പ്രത്യേക ശ്രദ്ധയ്ക്ക്...
Monday, July 23, 2018 3:37 PM IST
ആലപ്പുഴ:എങ്ങും വെള്ളക്കെട്ട് രൂക്ഷമായതിനാൽ രോഗങ്ങൾ തടയുന്നതിന് പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ നല്കണമെന്ന് ഡിഎംഒ പറഞ്ഞു. മലിന ജലവുമായി സന്പർക്കം ഉണ്ടാകുന്നതിനാൽ എലിപ്പനിയ്ക്കെതിരെയുള്ള പ്രതിരോധ ഗുളിക കഴിക്കണം. നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ച വെള്ളവും പച്ചവെള്ളവും കൂട്ടിച്ചേർത്ത് ഉപയോഗിക്കരുത്. ആഹാരം കഴിക്കുന്നതിനു മുൻപും ശൗചാലയം ഉപയോഗിച്ചതിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക.പച്ചക്കറികൾ, പഴങ്ങൾ എന്നിവ നന്നായി കഴുകുന്നതിനു ശേഷം മാത്രംഉപയോഗിക്കുക. ആഹാര സാധനങ്ങൾ ഈച്ചകൾ കടക്കാത്തവിധം മൂടി വയ്ക്കണം. ഹോട്ടലുകളും ആഹാരം കൈകര്യം ചെയ്യുന്ന മറ്റുസ്ഥാപനങ്ങളും വൃത്തിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. മലിനമായ വെള്ളത്തിലും മണ്ണിലും ചവിട്ടിയതിനു ശേഷം കൈകാലുകൾ സോപ്പും ശുദ്ധ ജലവും ഉപയോഗിച്ചു നന്നായി കഴുകണം.
പനിയുണ്ടായാൽ സ്വയം ചികിത്സ ചെയ്യാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. ക്യാന്പുകളിലുള്ളവർ പനിയുണ്ടായാൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കണം. വയറിളക്കമുണ്ടായാൽ ഒആർഎസ് ലായനി ഉപയോഗിക്കുക.