എവിടെയും കനൽ ഒരു തരി മതി!
Monday, August 31, 2020 12:16 PM IST
തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നേ കാരണവന്മാർ പറഞ്ഞിട്ടുള്ളൂ, ഫയലിൽ ചൊറിയരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഭരണത്തറവാട്ടിലെ പ്രോട്ടോക്കോൾ ആപ്പീസിൽ തീപിടിത്തമു ണ്ടായപ്പോൾ പ്രതിപക്ഷത്തിന്റെ സംശയം കത്തിപ്പിടിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഭരണപക്ഷത്തിന്റെ ആപ്പീസ് ഇതോടെ പൂട്ടിച്ചേക്കാമെന്നു കരുതിയാണ് കോവിഡ് പ്രോട്ടോക്കോൾ പോലും നോക്കാതെ അവർ സമരത്തീയിലേക്കു ചാടിയത്.
എന്നാൽ, ഇതും മുന്നിൽക്കണ്ടു തീ കാഞ്ഞതുകൊണ്ട് ഒരു ഗുണവുമില്ലെന്നായിരുന്നു സഖാക്കളുടെ പക്ഷം. വെറും ഒരു ബക്കറ്റ് വെള്ളം തളിച്ചപ്പോൾ കെടാനുള്ള തീയേ അവിടെ ഉണ്ടായിരുന്നുള്ളത്രേ. ഇനി അതിന്റെ ചുറ്റുമിരുന്നു പ്രതിപക്ഷം ആഞ്ഞുവലിച്ച് ഊതിയാൽ മൂക്കിൽ കുറെ പുക കയറുമെന്നല്ലാതെ ഒരു പ്രയോജനവുമുണ്ടാകില്ലെന്നു സൈബർ സഖാക്കൾ പ്രഖ്യാപിച്ചുകഴിഞ്ഞു.
അല്ലെങ്കിലും ബക്കറ്റും പാർട്ടിയും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ. പല വിഷമഘട്ടങ്ങളിലും പാർട്ടിയെ താങ്ങിനിർത്തിയിട്ടുള്ളത് ഈ ചെറിയ ബക്കറ്റ് ആണ്. ബക്കറ്റ് മൂലം രക്ഷപ്പെട്ടിട്ടുള്ള എത്രയോ സഖാക്കൾ നമ്മുടെ നാട്ടിലുണ്ട്. ബക്കറ്റിന്റെ പ്രത്യയശാസ്ത്രപരമായ പ്രാധാന്യത്തെക്കുറിച്ചുള്ള ഗവേഷണവും പരീക്ഷണവും എത്രയോ നാളുകളായി പാർട്ടി കേന്ദ്രങ്ങൾ നടത്തിവരുന്നു. കെട്ടിടം പണിയാൻ മണ്ണിലല്ല, ബക്കറ്റിലാണ് ശിലയിടേണ്ടതെന്നു മലയാളിയെ പഠിപ്പിച്ചതുപോലും പാർട്ടിയാണല്ലോ!
ഒരു പാർട്ടി സമ്മേളനകാലത്തു വി.എസ് സഖാവ് പാർട്ടി നേതൃത്വത്തെ തീക്കനലിൽ നിർത്തിയപ്പോഴും രക്ഷയ്ക്കെത്തിയതു ബക്കറ്റ് ആയിരുന്നുവെന്നതും ആരും മറന്നിട്ടുണ്ടാവില്ല. ശംഖുമുഖം കടപ്പുറത്ത് വി.എസ് വാരിയിട്ട തീക്കനലുകളെ ബക്കറ്റിലെ വെള്ളമൊഴിച്ചാണ് അന്നു പെരിയ സഖാവ് കെടുത്തിയത്. തിരയടിക്കുന്ന സമുദ്രത്തിലെ ജലം ബക്കറ്റിൽ കോരിവച്ചാൽ അതിൽ തിരയുണ്ടാകില്ലെന്നായിരുന്നു വി.എസിനുള്ള മറുപടി. ഇന്നത്തെപ്പോലെ ബക്കറ്റിന്റെ പിടി അന്നും പിണറായി സഖാവിന്റെ കൈയിലായിരുന്നു എന്നതാണ് കൗതുകകരം.
ബക്കറ്റും ജലപീരങ്കിയുമൊക്കെ അവിടെ നിൽക്കട്ടെ; തീയില്ലാതെ പുകയുണ്ടാകുമോയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ചോദ്യം. പുകഞ്ഞ കൊള്ളി പുറത്തെന്നാണ് ചൊല്ല്, എങ്കിലും ഇതുവരെ പുക മാത്രമേ പുറത്തേക്കു വന്നിട്ടുള്ളൂ. പുകഞ്ഞ കൊള്ളിയിൽ കൊള്ളാവുന്ന ഫയലുകളൊന്നും ഇല്ലെന്നാണ് ഇതിനു സർക്കാർ മറുപടി. എന്നാൽ, പുകഞ്ഞ കൊള്ളിയെയല്ല പുകച്ച പുള്ളിയെയാണ് കാണേണ്ടതെന്നു പ്രതിപക്ഷം.
കെടുത്തിയ തീയും കടത്തിയ സ്വർണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ഇപ്പോൾ പലരുടെയും സംശയം. എല്ലാ മാലിന്യത്തെയും നീക്കി ഡീസന്റാക്കാൻ തീയ്ക്കുള്ള കഴിവ് പുരാണകാലം തൊട്ടേ പ്രസിദ്ധമാണല്ലോ. അങ്ങനെയൊരു അഗ്നിശുദ്ധിയാണോ ഇനി ആപ്പീസിൽ അരങ്ങേറിയത്? തീ കത്തുന്പോൾ സ്വർണനിറമാണെന്നു വച്ച് ആ തീയിൽ മുക്കുപണ്ടം ഉരുക്കി വിലങ്ങുണ്ടാക്കാൻ നോക്കുന്നതു തീക്കളിയാണെന്നു ഭരണപക്ഷം.
എന്തായാലും തീയുണ്ടാകാൻ കനൽ ഒരു തരി മതിയെന്നാണ് പാർട്ടിയുടെ പണ്ടുമുതലേയുള്ള അഭിപ്രായം. പാർട്ടിയാപ്പീസിൽ മാത്രമല്ല, സർക്കാരാപ്പീസിലും ഇതുമതിയെന്നു തെളിയിച്ചിരിക്കുകയാണ് പ്രോട്ടോക്കോൾ ഓഫീസിലെ കേടായ ഫാൻ! കനലൊരു തരികൊണ്ടു ഫയലിനു വരെ തീയിട്ട ഫാൻ ഒറ്റ ദിവസംകൊണ്ട് സെലിബ്രിറ്റിയുമായി. ചില പ്രമുഖരടക്കം ഈ ഫാനിന്റെ ഫാൻസ് ആയി മാറുമോയെന്ന് അധികം വൈകാതെ അറിയാം.
മിസ്ഡ് കോൾ
= തീ പിടിച്ചപ്പോൾ മാധ്യമങ്ങളെ പുറത്താക്കിയതിനു ചീഫ് സെക്രട്ടറിക്കു മന്ത്രിസഭയുടെ അഭിനന്ദനം.
- വാർത്ത
=പുര കത്തുന്പോൾ വാഴ വെട്ടിയതിനും അവാർഡ്!