മന്ത്രി ജി. സുധാകരനും സംഘവും ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ചു
Tuesday, July 24, 2018 11:31 AM IST
ആലപ്പുഴ: സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുളള കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ട വികസനം ഉണ്ടായാലേ കുട്ടനാട്ടിലെ മഴക്കെടുതി മൂലമുള്ള പ്രശ്നങ്ങൾക്കു പരിഹാരമാകുവെന്ന് മന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിക്കവേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തടയണ കെട്ടുക, കനാലിനു ആഴം കൂട്ടി ബണ്ട് ശക്തിപ്പെടുത്തി വെള്ളമൊഴുക്ക് സുഗമമാക്കുക, ശീതികരിച്ച ഗോഡൗണ്‍ ഉണ്ടാക്കി മാസങ്ങളോളം നെല്ല് കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കുക, റൈസ് മില്ലുകൾ ആരംഭിക്കുക തുടങ്ങിയ നാല് വിഷയങ്ങൾക്ക് മുൻഗണന നൽകുന്ന പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു കേന്ദ്രത്തിനു നൽകും. ഇതുസംബന്ധിച്ച് കേന്ദ്രസംഘം വന്നപ്പോൾ കേന്ദ്രമന്ത്രിമാരുമായി താനും കൃഷിമന്ത്രിയും സംസാരിച്ചിരുന്നതായി സുധാകരൻ പറഞ്ഞു.
അന്പലപ്പുഴ പി.എൻ. പണിക്കർ സ്മാര എൽപി സ്കൂൾ, കോമന എൽപി സ്കൂൾ, കക്കാഴം ആരോഗ്യ ഉപകേന്ദ്രം,കട്ടക്കുഴി,. നെടുമുടി കൊട്ടാരം സ്കൂൾ, പുളിങ്കുന്ന് ഭാഗങ്ങൾ, കൈനകരി മീനപ്പള്ളി തെക്ക്, കൊച്ചുകാട്ടുതറ, കൈനകരി പ്രദേശങ്ങൾ, ചെറുകാലി കായൽ തുടങ്ങിയ ക്യാന്പുകൾ സന്ദർശിച്ച മന്ത്രി ക്യാന്പംഗങ്ങളോട് വിശേഷങ്ങളാരായുകയും അഭിപ്രായങ്ങൾ ചോദിച്ചറിയുകയും ചെയ്തു. രാവിലെ എട്ടിനാരംഭിച്ച സന്ദർശനം രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.