പല മുദ്രാവാക്യങ്ങളും നടക്കുന്ന കാര്യമാണോ നടക്കാൻ പോകുന്ന കാര്യമാണോയെന്നു ചോദിച്ചാൽ, അഞ്ചു പേരുള്ള കൂറ്റൻ പ്രകടനം കടന്നുപോകുന്പോൾ മുഴങ്ങുന്ന മുദ്രാവാക്യം കേട്ടിട്ടില്ലേ... “ഞങ്ങടെ ഒാമന നേതാവേ ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ.’’
ഒരു വാർഡ് തെരഞ്ഞെടുപ്പിൽ പോലും ഇതുവരെ ജയിച്ചിട്ടില്ലാത്ത നേതാവിനെയും ആനയിച്ചുകൊണ്ടുവരുന്പോൾ നമ്മൾ ആവേശത്തോടെ തൊണ്ട പൊട്ടിക്കും, തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റചരിത്രം കേട്ടിട്ടില്ല! തോറ്റ ചരിത്രവും സയൻസുമൊക്കെ കേൾക്കണമെങ്കിൽ നേതാവ് എന്നെങ്കിലും സ്വന്തം പാഠപുസ്തകമെങ്കിലും മറിച്ചുനോക്കിയ ചരിത്രം വേണമല്ലോ.
ചോരച്ചാലുകൾ നീന്തിക്കയറിയ, തൂക്കുമരങ്ങളിലൂഞ്ഞാലാടിയ, മരണത്തിന്റെ മുഖത്തു ചവിട്ടിയ എന്നൊക്കെ കുട്ടിസഖാക്കൾ ആഞ്ഞുവിളിക്കുന്പോൾ നമ്മൾ കോൾമയിർ കൊള്ളും. ചോരച്ചാലു പോയിട്ട് ചോരയെന്നു കേട്ടാൽ ബോധം കെട്ടു വീഴുന്നവനും ആ മുദ്രാവാക്യം വിളിക്കാമെന്നു നാട്ടുകാർ തിരിച്ചറിയുന്നില്ലല്ലോ. എന്തായാലും ആരുടെയായാലും മുദ്രാവാക്യം മുഖരിതമാകട്ടെ, അത് ആരുടെയും മുതുകത്തോട്ടു കയറാതിരിക്കട്ടെ.
മിസ്ഡ് കോൾ = കാട്ടുപന്നിയെ വെടിവച്ചു കൊല്ലാം; തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്ക് അധികാരം.
- വാർത്ത
= ഉണ്ടയില്ലാത്ത എത്രയോ വെടി പൊട്ടിക്കുന്നു!