പാൽ ചുരത്തുന്ന കന്പനികൾ
Monday, July 18, 2022 12:41 AM IST
വിപണിയിൽ കിട്ടുന്ന 68 ശതമാനം പാലും ഗുണനിലവാരമില്ലാത്തതെന്നു വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അഥോറിറ്റി (എഫ്എസ്എസ്എഐ) നടത്തിയ സർവേ അനുസരിച്ച് രാജ്യത്തു വിറ്റഴിക്കപ്പെടുന്ന പാലുത്പന്നങ്ങളിൽ ഏറിയ പങ്കും ഗുണനിലവാരം ഇല്ലാത്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നഗര മേഖലകളിൽ വിറ്റഴിക്കപ്പെടുന്ന പാലിൽ 68 ശതമാനവും നിലവാരമില്ലാത്തവയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിന് 30 ടണ് പാലാണ് ആവശ്യമുള്ളതെങ്കിൽ 23.5 ടണ് പാൽ മാത്രമാണ് ഇവിടെ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നു വൻതോതിലാണ് രാസവസ്തുക്കൾ കലർത്തിയ പാൽ എത്തുന്നത്.
പാൽ കേടാകാതിരിക്കാൻ സോഡാക്കാരം വ്യാപകമായി ഉപയോഗിക്കുന്നു. ഇതു കൂടാതെ പാലിനു മഞ്ഞനിറം നിലനിർത്താൻ കോഴിഫാമുകളിൽ വ്യാപകമായ രീതിയിൽ ഉപയോഗിക്കുന്ന ആന്റി ബയോട്ടിക് ഉപയോഗിക്കുന്നു. പാൽ പതഞ്ഞു പൊങ്ങുന്നതിനുവേണ്ടി ഹൈഡ്രജൻ പെറോക്സൈഡും ഉപയോഗിക്കുന്നു. കേരള വിപണി ലക്ഷ്യമാക്കി വിൽപ്പനയ്ക്കെത്തിയ സ്വകാര്യ കന്പനികളുടെ പാലിൽ വിഷാംശമുള്ള രാസവസ്തു കണ്ടെത്തിയത് ആരോഗ്യവകുപ്പാണ്. നാല്പതോളം കന്പനികളുടെ പാലിലാണ് വിഷാംശമുള്ളതായി പരിശോധനയിൽ തെളിഞ്ഞത്.
പാലിൽ വിഷാംശമുള്ള വസ്തുക്കൾ
പായ്ക്കിംഗ് അല്ലാതെ നൽകുന്ന പാലുകളുടെ ഗുണനിലവാരം കുറയുന്നതിനു പ്രധാന കാരണം വെള്ളം ചേർക്കലാണ്. എന്നാൽ പായ്ക്കറ്റ് പാലുകളിലാണ് കൂടുതൽ മാരകമായ വിഷാംശങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഗുണനിലവാരമില്ലാത്തതും കൃത്രിമവുമായ പാൽ ഉത്പന്നങ്ങൾ പരിശോധിക്കുന്പോഴും ഡിറ്റർജന്റുകൾ, വൈറ്റ് പെയ്ന്റ് തുടങ്ങിയ മാരക വിഷാംശമുള്ള വസ്തുക്കളാണ് പാലിൽ ചേർക്കുന്നതെന്നാണു കണ്ടെത്തിയിരിക്കുന്നത്. നിശ്ചിത അളവ് വെള്ളത്തിൽ വെളിച്ചെണ്ണയും സോപ്പു ലായനിയും ഡെക്സ്ട്രോസും ചേർത്തുണ്ടാക്കുന്ന മിശ്രിതത്തിൽ പാൽപ്പൊടി ചേർത്താണ് കൃത്രിമ പാൽ നിർമിക്കുന്നത്. കരി ഓയിലിന്റെ കറുപ്പുനിറം നീക്കം ചെയ്ത ശേഷമുള്ള ഫാറ്റ് ചേർക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ആന്റിബയോട്ടിക് മരുന്നുകൾ കലർത്തുന്നു
പരിശോധനകളെ അതിജീവിച്ച് പാൽ ശീതീകരിക്കുന്നതു മൂലമുണ്ടാകുന്ന ഭാരിച്ച ചെലവ് ഒഴിവാക്കി ലാഭം കൊയ്യാനുള്ള പാൽ ലോബിയുടെ പുതിയ കണ്ടുപിടിത്തമാണ് അന്റിബയോട്ടിക് മരുന്നുകൾ കലർത്തൽ. കറന്നെടുക്കുന്ന പാൽ അഞ്ചുമണിക്കൂറിലധികം അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിച്ചാൽ കേടാകും. കറന്നെടുക്കുന്ന സമയത്ത് പാലിന് സാധാരണയായി 25 ഡിഗ്രി ചൂടാണുള്ളത്. ഓരോ മണിക്കൂർ കഴിയുന്പോഴും അണുക്കളുടെ എണ്ണവും ഇരട്ടിയാകും. നാല് ഡിഗ്രിക്കു താഴെ ശീതീകരി ച്ചാൽ മാത്രമേ പാൽ ഉപയോഗപ്രദമാകും വിധം സൂക്ഷിച്ചുവയ്ക്കാനാകൂ. 10,000 ലിറ്റർ പാൽ ശീതീകരിക്കാൻ 20,00 രൂപ ചെലവാകും. എന്നാൽ ആന്റിബയോട്ടിക് ഗുളികകൾ പൊടിച്ചിടുകയോ കുത്തിവയ്പു മരുന്നുകൾ ചേർക്കുകയോ ചെയ്താൽ ചെലവ് വെറും 500 രൂപയിലേറെ വരികയുമില്ല.
ഇത്തരം മായംകലർത്തൽ കണ്ടെത്താനുള്ള ലാബ് സൗകര്യങ്ങൾ അതിർത്തി ചെക്ക് പോസ്റ്റുകളിൽ താത്കാലികമായി പ്രവർത്തിക്കാറുണ്ടെങ്കെിലും ആന്റിബയോട്ടിക്കുകൾ ചേർക്കുന്നത് കണ്ടെത്താൻ ക്ഷീരവികസന വകുപ്പിന്റെ ആലത്തൂരുലെ സെൻട്രൽ ലാബിൽ മാത്രമേ സംവിധാനമുള്ളൂ. ശീതീകരിക്കുന്ന പാൽ അഞ്ചു മണിക്കൂറിലധികം അന്തരീക്ഷ ഊഷ്മാവിൽ കഴിയില്ലെന്നിരിക്കെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കവർ പാലുകൾ ദിവസങ്ങളോളം കേടാകാതെയിരിക്കുന്നു.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾ
ആന്റിബയോട്ടിക് കലർന്ന പാലിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനിടയാക്കും. ശരീരത്തിന്റെ പ്രതിരോധശക്തി കുറയ്ക്കാനും കാരണമാകും. പാലിന്റെ കൊഴുപ്പും ഇതര ഖരപദാർഥങ്ങളുടെ തോതും ശതമാനമായി കവറുകളിൽ രേഖപ്പടുത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇതരസംസ്ഥാനത്തു നിന്നെത്തുന്ന പാൽ കവറുകളിൽ ഇവയൊന്നും രേഖപ്പടുത്താറില്ല.
പാലിൽ വെള്ളം ചേർത്ത് ഉപയോഗിക്കുന്നതുപോലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നു പഠന റിപ്പോർട്ടുകൾ പറയുന്പോൾ കാസ്റ്റിക് സോഡ, പഞ്ചസാര, യൂറിയ, പശ, സോഡിയം കാർബണേറ്റ്, ഫോർമാലിൻ, അമോണിയം സൾഫേറ്റ് എന്നിവയടങ്ങിയ പാലാണ് നമുക്കു ലഭിക്കുന്നത്. കൃത്രിമ പാലിലെ യൂറിയ വൃക്കകളെ ബാധിക്കും.രക്തസമ്മർദം ഉയരുന്നതിനും ഹൃദ്രോഗത്തിനും മായം കലർന്ന പാലിന്റെ ഉപയോഗം വഴിവയ്ക്കും. ഫോർമാലിന്റെ സാന്നിധ്യം കരളിനെയും കാസ്റ്റിക് സോഡ കുടലുകളെയും ബാധിക്കുന്നു.
വഴിപാടാകുന്ന പരിശോധന
ഓണം, ക്രിസ്മസ്, ഈസ്റ്റർ എന്നീ സീസണിൽ മാത്രമാണ് മായം കലർന്ന പാലുവരുന്നതിനെ കുറിച്ച് ചർച്ചയാകുന്നത്. കേവലം പത്തു ദിവസത്തെ പരിശോധനയുണ്ടാകും. പരിശോധനാ സമയത്ത് കേരളത്തിലേക്ക് ശുദ്ധമായ പാൽ നൽകും. പരിശോധന കഴിയുന്പോൾ വീണ്ടും പഴയപടി തന്നെ.
കറിക്കൂട്ടുകളെല്ലാം പാക്കറ്റുകളിൽ നിറഞ്ഞതോടെ ഗുണമേന്മയുണ്ടോ എന്നു പോലും പരിശോധിക്കാതെ നമ്മൾ വാങ്ങാൻ തുടങ്ങി.
ഇതേക്കുറിച്ച് നാളെ...
തയാറാക്കിയത്
ജോണ്സണ് വേങ്ങത്തടം, ജോമി കുര്യാക്കോസ്, ജിബിൻ കുര്യൻ, ജെവിൻ കോട്ടൂർ, ലിജിൻ കെ. ഈപ്പൻ