പ്രളയദിനങ്ങൾ മറയുന്പോൾ ഇനി ഇവർക്കു കൂട്ട് ഇരുളും ദുരിതവും
Tuesday, July 24, 2018 11:54 AM IST
കോട്ടയം: ദുരിതാശ്വാസ ക്യാന്പിൽനിന്നു വീട്ടിൽ തിരിച്ചെത്തിയ റോസമ്മയും സഹോദരി കുഞ്ഞുമോളും തങ്ങളുടെ വസ്ത്രങ്ങളും പാത്രങ്ങളും എല്ലാം തേടിയെങ്കിലും കണ്ടെത്താനായില്ല. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടിരുന്നു.
ആർപ്പൂക്കര കരിപ്പ ചിറയിൽ സുഭാഷിന്റെ ഭാര്യ ജന്മനാ അന്ധരായ റോസമ്മ, സഹോദരി കുഞ്ഞുമോൾ എന്നിവരാണ് ഇന്നലെ രാവിലെ ദുരിതാശ്വാസ ക്യാന്പിൽ നിന്നും വീട്ടിലെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിൽ വെള്ളം കയറിയത്. ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റോസമ്മയുടെ ഭർത്താവ് സുഭാഷിനും കാഴ്ചയില്ല. ലോട്ടറി വിൽപനക്കാരനായ സുഭാഷ് ലോട്ടറി വിൽക്കുവാനായി പോയിരുന്നു.
മറ്റൊരു സഹോദരി ആശ ജോലിക്കും പോയിരുന്നു. വെളളം ക്രമാതീതമായി ഉയരുന്നത് കാഴ്ചയില്ലാതിരുന്നതിനാൽ ഇവർക്കു മനസിലായില്ലായിരുന്നു. അയൽവാസികളായ ജയ്മോനും ശരതും ചേർന്ന് ഇരുവരെയും കരിപ്പൂത്തട്ടിലുള്ള ക്യാന്പിലെത്തിക്കുകയായിരുന്നു.
ഭർത്താവ് സുഭാഷും സഹോദരി ആശയും വൈകുന്നേരത്തോടെ ക്യാന്പിലെത്തി. ഇന്നലെ ഉച്ചയോടെ ഇവർ വീട്ടിലെത്തി.
സകലതും നഷ്ടപ്പെട്ട ഇവർ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.