കുടിവെള്ളം കൊതിച്ച് പ്രളയബാധിതർ
Tuesday, July 24, 2018 11:59 AM IST
കോട്ടയം: ചുറ്റും വെള്ളമാണെങ്കിലും കുടിക്കാനും ആഹാരം പാകം ചെയ്യാനുമായി ശുദ്ധജലത്തിനായി വലയുകയാണ് നാട്ടുകാർ. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ വെള്ളം കയറിയ പ്രദേശങ്ങളിലാണ് നാട്ടുകാർ കുടിവെള്ളത്തിനായി വലയുന്നത്. പ്രധാനമായും ഈ പ്രദേശത്തെ ജനങ്ങൾ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്.
വെള്ളം കയറിയതോടെ ടാപ്പുകൾ വെള്ളത്തിൽ മുങ്ങി. വൈദ്യുതി തടസം ഉണ്ടായതോടെ ചെങ്ങളം ശുദ്ധീകരണ പ്ലാന്റിലെ മോട്ടോർ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല. ഇതോടെ വെള്ളത്തിന്റെ ശുചീകരണമോ പന്പിംഗോ ഒന്നും നടക്കുന്നില്ല. വാഹനങ്ങളിൽ വെള്ളമെത്തിക്കാമെന്നു വച്ചാൽ റോഡുകളിലെ വെള്ളം ഇറങ്ങിയിട്ടുമില്ല. മിക്ക വീട്ടുകാരും വള്ളങ്ങളിലും മറ്റും പോയി ശുദ്ധജലം ശേഖരിക്കുകയാണ്.
വീടുകളിലെ കിണറുകളിലും മറ്റും വൻതോതിൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവയാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. കിണർ ശുചിയാക്കാതെ ഉപയോഗിക്കാൻ സാധിക്കില്ല. വെള്ളം പൂർണമായും ഇറങ്ങിയതിനുശേഷം മാത്രമേ കിണർ ശുചീകരണം നടക്കുകയുള്ളു.
വെള്ളപ്പൊക്കത്തെ തുടർന്നു തടസപ്പെട്ട മുഴവൻ പദ്ധതികളിലെയും കുടിവെള്ള വിതരണം പുനരാരംഭിച്ചതായി വാട്ടർ അഥോറിട്ടി അധികൃതർ അറിയിച്ചു. വെള്ളത്തിൽ കൂടുതലായി എക്കൽ അടിഞ്ഞതിനാൽ ആലം, കുമ്മായം എന്നിവ ചേർത്തുള്ള ശുചീകരണം നടത്തുന്നുണ്ട്. കോളിഫോം ബാക്ടീരിയായുടെ അളവ് കൂടുതലുണ്ടാകാനുള്ള സാഹചര്യമുള്ളതിനാൽ ക്ലോറിൻ ഗ്യാസ് ചേർത്ത് ബാക്ടീരിയയെ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.