സ്നേഹോപാസകൻ മടങ്ങി
Wednesday, March 15, 2023 1:06 AM IST
സിജോ പൈനാടത്ത്
‘വിശപ്പും ദാരിദ്ര്യവും സഹനവും വലിയ ഗുരുക്കന്മാരാണ്. ക്ഷമയും എളിമയും സഹാനുഭൂതിയും ഈ ഗുരുക്കന്മാരില്നിന്നു വേണം നമ്മള് പഠിക്കാന്‍.’
ജീവിതത്തെക്കുറിച്ച് ആഴമുള്ള ചിന്തകളും ധ്യാനവും കരുതിവച്ച സാധു ഇട്ടിയവിരയുടെ മൊഴികളിലൊന്നാണിത്. പ്രാർഥനയുടെയും ആത്മീയാനുഭവങ്ങളുടെയും ലളിതജീവിതത്തിന്റെയും അഗ്നിയിൽ പരുവപ്പെടുത്തിയെടുത്ത സാധകന്റെ മൊഴികൾ എത്രയോ ജീവിതങ്ങൾക്കു വെട്ടമായി; എത്രയോ ഹൃദയങ്ങളെ തൊട്ടു. പ്രാർഥന പോലൊരു ജീവിതത്തിനു വിരാമമിട്ട് സാധു ഇട്ടിയവിര നിശബ്ദം മടങ്ങി. നൂറിന്റെ നിറവിലും ചുറ്റും സ്നേഹനിലാവു പരത്തി സജീവമായിരുന്ന സാധു നൂറ്റിയൊന്നാം വയസ് തികയുന്ന ദിനത്തിനായി കാത്തുനിൽക്കാതെയാണ് വിട പറയുന്നത്.
പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും മകനായി 1922 മാർച്ച് 18നാണ് ഇട്ടിയവിരയുടെ ജനനം. ഇഎസ്എല്‍സി വിജയിച്ചശേഷം പഠനം മതിയാക്കി എറണാകുളത്ത് തടി ഡിപ്പോ മാനേജരായി. 1942 മുതൽ അഞ്ചു വർഷം പട്ടാളത്തില്‍ ക്ലര്‍ക്ക്. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ പ്രീയൂണിവേഴ്സിറ്റി പഠനശേഷം 1950 ൽ ഈശോസഭയില്‍ ചേർന്നെങ്കിലും പാതിവഴിയിൽ മടക്കം.
ദൈവസ്നേഹത്തിന്റെ സന്ദേശവാഹകനാകാനായിരുന്നു സാധുവിന്റെ തുടർനിയോഗം. ‘ദൈവം നമ്മെ സ്നേഹിക്കുന്നു’എന്ന സന്ദേശമെഴുതിയ വസ്ത്രം ധരിച്ച് ഏകനായി നാടും നഗരവും ചുറ്റി. പരിഹാസങ്ങൾ ഏറെക്കണ്ടെങ്കിലും കാക്കി പാന്റ്സും വെളുത്ത ബനിയനും ധരിച്ച് അദ്ദേഹം മുന്നോട്ടു നീങ്ങി. ബനിയന്റെ പുറത്തായിരുന്നു സന്ദേശം ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാധുവിന്റെ സവിശേഷസഞ്ചാരമെത്തി. സ്കൂളുകളിലും കോളജുകളിലും സ്നേഹത്തിന്റെ സുവിശേഷം അദ്ദേഹം പ്രസംഗിച്ചു. എല്ലാവരോടും പങ്കുവയ്ക്കാനുണ്ടായിരുന്നത് സ്നേഹം, നന്മ, കാരുണ്യം, ദയ.. എന്നിവയെക്കുറിച്ചുതന്നെ.
1960-ലാണ് സാധു ഇട്ടിയവിരയുടെ ആദ്യകൃതി ‘പിതാവും പുത്രനും’ പ്രസിദ്ധീകരിച്ചത്. ഇതിന്റെ 80,000 കോപ്പികൾ വിറ്റഴിക്കപ്പെട്ടു. പത്തു ഭാഷകളിൽ പുസ്തകത്തിന്റെ തർജമ പുറത്തിറങ്ങി. ഇതുൾപ്പടെ മലയാളത്തിൽ 50 ഉം ഇംഗ്ലീഷിൽ 75 ഉം പുസ്തകങ്ങൾ സാധു ഇട്ടിയവിരയുടേതായി പ്രസിദ്ധീകരിച്ചു. സമാഹരിക്കപ്പെടാത്തതായി ആറായിരത്തിലേറെ ലേഖനങ്ങളുമുണ്ട്.
ദീർഘകാലമായി കോതമംഗലം ഇരുമലപ്പടി ജീവജ്യോതിയിലായിരുന്നു താമസം. മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്സർ പുരസ്കാരം 1981ൽ സാധു ഇട്ടിയവിരയെ തേടിയെത്തി. നേരത്തേ മദർ തെരേസയ്ക്കു ലഭിച്ച പുരസ്കാരമാണിത്. പുരസ്കാരത്തുക വീടിനോടു ചേര്‍ന്ന് ഷെയിറ്റ്സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രെയര്‍ ആൻഡ് റിസര്‍ച്ച് എന്ന സ്ഥാപനം തുടങ്ങാൻ അദ്ദേഹം ചെലവഴിച്ചു.
കത്തോലിക്കാസഭയിലെ അല്മായപ്രേഷിതശുശ്രൂഷകൾക്കു പുതുവഴികൾ വെട്ടിയൊരുക്കിയ മഹദ് ജീവിതത്തിനാണു സാധു ഇട്ടിയവിരയിലൂടെ വിരാമമാകുന്നത്. സീറോ മലബാർ സഭയിലെ ഏറ്റവും തലമുതിർന്ന അല്മായപ്രേഷിതന് യാത്രാമൊഴി.