69-ാം മിനിറ്റിൽ ക്രൊയേഷ്യയുടെ പതനം പൂർണമായി; അൽവാരസിന്റെ രണ്ടാം ഗോളിലൂടെ. എന്നാൽ ഗോളിനേക്കാൾ സുന്ദരമായതു മെസിയുടെ അസിസ്റ്റായിരുന്നു. ഇതോടെ അർജന്റീന വിജയമുറപ്പിച്ചു.
അവസാന മിനിറ്റുകളിൽ നെതർലൻഡ്സിനെതിരായ പിഴവിൽനിന്നു പാഠംപഠിച്ച സ്കലോണി പ്രതിരോധം ശക്തിപ്പെടുത്തി. ഡിബാല ഉൾപ്പെടെ അവസരം ലഭിക്കാത്തവരെ കളത്തിലിറക്കി. അധികം വൈകാതെ ഫൈനൽ വിസിൽ. ഗാലറി പൊട്ടിത്തെറിച്ചു. അർജന്റീനയ്ക്കിത് ആഘോഷരാവ്.
ഗോൾവഴി...ലയണൽ മെസി (34’)ക്രൊയേഷ്യൻ പ്രതിരോധം പിളർത്തി ബോക്സിലേക്കു കടന്നുകയറിയ ഹൂലിയൻ അൽവാരസിനെ തടയാൻ മുന്നോട്ടു കയറിവന്ന ഗോൾകീപ്പർ ലിവകോവിച്ചിനു പിഴച്ചു. പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ലിവകോവിച്ചിന്റെ കൈ തട്ടി അൽവാരസ് നിലത്ത്. അർജന്റീനയ്ക്ക് അനുകൂലമായി പെനൽറ്റി. കിക്കെടുത്തതു ലയണൽ മെസി. പിഴച്ചില്ല; മെസിയുടെ ബുള്ളറ്റ് ഷോട്ട് ലിവകോവിച്ചിനെ നിസഹായനാക്കി വലയിൽ.
അൽവാരസ് (39’, 69’)1. ഗോളിന്റെ തുടക്കം ക്രൊയേഷ്യക്കു ലഭിച്ച കോർണറിൽനിന്ന്. അർജന്റീനയുടെ പെനൽറ്റി ബോക്സിൽനിന്നു ക്ലിയർ ചെയ്ത പന്തെത്തിയതു മെസിയുടെ കാലിൽ. മെസിയെ ക്രൊയേഷ്യൻ പ്രതിരോധക്കാർ വീഴ്ത്തിയെങ്കിലും അതിനു മുന്പുതന്നെ പന്ത് അൽവാരസിനു മറിച്ചു.
ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നു പന്തുമായി ഒറ്റയ്ക്ക് അൽവാരസിന്റെ അതിവേഗക്കുതിപ്പ്. രണ്ടു ക്രൊയേഷ്യൻ പ്രതിരോധക്കാർ പന്തിൽ തൊട്ടെങ്കിലും രണ്ടുവട്ടവും അൽവാസിൽതന്നെ പന്ത് തിരിച്ചെത്തി. ഒടുവിൽ മുന്നോട്ടുവന്ന ഗോൾകീപ്പർ ലിവകോവിച്ചിന്റെ തലയ്ക്കു മുകളിലൂടെ ഒരു ചെറുചിപ്പ്, പന്ത് വലയിൽ. ടൂർണമെന്റിലെതന്നെ ഏറ്റവും മികച്ച ഗോളിലൊന്ന്.
2. ഗോളടിച്ചത് അൽവാരസാണ്. പക്ഷേ അതിനേക്കാൾ മനോഹരമായിരുന്നു മെസിയുടെ അസിസ്റ്റ്. മിഡ്ഫീൽഡിൽനിന്നു വലതുവിംഗിലൂടെ പന്തുമായി അർജന്റീന നായകന്റെ മിന്നൽക്കുതിപ്പ്.
ക്രൊയേഷ്യൻ ബോക്സിനടുത്തു വരെ, ഈ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായ ജോസ്കോ ഗ്വാർഡിയോൾ മെസിയെ തടയാൻ ശ്രമിച്ചെങ്കിലും മുന്നോട്ടുനീങ്ങിയും ഞൊടിയിടയിൽ വെട്ടിത്തിരിഞ്ഞും മെസിയുടെ മാന്ത്രികചലനം. പിന്നെ അൽവാരസിനായി തളികയിലെന്നവണ്ണം അളന്നുമുറിച്ചൊരു മാജിക്കൽ പാസ്. വലയിലേക്ക് ചെത്തിയിട്ട് അൽവാരസിന്റെ ഫിനിഷിംഗ്.