ദുരിത മേഖലയിലേക്ക് ജല ആംബുലൻസ് എത്തി
Tuesday, July 24, 2018 11:38 AM IST
ആലപ്പുഴ: ദേശീയ ആരോഗ്യദൗത്യം, സംസ്ഥാന ജലഗതാഗതവകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായി ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിതബാധിത മേഖലയിൽ പ്രത്യേകിച്ച് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ അടിയന്തര വൈദ്യസഹായമെത്തിക്കാനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജല ആംബുലൻസ് പ്രവർത്തിച്ചു തുടങ്ങി.
ജല ആംബുലൻസിന്റെ ജില്ലാതല ഉദ്ഘാടനം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ നിർവഹിച്ചു. കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതിക്കു പരമാവധി തണലേകാൻ സർക്കാർ എല്ലാ വിധത്തിലും ശ്രമിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. ജല ആംബുലൻസ് വരും ദിവസങ്ങളിൽ മുന്നെണ്ണം കൂടി സജ്ജമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ദുരിത ബാധിത മേഖലയിൽ അടിയന്തര സഹായം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്കു മാറ്റുന്നതിനായാണ് ജലആംബുലൻസ് സജ്ജമാക്കുന്നത്. ജല ആംബുലൻസിൽ ഡോക്ടറുടെ സേവനം, അത്യാവശ്യ മരുന്നുകൾ, ഓക്സിജൻ നൽകുന്നതിനുള്ള സൗകര്യം, മാസ്ക്, ഇസിജി നോക്കുന്നതിനുള്ള സൗകര്യം പരിചയസന്പന്നരായ നഴ്സുമാരുടെ സേവനം എന്നിവ സജ്ജമാക്കി.
സംസ്ഥാനത്ത് 108 ആംബുലൻസ് മാത്യകയിലാണ് ജലആംബുലൻസ് പ്രവർത്തിക്കുന്നത്. അടിയന്തിര ആംബുലൻസ് സേവനം ആവശ്യമുള്ളവർക്ക് 108ൽ (108 ടോൾ ഫ്രീ നന്പർ) ഫോണ് വിളിച്ചാൽ അവരുടെ അടുത്തേക്ക് ജല ആംബുലൻസ് എത്തും. ജില്ല മെഡിക്കൽ ഓഫീസർ ഡി. വസന്തദാസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം ഓഫീസർ ഡോ. കെ.ആർ. രാധാകൃഷ്ണൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനസ് സാലിഹ് എന്നിവർ പങ്കെടുത്തു.