പുതുവർഷത്തെ വരവേൽക്കാം, ഒരുക്കത്തോടെ
Tuesday, January 1, 2019 2:14 AM IST
ഡോ. ഡെയ്സൻ പാണേങ്ങാടൻ
പുതിയ തീരുമാനങ്ങളും പുത്തൻ പ്രതീക്ഷകളുമായി വീണ്ടും ഒരു പുതുവർഷത്തിലേക്കു നാം പ്രവേശിക്കുകയാണ്. 2018ൽ കണ്ട ലോകമല്ല 2019 ൽ നമുക്ക് അനുഭവവേദ്യമാകുകയെന്നു തീർച്ച. ഇന്നു കൈവരിച്ച സാങ്കേതിക നേട്ടങ്ങൾക്കപ്പുറത്തുള്ള സാങ്കേതികത്തികവിനു നമുക്കു സാക്ഷ്യംവഹിക്കേണ്ടി വരുമെന്നുറപ്പ്.
രാത്രിയിൽ പ്രഭ ചൊരിയുന്ന വഴിവിളക്കുകൾക്കു ബദലായി പ്രകാശിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളെ ആകാശത്തിന്റെ അനന്തവിഹായസിലേക്ക് അയയ്ക്കാനുള്ള തയാറെടുപ്പുകൾ ചൈനയിൽ നടന്നുകൊണ്ടിരിക്കുന്നു. കുടൽ, കരൾ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളെ നിഷ്പ്രഭമാക്കി തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ അവസാനവട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും അതിന്റെ പ്രായോഗിക മാനങ്ങളും വരുംവർഷം മനുഷ്യന്റെ ചിന്താധാരകളെ മാറ്റിമറിച്ചേക്കാം.
രാജ്യത്തിന്റെയും സമൂഹത്തിന്റെയും പൊതുവായ ക്ഷേമത്തിനും വളർച്ചയ്ക്കും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാന്പത്തിക വളർച്ചയെ മാത്രമല്ല ദൈനംദിന ജീവിതത്തിലെ പല സുപ്രധാന കാര്യങ്ങളേയും ശക്തിപ്പെടുത്താനും ത്വരിതപ്പെടുത്താനും അവയ്ക്കു സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന ഐടി കേന്ദ്രങ്ങളിലൊന്നാണു കേരളമെന്നതും ലോകത്തെ മികച്ച ഐടി വിദഗ്ധരിൽ ചെറുതല്ലാത്ത പങ്ക് മലയാളികൾക്കുണ്ടെന്നതും നമുക്കഭിമാനിക്കാവുന്ന നേട്ടമാണ്. ഇന്ത്യയിലെ അതിവേഗം വളരുന്ന ഒരു ഡിജിറ്റൽ സംസ്ഥാനം കൂടിയാണു കേരളം. ദൈനംദിന ജീവിതത്തിൽ വിവര സാങ്കേതിക വിദ്യയുടെ വിവിധതരം അവസരങ്ങൾ തുറന്നിടാൻ നമ്മുടെ നാടിനായി.
ഡിജിറ്റൽ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കേരളത്തിനു ശക്തമായ അടിസ്ഥാന സൗകര്യങ്ങളും മാനവവിഭവശേഷിയുമുണ്ട്. അതുകൊണ്ടുതന്നെ വിവര സാങ്കേതിക വിനിമയ മേഖലയിൽ വൻകിട നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കുന്നതിനും നമ്മുടെ നാട്ടിലെ യുവസംരംഭകരെ സ്റ്റാർട്ട് അപ്പിലൂടെ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ തലത്തിൽ തന്നെ കരുതലുകളുണ്ടാകണം. അങ്ങിനെ വലിയ സ്വപ്നങ്ങൾ കാണാനും വിവരസാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി നാടിന്റെ വികസന സ്വപ്നങ്ങൾക്ക്പ്രകാശവേഗം കൈവരിക്കാനും ഈ പുതുവർഷം നമുക്ക് ഊർജം പകരട്ടെ.
സാങ്കേതികവിദ്യയുടെ വളർച്ചയിൽ പ്രധാനം വിവരസാങ്കേതികവിദ്യ തന്നെയാണ്. മൊബൈൽ ഫോണിന്റെ വലിപ്പച്ചെറുപ്പത്തിൽ തുടങ്ങി ഇന്ന് ഐഫോണിലും ഹൈസ്പീഡ് ഡാറ്റയുടെ പ്രായോഗികതയിലും നാം എത്തിനിൽക്കുന്പോൾ ലോകം കൈവിരൽതുന്പിലേക്കെത്തുകയായി. സമൂഹമാധ്യമങ്ങളുടെ വരവോടെ, ശരാശരി മനുഷ്യന്റെ ഇന്റർനെറ്റ് ഉപയോഗം പോലും അപ്രതീക്ഷിത സമയക്രമത്തിലേക്കു മാറി. സൗഹൃദ വിപുലീകരണത്തിനപ്പുറം ഒരു വ്യക്തിയുടെ മുഴുവൻ ചേതോവികാരങ്ങളെയും നിയന്ത്രിക്കുന്ന തലത്തിലേക്കു സമൂഹമാധ്യമങ്ങൾ മാറിയെന്നതാണ് കൂടുതൽ ശരി. പുരോഗമനപരവും നാടിന്റെ വികാരങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ളതുമായ ആശയസംഹിതകളെ തച്ചുടയ്ക്കുന്ന ഇരുണ്ട യുഗത്തിന്റെ വഴിത്താരകൾ അങ്ങിങ്ങായി രൂപപ്പെടുന്നതും പഠനവിധേയമാക്കേണ്ടതു തന്നെ.
1. മസ്തിഷ്ക പ്രക്ഷാളനം
പതിനഞ്ചിനും 35നും ഇടയിലുള്ള യുവാക്കൾക്കിടയിലെ സാമൂഹ മാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ചു നടത്തിയ പഠനങ്ങൾ നൽകുന്ന സൂചന ദിനംപ്രതി ചുരുങ്ങിയത് രണ്ടു മണിക്കൂർ സമയം അവർ ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ്. ഈ സ്വാധീനം തന്നെയായിരിക്കണം അവയിലൂടെയുള്ള മസ്തിഷ്ക പ്രക്ഷാളനത്തിനു വഴിവച്ചത്. സോഷ്യൽ മീഡിയയുടെ ജനാധിപത്യസാധ്യതകളും അഭിപ്രായ സാധ്യതകളെയും അപ്പാടെയില്ലാതാക്കി, കറൻസിയും കുബുദ്ധിയുംകൊണ്ട് ആളുകളുടെ മസ്തിഷ്കങ്ങളിൽ ആസൂത്രിതമാറ്റങ്ങൾക്ക് ഇടം നൽകി ജനാധിപത്യ സംവിധാനങ്ങൾക്കു മുകളിൽ മേൽക്കൈ നേടാൻ ശ്രമിച്ചതിന്റെ നേർചിത്രം പലകുറി നാം മാധ്യമങ്ങളിൽ കണ്ടതാണ്.
2. കാന്പില്ലാത്ത സൗഹൃദങ്ങൾ
സമൂഹ മാധ്യമങ്ങളുടെ അനിയന്ത്രിതമായ ഉപയോഗവും അതുണ്ടാക്കുന്ന വെല്ലുവിളികളും ഇന്ന് സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. ലോകം കൈവിരൽ തുന്പിലേക്കൊതുങ്ങിയപ്പോൾ കൈവിരൽ തുന്പിലുണ്ടായിരുന്ന പലതും നമുക്ക് നഷ്ടപ്പെട്ടു. ആഗോള താപനത്തെ സംബന്ധിച്ചും അമേരിക്കയുടെ കുടിയേറ്റ നയത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന നമുക്ക് സ്വന്തം വീട്ടിലേയും നാട്ടിലെയും വിശേഷങ്ങൾ അന്യമായി. അയൽപക്കത്തെ സൗഹൃദങ്ങളിൽ സംതൃപ്തി കണ്ടെത്താനാകാതെ വിദേശ രാജ്യങ്ങളിലെ ഫേക്ക് ഐഡികളിലെ സൗഹൃദങ്ങൾ പലരും ആസ്വദിക്കാനാരംഭിച്ചു. ലൈക്കുകളും ഷെയറുകളും സുഹൃദ്ബന്ധത്തിന്റെ വ്യാപ്തിയളക്കുന്നതിനുള്ള ഇന്നത്തെ മാനകങ്ങളായി.
അയ്യായിരത്തോളം ഫേസ് ബുക്ക് സുഹൃത്തുക്കളുള്ളയാൾ, ഫേസ് ബുക്ക് ലൈവിൽ വന്ന്, കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയാടി സ്വയംമരണത്തെ പുൽകിയത് 2018 ന്റെ പകുതിയിലാണ്. അതും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനുമുള്ള മാനസികാവസ്ഥയുള്ള ഫേസ്ബുക്ക് സുഹൃത്തുക്കളുണ്ടായി എന്നതാണ് 2018 ലെ വലിയ വൈരുധ്യങ്ങളിലൊന്ന്.
3. ചൂഷണവിധേയമാകുന്ന ബന്ധങ്ങൾ
പ്രണയത്തിന്റെയും അവയുണ്ടാക്കുന്ന ചൂഷണങ്ങളുടേയും വിഹാരയിടങ്ങളാണ് ഇന്നു സമൂഹമാധ്യമങ്ങൾ. പോലീസ് അധികാരികളുടെ കണക്കു പ്രകാരം കേരളത്തിൽ മാത്രം 2018 ജനുവരി മുതൽ ഡിസംബർ 10 വരെ കാമുകന്റെ കൂടെയിറങ്ങിപ്പോയ കുട്ടികളുള്ള അമ്മമാരുടെ എണ്ണം 2865 ആണ്. വാട്സ്ആപ്പിന്റെയും മെസഞ്ചറിന്റെയും മായിക വലയത്തിൽപ്പെട്ട് ചൂഷണം ചെയ്യപ്പെട്ടവരുടെയെണ്ണം ഈ കണക്കുകൾക്കെത്രയോ അപ്പുറമാണെന്നതാണ് യഥാർഥ്യം. നേരത്തേ സൂചിപ്പിക്കപ്പെട്ട 2865 പേരിൽ പകുതിയിലധികവും പോയിരിക്കുന്നത് ഭാര്യമാരുള്ള പുരുഷൻമാരുടെ കൂടെയാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം.
അങ്ങനെയെങ്കിൽ വഴിയാധാരമാകുന്ന കുടുംബങ്ങളുടെയും കുട്ടികളുടെയും എണ്ണം എത്രയോ അധികമാണ്. മാതൃ വാൽസല്യമില്ലാതെ, മാതൃ സംരക്ഷണമില്ലാതെ ഒരുതരത്തിൽ അനാഥത്വം പേറുന്ന ആ കുട്ടികളുടെ മാനസികാവസ്ഥയും കാണേണ്ടതു തന്നെ. അത്തരത്തിൽ സ്വഭവനങ്ങളിൽ അനാഥത്വം പേറുന്ന കുട്ടികളുടെ ചിന്താധാരകളെ സ്വാധീനിക്കുന്ന നെഗറ്റീവ് എനർജി, ഇന്നത്തെ സമൂഹത്തിന് ബാധ്യത തന്നെയാണ്.
4. പോർണോഗ്രഫി
വിവരശേഖരണത്തിനുള്ള സെർച്ച് എൻജിനുകളിൽ ഭൂരിപക്ഷത്തിലും തെരയപ്പെടുന്നത് അശ്ലീല സൈറ്റുകളാണെന്നതും നമ്മുടെ നാടിന്റെ പ്രത്യേക സാഹചര്യത്തിൽ, അവയെ നിരോധിച്ചിട്ടു പോലും അവ സുലഭമായി ലഭ്യമാകുന്നുവെന്നതും നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. രാജ്യത്തു വർധിച്ചുവരുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അക്രമങ്ങളിൽ ഇവയുടെ സ്വാധീനം കണ്ടില്ലെന്നു നടിക്കാനാവില്ല. പോർണോ സൈറ്റുകളിൽ അഭയം തേടി, വിഷാദ രോഗത്തിനും സമ്മർദരോഗങ്ങൾക്കും അടിമപ്പെടുന്നവരുടെയും മാനസിക ചികിൽസ തേടിയെത്തുന്നവരുടെയും എണ്ണവും നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുന്നു.
ലോകം വിരൽ തുന്പിലെത്തിയപ്പോൾ, ആ വിരൽ തുന്പിലൂടെ തന്നെ സ്വയം നശിക്കുന്ന, കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന സാഹചര്യവും നാമറിയാതെ നമ്മുടെ കൂടെക്കൂടി. ഇവിടെ തിരുത്തലുകളുടെയും നൻമയുടെയും വക്താക്കളും വാഹകരുമാകുകയെന്നതാണ് നമ്മുടെ ദൗത്യം. പഠനത്തിനും ജോലിക്കും ഗുണപരമായി ഏറെ ചെയ്യാനാകുന്ന ഇന്റർനെറ്റിന്റെയും സമൂഹ മാധ്യമങ്ങളുടെയും വിവര സാങ്കേതിക വിനിമയ വിദ്യകളുടെ സാധ്യതകളെ നാം ഏറ്റെടുക്കേണ്ടതുണ്ട്. നിഷ്ക്രിയവും നശീകരണ സ്വഭാവവുമുള്ള ഏതാനും ചില പ്രവൃത്തികളിൽ തട്ടിയുഴലാതെ അവയുടെ സർഗാത്മകതയെ പുൽകാനും അതുവഴി രൂപപ്പെടുന്ന നൻമയെ വരിക്കാനും നമുക്കു സാധ്യമാകുന്പോഴാണ് അവയുടെ യഥാർഥ നൻമ നമുക്ക് ഗ്രഹിക്കാനാവുക.
അതിനു വേണ്ട മാറ്റം തുടങ്ങേണ്ടത് നാമോരോരുത്തരിലും നിന്നു തന്നെയാണ്. അതിന്റെ ഗുണപരമായ തുടക്കമാവട്ടെ ഈ പുതുവർഷം. സമൂഹമാധ്യമവും മൊബൈൽ ഫോണും നമ്മെ നിയന്ത്രിക്കാതെ അവയെ നിയന്ത്രണ വിധേയമാക്കാൻ നമുക്കു സാധിക്കണം. നല്ല തുടക്കങ്ങളാണ്, ലക്ഷ്യത്തിലെത്താനുളള രാസത്വരകങ്ങൾ.
(ലേഖകൻ തൃശൂർ സെന്റ് തോമസ് കോളജ് അസി. പ്രഫസറാണ്)