രണ്ടു ഗോൾ നേടിയ യൂസഫ് എൻനെസീരിയാണ് മൊറോക്കോയുടെ ടോപ് സ്കോറർ. എന്നാൽ, ഗോളിലേക്ക് ഏറ്റവും കൂടുതൽ തവണ ലക്ഷ്യം വച്ചത് ഹക്കിം സീയെച്ച് ആണ്.
സീയെച്ച് ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു. 59.3 കിലോമീറ്റർ ഇതുവരെ ഓടിത്തീർത്ത സോഫ്യാൻ അറാബറ്റ് ആണ് മോറോക്കൻ ടീമിലെ അധ്വാനി. എതിരാളിയുടെ ലൈൻ ബ്രേക്ക് 64 തവണ ചെയ്ത അക്രാഫ് ഹക്കീമി, ഏറ്റവും കൂടുതൽ സ്പ്രിന്റും (303) ഡിഫെൻസീവ് പ്രഷറും (321) നടത്തിയ അസെദിൻ ഔനഹി, ഗോൾ വലയ്ക്ക് മുന്നിൽ 39 സേവ് നടത്തിയ യാസിൻ ബൗനൗ എന്നിവരെല്ലാം ചേരുന്പോൾ ആഫ്രിക്കൻ സിംഹങ്ങളുടെ ശൗര്യം വർധിക്കും.
അഞ്ച് ഗോൾ നേടുകയും രണ്ട് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്ത കൈലിയൻ എംബാപ്പെ, കരിം ബെൻസെമയുടെ അഭാവം അറിയിക്കാതെ ഗോൾ നേടുന്ന (4) ഒലിവിയെ ജിറൂ, ഖത്തർ ലോകകപ്പിൽത്തന്നെ ഏറ്റവും കൂടുതൽ അസിസ്റ്റ് (3) നടത്തിയ ആൻത്വാൻ ഗ്രീസ്മാൻ, ഏറ്റവും കൂടുതൽ സ്പ്രിന്റ് നടത്തിയ (267) അഡ്രിയെൻ റാബിയോട്ട്, ഏറ്റവും കൂടതുൽ പാസ് സ്വീകരിച്ചും (331) ഏറ്റവും കൂടുതൽ ദൂരം പിന്നിട്ടും (51.69 കിലോമീറ്റർ) കഠിനാധ്വാനം കാഴ്ചവയ്ക്കുന്ന ഔറെലീൻ ഷൗമേനി, 40 സേവുകൾ നടത്തിയ ക്യാപ്റ്റനും ഗോളിയുമായ ഹ്യൂഗൊ ലോറിസ് എന്നിവരെല്ലാം ചേരുന്പോൾ രണ്ടാം തവണയും കപ്പിൽ മുത്തമിടും എന്നുറപ്പിച്ചിരിക്കുകയാണ് ഫ്രാൻസ്.
പിഎസ്ജി താരങ്ങളായ കൈലിയൻ എംബാപ്പെയും മൊറോക്കൻ ഡിഫെൻഡർ അക്രാഫ് ഹക്കീമിയും നേർക്കുനേർ ഇറങ്ങുന്ന പോരാട്ടവുമാണിത്.