ഇതിനിടെ, കുറച്ചുകാലം മുന്പു പാർട്ടിക്കുളത്തിൽനിന്നു ഒരുവിധം കരപറ്റിയ ചെറിയാച്ചൻജി ഇതു ചെറിയ കാര്യമല്ലെന്നും അവിടെ പോയാൽ വല്ലാതെ ചൊറിയുമെന്നുമൊക്കെ മുന്നറിയിപ്പ് നൽകിയിട്ടും തോമസ്ജി കുലുങ്ങിയില്ല. വലയും പുഴയും കുളവുമൊക്കെ താൻ എത്ര കണ്ടിരിക്കുന്നുവെന്ന മട്ടിലായിരുന്നു പുള്ളിക്കാരന്റെ നീന്തൽ. കോണ്ഗ്രസിന്റെ വലയിൽനിന്ന് ഏതു മീൻ ചാടിയാലും കൈയോടെ കൂടയിലാക്കണമെന്നതാണ് ഇപ്പോൾ സഖാക്കന്മാരുടെ നയം. പാർട്ടിക്കുളത്തിലെ കോണ്ഗ്രസ് മീനുകളുടെ എണ്ണം അടുത്ത കാലത്തു കൂടിക്കൂടി വരികയാണ്.
പ്രായത്തിന്റെ പേരു പറഞ്ഞു തന്നെ മാത്രം തള്ളുകയാണെന്നാണ് തോമസ്ജിയുടെ സങ്കടം. പ്രായമായതു തന്റെ കുറ്റമാണോ അതോ തനിക്കു മാത്രമാണോയെന്നും അദ്ദേഹം ചോദിക്കുന്നു. മീനിന്റെ പേരു പറഞ്ഞ് പാർട്ടിക്കാർത്തന്നെയാണ് തന്നെ കരിവാരി തേച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാൽ, കിട്ടിയതെല്ലാം വെട്ടിയടിച്ചിട്ട് ഇപ്പോൾ പാർട്ടിയെയും തട്ടിമറിച്ചിട്ട് സിപിഎമ്മിനോടു മുട്ടിയിരിക്കാനാണ് ഭാവമെങ്കിൽ അതു കോണ്ഗ്രസുകാർക്കു പൊറുക്കാനാവില്ലെന്നാണ് രാജ്മോഹൻ ഉണ്ണിത്താനെപ്പോലെ “അച്ചടക്കമുള്ള’’ കോണ്ഗ്രസുകാരുടെ അഭിപ്രായം.
എന്തായാലും സിപിഎം ദേശീയ സമ്മേളനത്തെ പാർട്ടി കോണ്ഗ്രസ് എന്നു വിളിക്കണോ കോണ്ഗ്രസ് പാർട്ടി എന്നു വിളിക്കണോയെന്നുള്ള ആശയക്കുഴപ്പത്തിലാണ് ഇപ്പോൾ നാട്ടുകാർ. കാരണം കുറെ ദിവസമായി പാർട്ടി കോണ്ഗ്രസുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകളെല്ലാം കോണ്ഗ്രസുകാരെക്കുറിച്ചാണ്!
മിസ്ഡ് കോൾ= സാധാരണക്കാരെ ജപ്തി ചെയ്യുന്നതു സർക്കാർ നയമല്ലെന്നു മന്ത്രി.
- വാർത്ത
=ആവശ്യമെങ്കിൽ ശക്തികാട്ടി
ഒഴിപ്പിച്ചോളാം!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്