ഫ്രഞ്ച് കിംഗ്ഫിഫ ഖത്തർ ലോകകപ്പിൽ ഫ്രാൻസിന്റെ ബി ടീമാണ് കളിക്കുന്നതെന്ന് പറഞ്ഞാൽ നെറ്റിചുളിക്കേണ്ട. കാരണം, പരിക്കേറ്റ പോൾ പോഗ്ബ, എൻഗോളൊ കാന്റെ, കരിം ബെൻസെമ, ലൂക്കാസ് ഹെർണാണ്ടസ്, മൈക്ക് മെയ്ഗ്നൻ, കിംപെംബെ, ക്രിസ്റ്റഫർ എൻകുങ്കു എന്നിവരുടെ അഭാവത്തിലാണ് ഫ്രാൻസ് 2022 ഖത്തർ ലോകകപ്പിന് ഇറങ്ങിയത്. ഇതിൽ ലൂക്കാസ് ഹെർണാണ്ടസ് ഓസ്ട്രേലിയയ്ക്ക് എതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിന്റെ ആദ്യ 13 മിനിറ്റ് കളിച്ചശേഷമാണ് പരിക്കേറ്റ് പുറത്തായത്.
ഇത്രയും മുൻനിര താരങ്ങളുടെ അഭാവത്തിൽ ഫ്രാൻസിനെ ഫൈനൽവരെ എത്തിച്ചതിൽ നിർണായക പങ്കുവഹിച്ചത് ആൻത്വാൻ ഗ്രീസ്മാനാണെന്നതിൽ തർക്കമില്ല. ഗ്രീസ്മാനൊപ്പം കൈലിയൻ എംബാപ്പെയും ഒലിവിയെ ജിറൂവുമെല്ലാം കട്ടയ്ക്ക് ഒപ്പമുണ്ടെന്നതും വിസ്മരിക്കാൻ സാധിക്കില്ല.
റഷ്യയിൽ ഗോളടിച്ചു, ഖത്തറിൽ ഗോളടിപ്പിക്കുന്നു...2018 റഷ്യൻ ലോകകപ്പിൽ ഗോൾ അടിച്ചും അടിപ്പിച്ചും അറ്റാക്കിംഗ് മിഡ്ഫീൽഡിന്റെ മനോഹാരിതയായിരുന്നു ആൻത്വാൻ ഗ്രീസ്മാൻ കാഴ്ചവച്ചത്. 2018 ലോകകപ്പിലെ മികച്ച മൂന്നാമത്തെ താരവുമായിരുന്നു. ഏഴ് മത്സരങ്ങളിൽ നാല് ഗോളും മൂന്ന് അസിസ്റ്റുമായിരുന്നു 2018 ലോകകപ്പിൽ ഗ്രീസ്മാന്റെ പേരിലുണ്ടായിരുന്നത്.
2022 ലോകകപ്പിൽ ഗോൾ അടിക്കുന്നതിലല്ല, അടിപ്പിക്കുന്നതിലാണ് ഗ്രീസ്മാന്റെ ശ്രദ്ധ. മൂന്ന് ഗോൾ അസിസ്റ്റ് ഖത്തറിൽ ഗ്രീസ്മാൻ നടത്തി. ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അസിസ്റ്റിൽ അർജന്റീനയുടെ ലയണൽ മെസി, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, പോർച്ചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസ് എന്നിവർക്കൊപ്പമാണ് ഗ്രീസ്മാൻ.
അതേസമയം, ഖത്തറിൽ ഏറ്റവും കൂടുതൽ അവസരം തുറന്നെടുത്തതും ഗ്രീസ്മാനാണ്. 21 അവസരങ്ങളാണ് ഗ്രീസ്മാൻ ഇതുവരെ തുറന്നെടുത്തത്. വന്പൻ അവസരങ്ങൾ തുറന്നെടുത്തതിലും ഗ്രീസ്മാനാണ് ഖത്തറിൽ രാജാവ്, ഏഴ്. മൊറോക്കോയ്ക്ക് എതിരേ ഫ്രാൻസ് നേടിയ ആദ്യ ഗോളിലേക്കുള്ള നീക്കം തുടങ്ങിയത്പോലും ഗ്രീസ്മാൻ ആയിരുന്നു.
ഫ്രാൻസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നടത്തിയ കളിക്കാരനുമായി ഗ്രീസ്മാൻ, 28. തിയറി ഒൻറി (27), സിനദീൻ സിദ്ദാൻ (26) എന്നിവരെയാണ് ഗ്രീസ്മാൻ പിന്തള്ളിയത്.