സാർവത്രികസഭയുടെ തലവനായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് നാളെ പത്തു വർഷം
Sunday, March 12, 2023 12:46 AM IST
സാർവത്രികസഭയുടെ തലവനായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് നാളെ പത്തു വർഷം. 87-ാം വയസിലും ലോകത്തിന്റെ ആത്മീയാചാര്യനായി, ധാർമികസ്വരമായി, ഭരണാധികാരികൾക്കു തിരുത്തൽ ശക്തിയായി, ഉപദേശകനായി അദ്ദേഹത്തിന്റെ സേവനസപര്യ തുടരുന്നു. സഭാനൗകയെ അഭംഗുരം നയിക്കുന്പോഴും, ലോകത്തിലെ എല്ലാ പ്രശ്നങ്ങളെയും സാകൂതം വീക്ഷിച്ച്, ഇടപെടേണ്ട വിഷയങ്ങളിൽ സധൈര്യം ഇടപെടുന്നുണ്ട് പാപ്പാ.
കോവിഡ് മഹാമാരിയിൽ ലോകം തരിച്ചുനിന്ന വേളയിൽ വത്തിക്കാൻ ചത്വരത്തിൽനിന്നുയർന്ന പ്രാർഥനാഗീതികൾ ലോകത്തിനു സമാശ്വാസമേകി. മഹാമാരിയിൽനിന്നു ലോകത്തെ രക്ഷിക്കണമേയെന്ന പ്രാർഥനകളുമായി ആളൊഴിഞ്ഞ വത്തിക്കാൻ ചത്വരത്തിലൂടെ ധ്യാനനിരതനായി ലോകത്തെ മുഴുവൻ സമർപ്പിച്ചു പ്രാർഥിക്കുന്ന മാർപാപ്പയെയും ലോകം കണ്ടു.
ലോകസമാധാനത്തിനായി
യുക്രെയ്നിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാനായി അദ്ദേഹം നിരന്തരം ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു വർഷമായിട്ടും യുദ്ധം തുടരുന്നതിൽ തന്റെ ഹൃദയത്തിൽ തട്ടിയുള്ള ദുഃഖം പലകുറി മാർപാപ്പ പങ്കുവച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ആദ്യനാളുകളിൽ പ്രോട്ടോക്കോളെല്ലാം മാറ്റിവച്ച് വത്തിക്കാനിലെ റഷ്യൻ എംബസിയിലേക്കു നടന്നെത്തി യുക്രെയ്നിലെ അധിനിവേശത്തിലുള്ള തന്റെ ആശങ്ക പങ്കുവച്ച, അധിനിവേശം അവസാനിപ്പിക്കാൻ തയാറാകണമെന്ന് അഭ്യർഥിച്ച മാർപാപ്പയെ ലോകം കണ്ടതാണ്. തുടർന്നിങ്ങോട്ട് തന്റെ പ്രതിവാര സന്ദർശനപരിപാടിയിലും അപ്പസ്തോലിക സന്ദർശനങ്ങളിലുമൊക്കെ ഈ അധിനിവേശത്തിനെതിരേ നിശിതവിമർശനമാണ് അദ്ദേഹം നടത്തുന്നത്.
ലോകത്തിന്റെ ഏതു കോണിലുമുണ്ടാകുന്ന സംഘർഷമാകട്ടെ, അസമാധാനമാകട്ടെ, അധിനിവേശമാകട്ടെ, പ്രകൃതിദുരന്തങ്ങളാകട്ടെ, നിമിഷനേരത്തിനുള്ളിൽ ഫ്രാൻസിസ് മാർപാപ്പയിൽനിന്ന് ഇടപെടലുണ്ടാകുന്നു. ജനാധിപത്യം, പരിസ്ഥിതി, വിദ്യാഭ്യാസം, സാമൂഹ്യനീതി, മതാന്തര സംവാദം, അഭയാർഥികളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിലെല്ലാം മാർപാപ്പ നിരന്തരം ഇടപെടുന്നു. അവകാശലംഘനങ്ങൾക്കെതിരേ ശബ്ദമുയർത്തുന്നു. അഭയാർഥികളെ സ്വീകരിക്കാൻ സന്പന്നരാജ്യങ്ങളെ പ്രേരിപ്പിക്കുന്നു.
ഗർഭഛിദ്രം, സ്വവർഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്മചര്യം, കൃത്രിമ ജനന നിയന്ത്രണം മുതലായ വിഷയങ്ങളിലും ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകൾ സുവ്യക്തമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ ലാറ്റിൻ അമേരിക്കൻ ക്രിസ്തീയതയിൽ ശക്തിപ്രാപിച്ച വിമോചനദൈവശാസ്ത്രത്തെ മാർക്സിസത്തിന്റെ കറ വീണ ആശയസംഹിതയായി കണ്ട് അദ്ദേഹം തീവ്രമായി എതിർത്തു. മതങ്ങൾക്കിടയിലുള്ള ആശയവിനിമയത്തെ പിന്തുണയ്ക്കുന്ന മാർപാപ്പ, നിയന്ത്രണമില്ലാത്ത കമ്പോളവ്യവസ്ഥയെ എതിർക്കുകയും ചെയ്യുന്നു.
അല്മായർക്ക്, പ്രത്യേകിച്ചു സ്ത്രീകൾക്ക്, സഭയിൽ വലിയ പങ്കുവഹിക്കാനുണ്ടെന്ന് ആവർത്തിച്ച മാർപാപ്പ, വിവിധ തലങ്ങളിൽ ഇതു നടപ്പാക്കി. വത്തിക്കാനിലെ വിവിധ ഭരണനിർവഹണ കാര്യാലയങ്ങളിലേക്ക് കൂടുതൽ വനിതകളെ നിയമിച്ചുകൊണ്ടാണ് ഈ മാറ്റത്തിന് മാർപാപ്പ തുടക്കം കുറിച്ചത്. യേശുക്രിസ്തുവിന്റെ സുവിശേഷമനുസരിച്ച് എങ്ങനെ ജീവിക്കാമെന്നു സ്വജീവിതത്തിലൂടെ കാണിച്ചുതന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും വലിയ നേട്ടമെന്ന് വത്തിക്കാനിലെ അല്മായർക്കും കുടുംബജീവിതത്തിനുമായുള്ള വിഭാഗത്തിന്റെ തലവൻ കർദിനാൾ കെവിൻ ഫാരെൽ പറയുന്നു.
ലാറ്റിനമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പ
2013 മാർച്ച് 13നാണ് കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി അർജന്റീനക്കാരനായ കർദിനാൾ ജോർജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകൾമൂലം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പു നടന്നത്. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് ബുവേനസ് ആരിസ് രൂപതയുടെ ആർച്ച്ബിഷപ്പായിരുന്നു അദ്ദേഹം. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ട്മെന്റിലായിരുന്നു ജീവിതം. പൊതുഗതാഗതസംവിധാനത്തിൽ മാത്രം യാത്രചെയ്യുകയും ഇക്കോണമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തു ലോകമെങ്ങും ശ്രദ്ധേയനായി.
ഇറ്റലിയിൽനിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ജോർജ് ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപാപ്പയായ വ്യക്തിയാണ്. ലാറ്റിനമേരിക്കയിൽനിന്ന് ആദ്യമായി മാർപാപ്പയാകുന്ന വ്യക്തിയും ഇദ്ദേഹമാണ്. ഈശോസഭയിൽനിന്നുള്ള ആദ്യത്തെ മാർപാപ്പ എന്ന നിലയിലും ശ്രദ്ധേയനാണ്. ഫ്രാൻസിസ് എന്നു പേരു സ്വീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ നിലപാടുകൾ വെളിപ്പെടുത്തി. സ്ഥാനാരോഹണത്തിനുശേഷം ഉടൻതന്നെ സഭയിൽ പുതിയ മാറ്റങ്ങൾ വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ മാർപാപ്പ എന്നു മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
പ്രത്യേക പ്രാർഥന
ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയുടെ പരമോന്നത പദവിയിലെത്തിയിട്ട് പത്തുവർഷം തികയുന്ന സുദിനം അവിസ്മരണീയമാക്കാൻ നിരവധി പരിപാടികളാണ് വത്തിക്കാൻ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് പ്രാർഥനകൾ സമർപ്പിക്കുന്നതിനുള്ള കർമപദ്ധതിയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ പത്താം ശുശ്രൂഷാവർഷത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾക്ക് പ്രത്യേകമായ പ്രാർഥനകൾ സമർപ്പിക്കുന്നതിനായി ഡിജിറ്റൽ സിനഡ് കമ്മിറ്റിയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
മാർപാപ്പയുടെ സ്ഥാനലബ്ധിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ ഫിലാറ്റെലിക് ആൻഡ് നുമിസ്മാറ്റിക് ഓഫീസ് നാലുതരം പ്രത്യേക സ്റ്റാന്പുകൾ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 27 മുതൽ ഇതു വിപണിയിൽ ലഭ്യമാണ്. 2013 മാർച്ച് 19ന് ഔദ്യോഗികമായി ചുമതലയേറ്റപ്പോൾ അർപ്പിച്ച ദിവ്യബലിക്കിടയിൽ ഫ്രാൻസിസ് മാർപാപ്പ പ്രാർഥിക്കുന്ന ചിത്രത്തോടുകൂടിയുള്ളതാണ് 1.20 യൂറോ വിലയിട്ടിട്ടുള്ള ഒരു സ്റ്റാന്പ്. 2013 ജൂലൈ എട്ടിന് വത്തിക്കാനു പുറത്ത് ആദ്യമായി നടത്തുന്ന യാത്രയെന്നോണം മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിച്ച അഭയാർഥികൾക്കുവേണ്ടി പ്രാർഥിക്കുവാനായി ഇറ്റലിയിലെ ലാംപെഡ്സായിലേക്കു നടത്തിയ സന്ദർശനത്തെ സൂചിപ്പിച്ച് ‘ഫസ്റ്റ് പാസ്റ്ററൽ വിസിറ്റ്’ എന്ന വാചകവും ബൈബിളിൽ ചുംബിക്കുന്ന ചിത്രവുമുള്ള സ്റ്റാന്പും പുറത്തിറക്കിയിട്ടുണ്ട്.
വിശ്വാസികളെ ചേർത്തുനിർത്തി സിനഡ്
സിനഡാലിറ്റിയെ ആസ്പദമാക്കി സാർവത്രികസഭയിൽ ഈ വർഷം ഒക്ടോബറിൽ നടക്കാന്‍ പോകുന്ന മെത്രാന് സിനഡിന്റെ 16-ാമത് സാധാരണ സമ്മേളനം ഫ്രാൻസിസ് മാർപാപ്പയുടെ വിശ്വാസികളോടുള്ള പ്രതിബദ്ധത സുവ്യക്തമാക്കുന്നു. മെത്രാന്മാരുടെ ഒരു സമ്മേളനം എന്നതിലുപരി സഭയുടെ എല്ലാത്തലങ്ങളിലുമുള്ള വിശ്വാസികളെ കൂടുതലായി പങ്കുചേര്‍ത്തുകൊണ്ട് രണ്ടു വര്‍ഷം നീണ്ടുനിൽക്കുന്ന പ്രക്രിയയായിട്ടായിരുന്നു സിനഡല്‍ സമ്മേളനങ്ങള്‍ വിഭാവനം ചെയ്തത്. നവീകൃത ക്രമമനുസരിച്ചു പ്രാര്‍ഥനാപൂർവകമായ സിനഡല്‍ സമ്മേളനങ്ങള്‍ രൂപതാ തലത്തില്‍ ആരംഭിച്ച് പ്രാദേശികം, ദേശീയം, വ്യത്യസ്ത ഭൂഖണ്ഡങ്ങള്‍ എന്നീ തലങ്ങളിലെല്ലാം നടത്തപ്പെടുകയും ചെയ്തു. അവയുടെ പരിസമാപ്തിയായാണ് ഈ വർഷം ഒക്ടോബറില്‍ വത്തിക്കാനിൽ സാര്‍വത്രികസഭാ സിനഡ് നടക്കുന്നത്.
2021 ഒക്ടോബറില്‍ രൂപതാ തലങ്ങളില്‍ ആരംഭിച്ച സിനഡല്പ്രക്രിയ ഒക്ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡ് സമ്മേളനത്തോടെയാണ് പൂര്‍ത്തിയാകുന്നത്. മാത്രമല്ല, ഈ സിനഡില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങളും നിര്‍ദേശങ്ങളും സാർവത്രികസഭയുടെ എല്ലാ തലത്തിലും സന്ദര്‍ഭോചിതമായി നടപ്പാക്കുകയും ചെയ്യും.
തീർഥാടകനായ മാർപാപ്പ
ജോൺ പോൾ രണ്ടാമനെപ്പോലെ യാത്രകൾക്കും സാധാരണക്കാരായ ജനങ്ങളുമായി അടുത്തിടപഴകാനും താത്പര്യപെടുന്ന ഫ്രാൻസിസ് മാർപാപ്പ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ നാലാം സ്ഥാനത്തുണ്ട്. കലശലായ മുട്ടുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഫ്രാൻസിസ് മാർപാപ്പ തന്റെ അപ്പസ്തോലിക് യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
പത്തു വർഷത്തിനിടെ ഇതിനോടകം വത്തിക്കാനു പുറത്തേക്ക് 40 അപ്പസ്തോലിക സന്ദർശനങ്ങളാണ് മാർപാപ്പ നടത്തിയത്. അടുത്തമാസം 28 മുതൽ 30 വരെ യൂറോപ്യൻ രാജ്യമായ ഹംഗറിയിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനും തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം അടുത്തിടെ മാർപാപ്പ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ ആഫ്രിക്കൻ രാജ്യങ്ങളായ സൗത്ത് സുഡാനിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും നടത്തിയ സന്ദർശനം ഏറെ വിജയകരമായിരുന്നു.
2019 ഫെബ്രുവരിയില്‍ ഫ്രാൻസിസ് മാർപാപ്പ നടത്തിയ ഐക്യ അറബ് എമിറേറ്റ്സുകളിലേക്കുള്ള സന്ദർശനം ചരിത്രപ്രാധാന്യമർഹിക്കുന്നതാണ്. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു മാർപാപ്പ ഒരു ഗൾഫ് രാജ്യം സന്ദർശിച്ചത്. ഐക്യ അറബ് എമിറേറ്റ്സും വത്തിക്കാനുമായുള്ള നയതന്ത്ര-സൗഹൃദബന്ധത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു മാർപാപ്പയുടെ സന്ദർശനം.