ലീഗിന്റെ ജൂബിലിയും കേരളത്തിലെ മുന്നണികളും
Sunday, March 12, 2023 12:43 AM IST
ദ്വിജന്
കേരളത്തിലെ ജനാധിപത്യമുന്നണിയിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗിന്റെ 75-ാം പിറന്നാളിനോടനുബന്ധിച്ച് ലീഗ് നേതാവ് എം.കെ. മുനീർ മുന്നണിബന്ധങ്ങളിൽ ഒരു പുനഃക്രമീകരണത്തിനായി നടത്തിയ ആഹ്വാനം തീർത്തും നിസാരമായി തള്ളികളയാവുന്നതല്ല. ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി ദേശീയതലത്തിൽ സിപിഐ സഹകരണം പുനഃസ്ഥാപിക്കണമെന്നാണു മുനീറിന്റെ ആഹ്വാനം.
ഈ ആഹ്വാനം അത്ര ഗൗരവമുള്ളതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചെങ്കിലും, അങ്ങനെ വല്ലതും നടക്കാനിടയുണ്ടോ എന്നു ചിന്തിക്കാവുന്ന കാലമാണിത്. മുസ്ലിം ലീഗ് വർഗീയകക്ഷിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു തോന്നിയിട്ട് അധികകാലമായിട്ടില്ല. ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് അനുചിതമായി എന്നു പ്രതികരിച്ച സിപിഐയോടുതന്നെയാണ് പുനർചിന്തയ്കക്കു സമയമായെന്നു മുനീർ പറയുന്നതെന്നതും ഗൗരവമുള്ള കാര്യം തന്നെ.
ശക്തമാകുന്ന ലീഗ്
1948 മാർച്ച് 10ന് ഭാരതത്തിലെ പഴയകാല അഖിലേന്ത്യാ മുസ്ലിം ലീഗ് പ്രവർത്തകരെപ്പോലും അന്പരപ്പിച്ച് മദ്രാസിലെ രാജാജി ഹാളിൽ പുനർജനിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇക്കഴിഞ്ഞ 75 വർഷംകൊണ്ട് വർത്തമാനകാല കേരളത്തിലും ഭാരതത്തിലും നിർണായക രാഷ്ട്രീയപ്രസ്ഥാനമായി മാറി. മതാടിസ്ഥാനത്തിൽ മുസ്ലിംകൾ പാക്കിസ്ഥാൻ രൂപീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിൽ ബാക്കി നിന്ന മുസ്ലിംകളെ ദേശദ്രോഹികളായി മുദ്രകുത്തിയ കാലത്താണ് രാജാജി ഹാളിലെ ചരിത്രസംഭവം.
മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ എക്കാലവും ലീഗ് ബദ്ധശ്രദ്ധരായിരുന്നു. സാമുദായിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി മറ്റു കാര്യങ്ങളിൽ ഏറെ ഇടപെടാതിരിക്കാൻ ശ്രദ്ധിച്ചു. മലപ്പുറം ജില്ലയും സംവരണവും പോലെ സർക്കാരിൽനിന്ന് ഓരോ നേട്ടങ്ങൾ കൈക്കലാക്കിക്കൊണ്ടിരുന്നു. 1948ൽ 51 പേർ മാത്രം സംബന്ധിച്ച രാജാജി ഹാളിലെ പിറന്നാൾ ചടങ്ങിന്റെ 75-ാം വാർഷികത്തിനു മദിരാശിയിൽ നടത്തപ്പെട്ടത് വൻ ശക്തിപ്രകടനമായിരുന്നു. ബിജെപി ബദലിനു രൂപംകൊടുക്കാൻ നേതൃത്വപരമായ പങ്ക് വഹിക്കാൻ തീരുമാനിച്ചു. കോണ്‍ഗ്രസ് പാർട്ടി അടക്കമുള്ള തമിഴ്നാട്ടിലെ ഡിഎംകെ മോഡൽ ബദലാണ് ലീഗ് മുന്നോട്ടുവയ്ക്കുന്നത്.
പൊളിച്ചെഴുതേണ്ട കാലം
കേരളത്തിലെ ഇരുമുന്നണികളും ഏറെ അപചയിച്ചതിന്റെ ദുരന്തങ്ങൾ സമൂഹം ശരിക്കും അനുഭവിക്കുന്ന നാളുകളാണിത്. അതുകൊണ്ടുതന്നെ മുന്നണി ബന്ധങ്ങൾ പൊളിച്ചെഴുതുന്നതിനെക്കുറിച്ചുള്ള ചിന്തകൾ ശുഭോദർക്കമാണ്. എല്ലാം ഒരു ക്ലീൻ സ്ലേറ്റിൽ തുടങ്ങാൻ കാലമായതുപോലുണ്ട്. 1979ൽ ഇന്നത്തെ ഇടതുമുന്നണിയുടെ ചർച്ച തുടങ്ങുന്പോൾ ഇഎംഎസ് മുന്നോട്ടുവച്ച നിബന്ധനയാണ് ക്ലീൻ സ്ലേറ്റ്. തങ്ങൾക്കിപ്പോൾ അതുണ്ട്, ഇതുണ്ട് എന്നൊന്നും പറയേണ്ട. ഏതെല്ലാം നിയമസഭാ മണ്ഡലത്തിൽ തങ്ങൾക്കു ശക്തിയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ ചർച്ച തുടങ്ങണം. ഓരോ പാർട്ടിക്കും അവർക്ക് അർഹതപ്പെട്ട സീറ്റുകൾ കിട്ടും. ജയിച്ചുവരുന്ന എംഎൽഎമാരുടെ എണ്ണമനുസരിച്ച് മന്ത്രിമാർ. മുഖ്യമന്ത്രിപദവി കിട്ടുന്ന കക്ഷിക്ക് അതിനനുസരിച്ച് മറ്റു മന്ത്രിമാരുടെ എണ്ണത്തിൽ കുറവു വരും. വകുപ്പുകളുടെ കാര്യത്തിലും പാർട്ടിയുടെ ജനപിന്തുണ അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാം. ഇന്ന് ഏതെങ്കിലും മുന്നണിയിൽ ഒരു ഘടകകക്ഷിക്ക് ആഭ്യന്തര വകുപ്പ് ചോദിക്കാൻ ധൈര്യമുണ്ടോ? പാർട്ടികളുടെ അന്തസും വിലപേശൽ ശക്തിയും കൂട്ടായ്മയും വർധിക്കാൻ ഒരു പൊളിച്ചെഴുത്തു നല്ലതുതന്നെ.
മുന്നണികളുടെ പിറവി
ഒരു പാർട്ടിക്കും ഒറ്റയ്ക്കു ഭരിക്കാനാവില്ലെന്നു മനസിലാക്കിയാണ് മുന്നണികൾ രൂപംകൊണ്ടത്. മുന്നണിയിലെ എല്ലാം കക്ഷികളുടെയും പദ്ധതികളും വികാരങ്ങളുമുൾക്കൊണ്ട് രൂപംകൊടുക്കുന്ന ഒരു കർമ പരിപാടിയുടെ അടിസ്ഥാനത്തിൽ എല്ലാ കക്ഷികളും വലുപ്പച്ചെറുപ്പമില്ലാതെ മുന്നണിയുടെ വിജയത്തിനുവേണ്ടി കൂട്ടായി പ്രവർത്തിച്ച് വിജയിക്കുന്നതിനാണ് മുന്നണികൾ ഉണ്ടാക്കപ്പെട്ടത്. സ്വാതന്ത്ര്യസന്പാദന കാലം മുതലേ കേരളത്തിൽ മുന്നണികൾ ഉണ്ടായിരുന്നു. ഇന്നത്തെ ഇടതു-വലതു മുന്നണികൾ രൂപംകൊണ്ടത് 1979ലാണ്. അന്നു മുതൽ കേരള രാഷ്ട്രീയം രണ്ടു മുന്നണികളുടെ ചുറ്റും കറങ്ങുന്നു. പിന്നീടു വന്ന ബിജെപിക്ക് 15 ശതമാനം വരെ ജനപിന്തുണ ഉണ്ടായിട്ടും നല്ല മുന്നണി കിട്ടാത്തതുകൊണ്ട് തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
മുന്നണികളുണ്ടായ കാലത്ത് എല്ലാം ചർച്ച ചെയ്തായിരുന്നു തീരുമാനിക്കുക. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ നാട്ടിലെ ജനകീയ പ്രക്ഷോഭങ്ങൾ- എല്ലാം മുന്നണിയിൽ മുഖം നോക്കാതെ ചർച്ച ചെയ്യും. മാറ്റങ്ങൾ വരുത്തും. സിൽവർ ലൈൻ പോലുള്ള ജനകീയസമരങ്ങളെ മുന്നണി വിവേകത്തോടെ നേരിടും. ആരെയും ചോദ്യം ചെയ്യും. ഓരോ തെരഞ്ഞെടുപ്പിലും സീറ്റ് ചർച്ച നടക്കും. ജയിച്ച സീറ്റ് തോൽക്കുന്നതുവരെ ഒരു കൂട്ടർക്ക് എന്ന രീതി പോലും മാറിയ വേളകളുണ്ട്. ഇന്ന് സ്ഥിതിയാകെ മാറി. ഒരു യജമാനനും കുറെ അടിയാന്മാരുമായി. യജമാനൻ എല്ലാം നിശ്ചയിക്കും. അടിയാന്മാർ 'ഓമ്പ്രാ' പറയും. പല കക്ഷികൾക്കും പേരല്ലാതെ കാര്യമായി ജനപിന്തുണ ഇല്ലതായി. പലപ്പോഴും ചെറിയ കക്ഷികളെ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കി ഇല്ലാതാക്കാൻ യജമാനന്മാർ നോക്കി. ആ ദുരന്തത്തിൽപ്പെടാതിരുന്നത് ലീഗും സിപിഐയും മാത്രം. ഇരുമുന്നണിയിലും ഏറെ വ്യത്യാസമല്ല കാര്യങ്ങൾ.
ഇടതുമുന്നണി
ഇടത്ത് സിപിഎം കാര്യങ്ങൾ തിരുമാനിക്കുന്നു. മത്സരിക്കാനുള്ള സീറ്റുകൾ മാത്രമല്ല, മന്ത്രിസഭയിലെ വകുപ്പുകൾ പോലും യജമനാനനാണ് നിശ്ചയിക്കുന്നത്. ഘടകകക്ഷികളുടെ വകുപ്പുകളിൽ പോലും യജമാൻ ഇടപെടും. ഘടകകക്ഷികളുടെ ഓഫീസുകളിൽ കാര്യങ്ങൾ നടത്തുന്നത് എകെജി സെന്ററിലെ നോമിനികളായി. സ്വന്തം പാർട്ടി വഴി നടത്താനാകാത്ത കാര്യങ്ങൾ ഘടകകക്ഷികളുടെ ചെലവിൽ നടത്തുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന് ഒരു കുഴപ്പവും ഇല്ലെന്നതടക്കം മുഖ്യമന്ത്രി എന്തും പറയുന്ന സ്ഥിതി. നാട്ടിൽ നടക്കുന്ന എല്ലാ അഴിമതിയിലും സഖാക്കൾ, അതും വലിയ നേതാക്കളുടെ മക്കൾ പങ്കുകാരാണ് എന്ന ചിന്ത പടരുന്നു.
ഒരാഴ്ചയായി കൊച്ചി നഗരത്തെ വിഷപ്പുകയിൽ കൊല്ലുന്ന ബ്രഹ്മപുരം ദുരന്തത്തിൽ പോലും ഇത്തരം ദുർഗന്ധം കൂടിക്കലരുന്നു. കൊച്ചിയിൽ മാത്രമല്ല കോഴിക്കോട്ടും ഈ ഏജൻസിക്കാണ് കരാർ. അവിടെ ഇതുവരെ തീ ഉണ്ടായില്ല. അതുകൊണ്ട് ആരും കഥകൾ അറിഞ്ഞില്ല. വേറെ ഏതെല്ലാം നഗരസഭകളിൽ ഇവർക്ക് കോണ്‍ട്രാക്ട് ഉണ്ടാവുമോ ആവോ?
ജനാധിപത്യമുന്നണി
ജനാധിപത്യമുന്നണിയിൽ വളരെക്കാലമായി കോണ്‍ഗ്രസാണ് എല്ലാം തീരുമാനിക്കുന്നത്. അവിടെ വഴക്കോടു വഴക്കാണ്. മുഖ്യമന്ത്രിക്കുപ്പായം തയ്പിച്ചുവച്ചിരിക്കുന്നവർ പലരുണ്ട്. അവർ പരസ്പരം വെട്ടുന്നു. രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും അവർ തോറ്റതിനു കാരണം മുഖ്യമന്ത്രി ആകാനുള്ള പലരുടെയും കൊതിയാണ്. അതുകൊണ്ട് ഇനി കുറേക്കാലത്തേക്ക് കോണ്‍ഗ്രസിന് മുഖ്യമന്ത്രിസ്ഥാനം കിട്ടാത്ത ജനാധിപത്യ മുന്നണി വരണം. ഘടകകക്ഷിക്കും അതിന് അർഹത വരണം.
പ്രധാനമന്ത്രിപദം വേണമെന്നു പറഞ്ഞ് കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യത്തെ തകർക്കില്ലെന്ന ഖാർഗെയുടെ നിലപാടാണ് കേരളത്തിലും വേണ്ടത്. അല്ലെങ്കിൽ ഇത്രയും ജനവിരുദ്ധ വികാരം ഉണ്ടെങ്കിലും സിപിഎം പലതും കളിക്കും. പിണറായിയെ മാറ്റാം. ഇപ്പോഴത്തെ കഥാപാത്രങ്ങളെ എല്ലാം മാറ്റാം, അങ്ങനെ പലതും.
സിപിഐ എന്തു നേടി?
1979ൽ സിപിഐ കോണ്‍ഗ്രസ് മുന്നണി വിട്ടതും കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനം വരെ വിട്ടതും സർക്കാർ മുന്നോട്ടുകൊണ്ടുപോകാൻ ആവാതിരുന്നതുകൊണ്ടാണെങ്കിലും പറയുന്ന കാരണം ഇടതു പാർട്ടികളുടെ ലയനമായിരുന്നു. 2023 ആയിട്ടും അതു നടന്നിട്ടില്ല. ചുരുക്കത്തില്‍, ഇടതു സംഖ്യത്തിനായി നഷ്ടം സഹിക്കുന്നനത് സിപിഐയാണ്. കേരളത്തിൽ നാലു മന്ത്രിമാരുണ്ടെങ്കിലും ദേശീയതലത്തിൽ ഈ കൂട്ടുകൊണ്ട് സിപിഐക്ക് പ്രയോജനമില്ലെന്നതും യാഥാര്‍ഥ്യം.