ചാവറ ഭവനും വെള്ളത്തിൽ മുങ്ങി
Tuesday, July 24, 2018 11:22 AM IST
മങ്കൊന്പ്: വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹമായ കൈനകരിയിലെ ചാവറ ഭവനും പ്രളയത്തിൽ മുങ്ങി. ഒരാഴ്ചയായി അവശ്യ സാധനങ്ങൾ ലഭിക്കാതെ ഇവിടുത്തെ വൈദികരും സന്യാസികളും വലയുകയാണ്. പരിസരത്തുള്ള മുന്നൂറോളം നിർധനകുടുംബങ്ങളെയും പ്രളയം വിഴുങ്ങി. അധികൃതർ തിരിഞ്ഞുനോക്കാതായതോടെ പ്രദേശവാസികളിൽ പലരും ബന്ധുവീടുകളിലേക്കു പലായനം ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചമുതലാണ് ഇവിടെ വെള്ളംകയറി തുടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയോടെ നിത്യാരാധന ചാപ്പൽ, ചാവറ പള്ളി, കംപ്യൂട്ടർ പഠനകേന്ദ്രം, വൈദികരുടെയും സിസ്റ്റേഴ്സിന്റെയും താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വെള്ളം കയറി. ഇപ്പോൾ ഇവിടെ അരയ്ക്കൊപ്പം വെള്ളമുണ്ട്. വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്നു സമീപവാസിയായ കാട്ടുതറ തൊമ്മച്ചനും ഭാര്യയും ചാവറ ഭവനിൽ അഭയം തേടി. മൂന്നു തവണയാണ് ഇതിനു മുന്‍പ് ചാവറ ഭവനിൽ വെള്ളം കയറിയിട്ടുള്ളത്. എന്നാൽ ഇത്രയും രൂക്ഷമായ വെള്ളപ്പൊക്കം ഇതാദ്യമെന്ന് 85കാരനായ തൊമ്മച്ചൻ പറയുന്നു.
പാണ്ടിശേരി പ്രദേശത്തെ 270 ഓളം കുടുംബങ്ങൾക്ക് അരിയും മറ്റും നിത്യോപയോഗ സാധനങ്ങളും ഇവിടെ നിന്നു വിതരണം ചെയ്തിരുന്നു. നിത്യേനയുള്ള തിരുക്കർമങ്ങൾ വൈദിക ഭവനത്തിലേക്കു മാറ്റി. നാലുദിവസങ്ങളായി ഇവിടെ വൈദ്യുതി-ടെലിഫോണ്‍ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.