ഓറഞ്ച് ഫോക്കസ്ലൂയിസ് വാൻ ഗാൽ എന്ന 71കാരനായ തന്ത്രജ്ഞനാണ് സുപ്രധാന ശ്രദ്ധാകേന്ദ്രം. 2014 സെമിയിൽ വാൻഗാലിന്റെ നെതർലൻഡ്സിനെ അർജന്റീന കീഴടക്കിയിരുന്നു. വിർജിൽ വാൻ ഡിക്ക് എന്ന പ്രതിരോധഭടനാണ് ഓറഞ്ച് സംഘത്തിന്റെ സിരാകേന്ദ്രം. മധ്യനിരയുടെ നിയന്ത്രണം ഫ്രാങ്ക് ഡിജോംഗിനും ആക്രമണത്തിന്റെ ചുമതല കോഡി ഗാക്പോയ്ക്കും മെംഫിസ് ഡീപ്പെയ്ക്കും. മൂന്ന് ഗോളുമായി ഗാക്പോയാണ് ടീമിന്റെ ടോപ് സ്കോറർ.
ഡാലി ബ്ലിൻഡ്, ഡെൻസിൽ ഡംഫ്രിസ് ഡാവി ക്ലാസൻ എന്നിവരും ചേരുന്പോൾ ഓറഞ്ചിന്റെ സ്വാദ് കൂടും. മത്യാസ് ഡി ലിറ്റ്, സ്റ്റീവൻ ബെർജ് വിൻ തുടങ്ങിയവരും വാൻഗാലിന്റെ ആയുധങ്ങളാണ്.
ആൽബിസെലെസ്റ്റെആൽബിസെലെസ്റ്റെ എന്നറിയപ്പെടുന്ന അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിതന്നെ. ഖത്തറിൽ അതിമനോഹര ഗോളടക്കം ഓർമിക്കത്തക്ക നിമിഷങ്ങൾ മെസി സമ്മാനിച്ചുകഴിഞ്ഞു. 2014 ലോകകപ്പിലെ ഗോൾഡൻ ബോൾ അവകാശിയായ മെസിക്കൊപ്പം ഏതാനും യുവപ്രതിഭകൾ ഉണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം.
അലെക്സിസ് അല്ലിസ്റ്റർ, എൻസൊ ഫെർണാണ്ടസ്, ഹൂലിയൻ ആൽവരെസ് എന്നിവരെല്ലാം ആവശ്യസമയത്ത് ടീമിനെ കൈപിടിച്ചവരാണ്. റോഡ്രിഗൊ ഡി പോളിന്റെ നിയന്ത്രണത്തിലാണ് മധ്യനിര. പരിക്കേറ്റ് വിശ്രമത്തിലുള്ള എയ്ഞ്ചൽ ഡി മരിയ മടങ്ങിയെത്തിയാൽ അർജന്റീനയുടെ ശക്തി ഒന്നുകൂടി ബലപ്പെടും.