കൊറോണയേക്കാൾ ഭീകര വൈറസുകൾ
Wednesday, May 20, 2020 8:44 PM IST
ഈയിടെ അശ്ലീല പോസ്റ്റുകൾവഴി സന്യസ്തരെ അവഹേളിച്ചുകൊണ്ടിരിക്കുന്നത് കാണാഞ്ഞിട്ടല്ല പ്രതികരിക്കാതിരുന്നത്. ലോകമൊന്നാകെ ഒരു മഹാവിപത്തിൽ എന്തുചെയ്യണമെന്നറിയാതെ വിങ്ങിപ്പൊട്ടുന്പോൾ ദുരിതബാധിതരുടെ പക്ഷംചേരുകയാണ് മനസാ വാചാ കർമണാ.
അപ്പോൾ ഇതാ കൊറോണയേക്കാൾ ഭീകരരായ സഭാവിരുദ്ധ വൈറസുകൾ സോഷ്യൽമീഡിയയിൽ അഴിഞ്ഞാടുന്നു. ഇവരിൽ ചിലരൊക്കെ ഭ്രാന്തിന്റെ ഉന്മാദലഹരിയിലാണെന്നു തോന്നും. വൈകൃതസ്വഭാവത്തിന്റെ ഉടമകൾ! അവർക്കു യാഥാർഥ്യബോധമില്ല എന്നു വ്യക്തമല്ലേ.
ഇവർ സ്വന്തം തെറ്റുകൾ മറ്റുള്ളവരിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണ്. കാര്യങ്ങളെ സ്വന്തം സങ്കൽപങ്ങൾക്കനുസൃതം വളച്ചൊടിക്കുന്നു. ഇവരെക്കുറിച്ചാകാം കവി ഇങ്ങനെ പാടിയത്:
ഭിത്തിയും വേലിയുമിഷ്ടമല്ല
ചട്ടവും ചിട്ടയും ഇഷ്ടമല്ല
ഭാവവും ഛായയും ഇഷ്ടമല്ല
അസ്ത്രവും ശാസ്ത്രവുമിഷ്ടമല്ല
ഇത്തരക്കാർ ഒന്നോർക്കണം, സന്യാസം ഇന്നലത്തെ പുതുമഴയ്ക്ക് എവിടെയോ കിളിർത്തതല്ല. അതിനു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബലവത്തായ വേരുകളുണ്ട്. ഇന്നത് ശാഖോപശാഖകളായി പന്തലിച്ചു നിൽക്കുന്നു. അതിന്റെ ഫലങ്ങൾ ലോകം ആസ്വദിക്കുന്നുണ്ട്. നിങ്ങളും പങ്കുപറ്റുന്നുണ്ട്. ഒന്നും അറിയാത്തവരല്ല നിങ്ങൾ. പൂജനീയയായ മദർ തെരേസയെപോലും നിങ്ങൾ വെറുതേവിട്ടില്ല.
എത്ര വികലമാണ് നിങ്ങളുടെ മനസിന്റെ ഭാവങ്ങൾ. ലജ്ജയുണ്ടോ നിങ്ങൾക്ക് സന്യസ്തർ സമൂഹത്തിന്റെ ഇത്തിൾക്കണ്ണികളാണെന്നു പറയാൻ? അക്രമത്തോടു ‘വേണ്ടാ’എന്നു പുഞ്ചിരിയോടും സമാധാനത്തോടും പറയുമെന്നു പ്രതിജ്ഞയെടുത്തവരാണ് ഞങ്ങൾ. വാക്കുകളിൽ ജീവിക്കുന്നതല്ല സ്നേഹം. വാക്കുകൊണ്ട് സന്യസ്ത ജീവിതത്തെ വിശദീകരിക്കാനാവില്ല.
സ്നേഹത്തിന്റെയും സേവനത്തിന്റെയും കൊച്ചുകൊച്ചു പ്രവൃത്തികൾകൊണ്ട് ദൈവത്തിന്റെ ദീപം തെളിഞ്ഞുനിൽക്കാൻ ഞങ്ങൾ സഹായിച്ചോട്ടെ. തടയിടരുത്. ഞങ്ങളുടെ വിശ്വാസം കൈവിടാതെ അഗതികൾക്കും ആലംബഹീനർക്കുംവേണ്ടി നിലകൊണ്ടോട്ടെ. പിറുപിറുക്കരുത്. സ്നേഹവും ത്യാഗവും വഴി ഞങ്ങളുടെ ചെറുദീപം കത്തിക്കോട്ടെ. കെടുത്തരുത്. പിറക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറയുന്നത് നിങ്ങൾ ഇവിടെ കാണും.
ആർക്കും വേണ്ടാത്ത മനോരോഗികൾ സ്വന്തം വീടുപോലെ ഇവിടെ കഴിയുന്നുണ്ട്. ഭയപ്പെടുത്തുന്ന വാർധക്യത്തെയും മരണത്തെയും ദൈവത്തിന്റെ വീട്ടിലേക്കുള്ള മടക്കയാത്രയാണെന്ന അനുഭവത്തോടെ കഴിയുന്നവരെ നിങ്ങൾക്കിവിടെ കാണാം. ഹൃദയകാഠിന്യമില്ലെങ്കിൽ ഇവരിൽനിന്നു പലതും നിങ്ങൾക്കു പഠിക്കാനാകും. ഈ രംഗങ്ങളെല്ലാം കണ്ടുകഴിഞ്ഞാൽ സന്യസ്തരെ ആക്ഷേപിക്കാനും പരിഹസിക്കാനും വിധിക്കാനും അവരുടെ അസ്തിത്വത്തെപ്പോലും തകർക്കുന്ന വാക്കുകൾ പറയാനും പറ്റുകയില്ല.
ഇന്ത്യയിലും ആഫ്രിക്കയിലുമൊക്കെ ഒട്ടേറെപ്പേർ വിശപ്പുമൂലം മരിച്ചുവീഴുന്നുണ്ട്. അതൊന്നും വാർത്തയല്ല. അമ്മമാരുടെ ഉദരത്തിൽവച്ച് കൊല്ലപ്പെടുന്ന ദശലക്ഷങ്ങളുണ്ട്. സന്യസ്തരെ ആക്ഷേപിക്കുന്നവർ ഈ ശിശുക്കൾക്കു വേണ്ടി പ്രതികരിക്കാത്തതെന്ത്? സമൂഹത്തിൽ കൊലപാതകങ്ങളില്ലേ, ആത്മഹത്യകളില്ലേ, ബലാൽസംഗങ്ങളും പീഡനങ്ങളും ഒളിച്ചോട്ടവും മരണവുമില്ലേ? പഠനം വല്ലതും നടത്തുന്നുണ്ടോ?
ഇനിയെങ്കിലും ദൈവകാരുണ്യത്തിന്റെ ജീവിക്കുന്ന പ്രതിഫലനമാകൂ. നിങ്ങളുടെ കണ്ണുകളിൽ കനിവ്, മുഖത്ത് കനിവ്, അഭിപ്രായങ്ങളിൽ കനിവ്, പോസ്റ്റുകളിൽ ഇത്തിരി കനിവ് ഒക്കെ കാണിക്കൂ.
സിസ്റ്റർ മേരി ജയിൻ എസ്ഡി,
പാലാ