പ്രധാനപ്പെട്ട മറ്റൊരു ഓല പനയോലയാണ്. നാട്ടിലെ കൊന്പന്മാർക്ക് ഇഷ്ടപ്പെട്ട ഓലയാണ് പനയോല. തുന്പിക്കൈയിൽ ഓലയും ചുരുട്ടിയെടുത്ത് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, ആരെയും കൂസാതെ പോകുന്ന എത്രയോ കൊന്പന്മാരെ മലയാളി ദിവസവും കാണുന്നു. അരി തിന്നുന്ന കൊന്പനെ അരിക്കൊന്പനെന്നും ചക്ക തിന്നുന്നതിനെ ചക്കക്കൊന്പനെയും മാങ്ങാ തിന്നുന്നവനെ മാങ്ങാക്കൊന്പനെന്നും നമ്മൾ വിളിക്കാറുണ്ടെങ്കിലും ഓല തിന്നുന്ന കൊന്പന്മാരെ ആരും ഓലക്കൊന്പൻ എന്നു വിളിച്ചുകേട്ടിട്ടില്ല. ഇനി ആരെങ്കിലും വിളിച്ചുതുടങ്ങുമോയെന്നും അറിയില്ല.
കശുവണ്ടി കോർപറേഷൻ, കരകൗശല കോർപറേഷൻ എന്നിങ്ങനെ തുടങ്ങി തേങ്ങയ്ക്കും തേങ്ങാവെള്ളത്തിനും വരെ കോർപറേഷനുകളും തലപ്പത്തു ചെയർമാന്മാരുമുള്ള നാടാണിത്. കാട്ടിലും നാട്ടിലുമുള്ള ബാംബൂ വരെ കോർപറേഷനു കീഴിലായി. എന്നിട്ടും ഒരു പരിഗണനയുമില്ലാതെ കാറ്റുംകൊണ്ട് നിൽക്കുകയായിരുന്നു കൈതോല. ആ ഓലയുടെ കാര്യംകൂടി പറയാതെ പോവരുതല്ലോ.
പാട്ടിലും പായയിലുമൊക്കെ പണ്ടേയുണ്ടെങ്കിലും ഇപ്പോഴാണ് പാർട്ടിയിലൊരിടം കിട്ടിയത്. ഒരു പകിട്ടില്ലെന്ന മട്ടിലായിരുന്നു ഇക്കാലമത്രയും നാട്ടുകാരുടെ നോട്ടം. കെട്ടിലും മട്ടിലും നാട്ടുകാരെ ഒന്നു ഞെട്ടിക്കാൻ ഇനി ഏതു വേഷം കെട്ടണമെന്ന കണ്ഫ്യൂഷനിൽ നട്ടംതിരിയുന്പോഴാണ് എങ്ങനെയോ ശക്തി ധരിച്ചെത്തിയയാളുടെ പായ നിവർത്തൽ. ഇനി നടക്കാനിടയുള്ളത്: ചെറിയൊരു വിരട്ടൽ, അന്വേഷണത്തിന്റെ ഉരുട്ടൽ, വെള്ളപെയിന്റിന്റെ പെരട്ടൽ, എല്ലാം ചുരുട്ടിക്കെട്ടൽ! പ്രതിപക്ഷം വെറുതെ വിടുമോ? ഉണ്ടവനു പാ കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്. സഹകരിക്കുക, എല്ലാവർക്കും തരാനുള്ള ഇലയും പായും തത്കാലം സ്റ്റോക്കില്ല!
മിസ്ഡ് കോൾ= പനിക്കണക്കുകൾ ആരോഗ്യവകുപ്പ് പുറത്തു വിടുന്നില്ലെന്ന് ആക്ഷേപം.
- വാർത്ത
= വകുപ്പിനു കണക്കുപനി!