മാസ് ഡയലോഗുമായി ആക്ഷൻ ഹീറോയുടെ എൻട്രി
Friday, March 19, 2021 12:50 PM IST
മാസ് ഡയലോഗുമായി തൃശൂരിലേക്ക് ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ എൻട്രി. അനന്തപത്മനാഭന്റെ മണ്ണിൽ നിന്ന് വടക്കുംനാഥന്റെ മണ്ണിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ സുരേഷ് ഗോപി ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയായി തീരുമാനിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ "അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറം ഇറങ്ങിയിട്ടുണ്ട്'എന്നായിരുന്നു മറുപടി.
രാഷ്ട്രീയക്കാരുടെ കൈകളിൽ നിന്നു വിശ്വാസികളുടെ കൈകളിലേക്ക് ക്ഷേത്രഭരണം എത്തിക്കുകയാണ് ലക്ഷ്യമെന്നും പത്രിക നൽ കിയശേഷം സുരേഷ് ഗോപി പ്രതികരിച്ചു.
ആശുപത്രിവാസം കഴിഞ്ഞ് വന്നതിന്റെ ക്ഷീണം താരത്തിന് മുഖത്ത് പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ ആൾക്കൂട്ടങ്ങളെ പരമാവധി ഒഴിവാക്കാൻ സുരേഷ് ഗോപി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സുരേഷ്ഗോപിയെ കാണാൻ നിരവധി പേരാണ് പുഴക്കലിലും അയ്യന്തോളിലും തടിച്ചുകൂടിയത്.
പത്രിക സമർപ്പിക്കാൻ സുരേഷ് ഗോപിക്കൊപ്പം നടൻ ദേവനും ഉണ്ടായിരുന്നു. ആർഡിഒ എൻ.കെ. കൃപ മുന്പാകെയാണ് സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചത്. ഭാര്യ രാധികയും ഒപ്പമെത്തിയിരുന്നു. പത്രിക കൊടുത്ത ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ചുപോയി. 27 ന് വീണ്ടും തൃശൂരിൽ എത്തും. അതിനുശേഷം പ്രചാരണം ഉൗർജിതമാക്കും.