അതുകൊണ്ട് പ്രവാസികളെ മുഴുവൻ പ്രത്യേക പൂജാകർമാദികൾക്കു ശേഷമേ വിമാനത്തിൽ കയറ്റുകയും ഇറക്കുകയും ചെയ്യുകയുള്ളൂ. മാത്രമല്ല ഇങ്ങനെയെത്തുന്ന പ്രവാസികൾ യക്ഷിപ്പേടി ഒഴിവാക്കാൻ കുറെ ദിവസം ഏകാന്ത ധ്യാനത്തിൽ വിലയം പ്രാപിക്കുകയും വേണം. വിമാനത്തിൽ കയറണമെങ്കിൽ നോന്പും വ്രതവുമൊക്കെ ദിവസങ്ങൾക്കു മുന്പേ തുടങ്ങണം.
48 മണിക്കൂർ മുന്പേ പൂജിച്ച കന്പ് മൂക്കിൽ കയറ്റിയുള്ള കർമങ്ങൾ ആരംഭിക്കും. പിന്നെ പുറത്തേക്ക് ചുറ്റിക്കറങ്ങാൻ ശ്രമിക്കരുത്. നേരേ വിമാനത്താവളത്തിൽ എത്തുക, അവിടെയും മൂക്കിൽ കന്പ് കയറ്റി യക്ഷിയുടെ സാന്നിധ്യമുണ്ടോയെന്നു പരിശോധിക്കും. തുടർന്നു സാനിറ്റൈസറിൽ കുളിച്ച് ഈറനോടെ വേണം വിമാനത്താവളത്തിൽ പ്രവേശിക്കാൻ. ചിലപ്പോൾ പിപിഇ ഉടയാടകൾ അണിയേണ്ടിവരും.
നാട്ടിൽ പറന്നിറങ്ങി കഴിയുന്പോൾ ഈ കർമങ്ങളുടെ ശക്തി ക്ഷയിച്ചതുകൊണ്ടാണോ എന്നറിയില്ല ഒരിക്കൽകൂടി ഇതെല്ലാം ആവർത്തിക്കണം. അതോടെ മൂക്കിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും. ഈറനോടെ പുറത്തേക്കു വന്നാൽ മിണ്ടാതെ, ഉരിയാടാതെ, ആരെയും ദർശിക്കാതെ ഏകാന്തധ്യാനത്തിനായി പൊയ്ക്കൊള്ളണം. തുടർന്ന് ആർടിപിസിആർ തകിട് ധരിക്കണം. ഇതെല്ലാം കഴിയാതെ പ്രവാസികളുടെ പിന്നാലെ കൂടുന്ന കോവിഡ് യക്ഷി ഒഴിഞ്ഞുപോവില്ലത്രേ.
എന്തായാലും കേരളത്തിൽനിന്നു യുഎസിലേക്കു പോയ ഒരു മുഖ്യപ്രവാസി ഉടനെ തിരിച്ചെത്തുകയാണ്. സാദാ പ്രവാസികൾക്ക് ഉണ്ടായിരുന്ന മന്ത്രതന്ത്രവിധികൾ മുഖ്യപ്രവാസിക്കും ഉണ്ടായിരിക്കുമോയെന്ന ആകാംക്ഷയിൽ കാത്തിരിക്കുകയാണ് നാട്ടുകാർ.
മിസ്ഡ് കോൾ
= അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിക്കുന്നു.
- വാർത്ത
= ഇലക്ഷനായിപ്പോയി, അല്ലെങ്കിൽ
കാണിച്ചുതരാമായിരുന്നു.
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്