാളം ജെൻഡറുകളുണ്ട് എന്ന ആശയത്തെ പ്രകടിപ്പിക്കാനാണ് ജെൻഡർ സ്പെക്ട്രം എന്ന വാക്കുപയോഗിക്കുന്നത്.
അതേസമയം ധാരാളം എതിർപ്പുകളും ഇത്തരം വ്യാഖ്യാനങ്ങളിലെ പൊള്ളത്തരങ്ങളും വിശദമാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു കാര്യം സത്യമാണ്. ധാരാളം ആളുകൾ ശരീരവും മനസും തമ്മിലുള്ള അന്തരം മൂലം വ്യക്തിത്വം നഷ്ടപ്പെട്ടവരായി പ്രതിസന്ധി നേരിടുന്നുണ്ട്. അത്തരം ആളുകളെ സഹായിക്കാൻ തീർച്ചയായും വൈദ്യശാസ്ത്രവും പ്രത്യേകിച്ച് മനഃശാസ്ത്രവുമെല്ലാം വളരെയധികം മുന്നേറിയിട്ടുണ്ട്, ഇനിയും മുന്നേറേണ്ടതുണ്ട്.
(തുടരും)