വീഴാൻ കാത്ത് മരങ്ങൾ, ജീവൻ കൊതിച്ച് യാത്രികർ
Monday, July 23, 2018 3:29 PM IST
ആലപ്പുഴ: മഴക്കാലമെത്തിയതോടെ റോഡിലൂടെയുള്ള യാത്ര ജീവൻ പണയം വച്ചാണ്. ദിവസേനയെന്നോണം ജില്ലയുടെ പല മേഖലകളിലും ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങളാണ് വീഴുന്നത്. പലരും ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെടുന്നത്. ഇന്നലെ രാവിലെ പാതിരപ്പള്ളിക്കു സമീപം മരക്കൊന്പ് ഒടിഞ്ഞ് ദേശീയപാതയിൽ വീണിരുന്നു.
കെഎസ്ആർടിസി ബസ് അടക്കം ഈ സമയത്ത് റോഡിലുണ്ടായിരുന്നെങ്കിലും വാഹനങ്ങൾക്കു മുകളിൽ വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സമീപ ദിവസങ്ങളിൽ ഓട്ടോറിക്ഷകൾക്കും കാറിനും ബസിനും എന്തിന് ട്രെയിനിനു മുകളിൽ വരെ മരക്കൊന്പുകൾ വീണ സംഭവങ്ങൾ വാർത്തയായിരുന്നു. ദേശീയപാതയിൽ യാത്രചെയ്യുന്നവരുടെ തലയ്ക്ക് മീതെ നിൽക്കുന്നത് വലിയ ദുരന്തങ്ങളാണ്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പല പ്രാവശ്യമുള്ള മുന്നറിയിപ്പുകളും ദേശീയപാത അഥോറിറ്റി അവഗണിച്ചതോടെ പാഴ്മരങ്ങൾ വാഹനയാത്രക്കാരുടെ തലയ്ക്കുമീതെ തലയുയർത്തി നിൽക്കുന്നു. ദേശീയ പാതയോരത്തും പൊതുമരാമത്ത് റോഡുകളിലുമായി നിരവധി മരങ്ങളാണ് ഏതുസമയവും നിലംപൊത്താറായി നിൽക്കുന്നത്.അപകടകരമായ സാഹചര്യങ്ങളിൽ നിൽക്കുന്ന മരങ്ങൾ ദുരന്ത നിവാരണ നിയമ പ്രകാരം അടിയന്തരമായി നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ബാധ്യതയുണ്ട്. എന്നാൽ ഇരുവകുപ്പുകളും ഈ മുന്നറിയിപ്പുകൾ അവഗണിച്ചു.
തുടർച്ചയായി പെയ്യുന്ന മഴയിൽ മരത്തിന്റെ ചുവടിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ചുവടിളകിയും ശക്തമായ കാറ്റിൽ ശിഖരങ്ങൾ ഒടിഞ്ഞുമാണ് ഇവയിൽ പലതും റോഡിലേക്ക് വീഴുന്നത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പു നൽകുന്നുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ മുൻകൈയെടുക്കേണ്ടതാണ് അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. ദുരന്ത നിവാരണ പരിധിയിൽ അടിയന്തരമായി മുറിച്ചുമാറ്റാമെങ്കിലും ഇതും നടപ്പാക്കുന്നില്ല.
റോഡുകൾ വീതി കൂട്ടിയപ്പോൾ മരങ്ങൾ നിലനിർത്തി കൊണ്ട് മരത്തിെൻ ചുറ്റു ഭാഗത്തുമുള്ള മണ്ണ് നീക്കം ചെയ്തതു് മൂലം പലമരങ്ങളും അപകടാവസ്ഥയിലാണ്. ഈ മരങ്ങൾ ചെറിയകാറ്റ് അടിച്ചാൽ പോലും വീഴാൻ സാധ്യതയുണ്ട്.
മരങ്ങൾക്ക് സമീപം വൈദ്യുതി ലൈനുകളുള്ളതിനാൽ ലൈനുകളിൽ മരം വീണാൽ വലിയ ദുരന്തമായും മാറും. ഇതിനിടെ ആലപ്പുഴയിലെ കനാലുകളിലേക്ക് മറിഞ്ഞുവീണു കിടക്കുന്ന മരങ്ങളും വിരലിലെണ്ണാവുന്നതിലും അധികമാണ്. സഞ്ചാരമില്ലാത്ത മേഖലയിലൊഴികെയുള്ളത് വെട്ടി മാറ്റിയിട്ടുണ്ടെങ്കിലും പലയിടത്തും മരങ്ങൾ വെള്ളത്തിൽ തന്നെ കിടക്കുന്നുമുണ്ട്.