എല്ലാരും ചൊല്ലണ്, സർവേക്കല്ലാണീ നെഞ്ചിലെന്ന്!
Friday, January 7, 2022 12:10 AM IST
കല്ല് കൊത്താനുണ്ടോ കല്ല്... എന്നു ചോദിച്ച് ഇടവഴികളിൽ ചുറ്റിത്തിരിയുന്ന നാടോടികൾ പണ്ടത്തെ പതിവുകാഴ്ചകളിലൊന്നായിരുന്നു. കാലം മാറിയതോടെ കൊത്താനുള്ള കല്ലും ചുറ്റാറുള്ള നാടോടികളും ഇല്ലാതായി. എന്നാൽ, ഏതാനും ആഴ്ചകളായി ചോദിക്കലും പറച്ചിലുമൊന്നുമില്ലാതെ “കല്ലു കുത്താനുണ്ടേ കല്ല്...’’ എന്നു പ്രഖ്യാപിച്ച് ഏതാനും സർക്കാർ ഉദ്യോഗസ്ഥർ ഇടവഴികളിലൂടെയൊക്കെ ചുറ്റിത്തിരിയുകയാണ്. വെറും കല്ലല്ല, സർക്കാർ വക സർവേക്കല്ലുകളും സർവസന്നാഹങ്ങളുമായിട്ടാണ് സംഘത്തിന്റെ വരവ്.
വരാനിരിക്കുന്ന സിൽവർ ലൈൻ അതിവേഗ ട്രെയിൻ പദ്ധതിക്കു സ്ഥലം കുത്തിയെടുക്കാനാണ് ഈ അതിവേഗ കല്ലിടൽ. എന്നാൽ, കല്ല് സിൽവർ അല്ല ഗോൾഡൻ ആയാലും കല്ലിടാൻ വരുന്നവരെ കാലു കുത്തിക്കില്ലെന്നു പറഞ്ഞു കലികയറി നിൽക്കുകയാണ് കല്ലിൽത്തട്ടി കാലും കിടപ്പാടവും പോകുന്നവർ. തങ്ങളുടെ കഞ്ഞിയിൽ ട്രെയിനിൽ വന്നു കല്ലുവാരിയിടരുതെന്ന അപേക്ഷ മാത്രമേ അവർക്കുള്ളൂ.
ഇതിനിടയിലാണ് മുഖ്യനെ നോക്കി “എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ് കരിങ്കല്ലാണീ നെഞ്ചീലെന്ന്...’’ പ്രതിപക്ഷം പാടിത്തുടങ്ങിയത്. ആരൊക്കെ ചൊല്ലിയിട്ടും കുലുക്കമില്ലാതെ കരിങ്കല്ലിനു കാറ്റു പിടിച്ചതുപോലെ നിൽക്കുകയാണ് പിണറായിസഖാവ്. ഇതോടെയാണ് ഇനി മുഖ്യനെ സർവേക്കല്ല് പിഴുത് എറിഞ്ഞുവീഴ്ത്തുകയല്ലാതെ വേറെ വഴിയില്ലെന്നു സുധാകരൻജി തീരുമാനിച്ചത്. അതേസമയം, ഉൗരിപ്പിടച്ച വാളുകൾക്കിടയിലൂടെ നടന്ന സഖാവ്, ചീറിവരുന്ന സർവേക്കല്ലുകളെയും തട്ടിത്തെറിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അണികൾ.
താൻ വളരെ പ്രതീക്ഷയോടെ ബിജെപിയുടെ വളപ്പിൽ ഇട്ട അധികാരക്കല്ല് മണ്ണുമൂടിപ്പോയെങ്കിലും മുഖ്യൻ കല്ലിട്ടു കേരളം കലക്കുന്നതു കണ്ടിരിക്കാൻ തനിക്കു പറ്റില്ലെന്ന് എൻജിനിയർ ഇ. ശ്രീധരൻജിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരുപക്ഷേ, ബിജെപിയിൽ പോയില്ലായിരുന്നെങ്കിൽ ഭൂകന്പമാകേണ്ട അഭിപ്രായമായിരുന്നു ശ്രീധരൻജിയുടേത്. എന്നാൽ, ഇപ്പോൾ സംഘിയായതിനാലാണ് ശ്രീധരൻജി എതിർക്കുന്നതെന്നു പറഞ്ഞു സഖാക്കൾക്കു തത്കാലം തലയൂരാം.
പിണറായിസഖാവ് കരുതിക്കൂട്ടി ഇട്ട കല്ലിൽത്തട്ടി വീഴാതിരിക്കാൻ എന്തു ചെയ്യുമെന്ന ആലോചനയിലാണ് ഇടതുമുന്നണിയിലെ ചെറിയേട്ടനായ കാനംജിയും സംഘവും. ആദ്യമേ ചാടിക്കയറി സിൽവർ ലൈനിനു പിന്തുണ പ്രഖ്യാപിച്ച കാനംജിക്കു സ്വന്തം പാർട്ടിക്കാർത്തന്നെ നല്ല കനത്തിൽ കൊടുത്തെന്നാണ് കേൾവി. അതിരപ്പിള്ളിയെ കണ്ണുമടച്ച് എതിർത്ത പാർട്ടി സിൽവർ ലൈൻ എന്നു കേട്ടപ്പോൾ കണ്ണുമടച്ച് ഇരിക്കുകയാണോയെന്നു നാട്ടുകാർ ചോദിച്ചുതുടങ്ങിയിട്ടുണ്ട്.
ഇതിനിടെ, സിൽവർ ലൈനിനെ തേച്ചുമിനുക്കി ഗോൾഡൻ ലൈൻ ആക്കി മാറ്റാൻ മുഖ്യമന്ത്രി പൗരപ്രമുഖരെ ഓടിനടന്നു കാണാൻ തീരുമാനിച്ചിറങ്ങിയിരിക്കുന്നു. എന്നാൽ, വീടും സ്ഥലവും പോകുന്നതു പൗരപ്രമുഖർക്ക് അല്ലെന്നും നാട്ടിലെ സാധാരണക്കാർക്ക് ആണെന്നും, അവരോടു ചർച്ച ചെയ്യാതെ കല്ലു പോയിട്ടു കരിയില പോലും ഇടാൻ സമ്മതിക്കില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ പക്ഷം.
ഗ്രൂപ്പിൽ കല്ലെറിഞ്ഞതിന്റെ കലപിലകളായിരുന്നു ഇത്രയും നാൾ കോണ്ഗ്രസ്് കൂട്ടിൽ അരങ്ങേറിയിരുന്നത്. ഇപ്പോൾ ഭരണപക്ഷത്തെ എറിയാൻ ഒരു കല്ല് കൈയിൽ കിട്ടിയതോടെ അവർ തത്കാലം കൂട്ടിലെ തല്ല് നിർത്തിവയ്ക്കുമെന്നു കരുതാം. സർവേക്കല്ല് പിഴുതെറിയാൻ പോകുന്ന കോണ്ഗ്രസുകാരോട് ഒരു അപേക്ഷയുണ്ട്. കല്ലുകൾ പിഴുതുകളയാനിറങ്ങുന്പോൾ ഒരു കാര്യംകൂടി ചെയ്യണം, നിങ്ങൾ രാഷ്ട്രീയ നേതാക്കൾ പല പദ്ധതികൾക്കായി ഇട്ട നിരവധി കല്ലുകളും ശിലാഫലകങ്ങളും പലേടത്തായി കാടുകയറി കിടപ്പുണ്ട്. അതുകൂടി പിഴുതു കളയുകയാണെങ്കിൽ അത്രയും സ്ഥലം വൃത്തിയായിക്കിടക്കും!
മിസ്ഡ് കോൾ
= കെഎസ്ആർടിസി ബസുകളുടെ മുന്നിലും പിന്നിലും ഇനി കാമറ.
- വാർത്ത
= ആന കുത്താൻ വരുന്പോഴും സ്മൈൽ പ്ലീസ്!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്