എന്തായാലും അന്വേഷണം കഴിയുന്പോൾ ഒരു ഹൗസ് ബോട്ടിൽ കയറ്റാവുന്നത്ര ശിപാർശകൾ വരും. യാത്രാബോട്ടിനു ലൈസൻസ് നിർബന്ധമാക്കണം, ഓടിക്കുന്നവർക്കു യോഗ്യത വേണം, ഫിറ്റ്നസ് പരിശോധിക്കണം, പരിധിയിൽ കൂടുതൽ ആളുകളെ കയറ്റരുത്, യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിക്കണം... എന്നിവയൊക്കെയാകും പ്രധാന ശിപാർശകളെന്ന് ഉൗഹിക്കാൻ ഏരിയാ കമ്മിറ്റി സെക്രട്ടറിയാകണമെന്നൊന്നുമില്ല.
അപ്പോൾ പൗരന് ഒരു സംശയം, കുമരകം ബോട്ട് അപകടമുണ്ടായപ്പോൾ നടന്ന അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലും ഇതൊക്കെ പറഞ്ഞിരുന്നില്ലേ. കുമരകത്തു മാത്രമല്ല, തേക്കടിയിലും തട്ടേക്കാടുമൊക്കെയുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മീഷനുകളും ഈ ശിപാർശയൊക്കെ തന്നെയാണ് പറഞ്ഞിരുന്നത്. എങ്കിൽപിന്നെ ആ ശിപാർശ നടപ്പാക്കിയാൽ പോരേ..? ഖജനാവിൽ കാശില്ലാത്ത കാലത്ത് ലക്ഷങ്ങൾ മുടക്കി വീണ്ടുമൊരു അന്വേഷണത്തിന്റെ കാര്യമുണ്ടോ?
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ഒരു സർക്കാരാണ് ഇവിടെയുള്ളത്. ഒരു ജുഡീഷൽ അന്വേഷണം വന്നാൽ എത്ര പേർക്കാണ് തൊഴിൽ കിട്ടുന്നത്? അതല്ലേ നമ്മൾ പരിഗണിക്കേണ്ടത്. പിന്നെ ഈ റിപ്പോർട്ടും യാതൊരു കേടും കൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം സർക്കാരിനുണ്ട്. ഖജനാവിന്റെ വലിയൊരു ഭാഗം കാലിയായി കിടക്കുകയല്ലേ, ഇനി എത്ര ജുഡീഷൽ അന്വേഷണ റിപ്പോർട്ട് വന്നാലും അവിടെ സുരക്ഷിതമായി ഇരുന്നോളും!
മിസ്ഡ് കോൾ= 108 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് സർക്കാർ.
- വാർത്ത
= ഇനിമുതൽ അരിക്കൊന്പന് കെ-അരി!