ജില്ലയിൽ ദുരിതബാധിതരായി അരലക്ഷം പേർ, 231 ക്യാന്പുകൾ
Monday, July 23, 2018 3:25 PM IST
ആലപ്പുഴ: ജില്ലയിൽ കനത്ത മഴ തുടരുന്പോൾ സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിവിധ താലൂക്കുകളിലായി 231 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ഈ ക്യാന്പുകളിൽ 13076 കുടുംബങ്ങൾക്ക് താത്കാലിക താമസസൗകര്യം ഒരുക്കി.
ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകളിലായി 52,603 പേർ അഭയം തേടിയിട്ടുണ്ട്. ഏറെ മഴക്കെടുതി നേരിടുന്ന കുട്ടനാട്ടിൽ മാത്രം 375 ഗ്രുവൽ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. കുട്ടനാട് 22,120 കുടുംബങ്ങൾക്കാണ് ജില്ല ഭരണകൂടം തുറന്ന ക്യാന്പുകളിൽ ഭക്ഷണ വിതരണം നടത്തുന്നത്. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ പി.എസ്. സ്വർണമ്മയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലെ കണ്ട്രോൾ റൂമിൽ ഏത് സാഹചര്യവും നേരിടാനുള്ള സൗകര്യങ്ങൽ ഒരുക്കിയിട്ടുണ്ട്.
അന്പലപ്പുഴയിൽ 66 ക്യാന്പും മാവേലിക്കരയിൽ അഞ്ചും ചേർത്തലയിൽ 38ഉം കാർത്തികപ്പള്ളിയിൽ 76 ഉം ചെങ്ങന്നൂരിൽ 46 ഉം ക്യാന്പുകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ളത്. അന്പലപ്പുഴയിൽ ക്യാന്പുകളിൽ 3731 കുടുംബങ്ങളിലെ 16,453 പേർ ക്യാന്പുകളിൽ അഭയം തേടി. മാവേലിക്കരയിൽ ക്യാന്പിൽ 200 കുടുംബങ്ങളിലെ 638 പേർ ക്യാന്പിലുണ്ട്.
ചേർത്തല താലൂക്കിൽ 2008 കുടുംബങ്ങളിലായി 7496 പേർ ക്യന്പിലുണ്ട്. കാർത്തികപ്പള്ളിയിൽ 5868 കുടുംബങ്ങളിലായി 23416 പേർ ദുരിതാശ്വാസ ക്യാന്പിലുണ്ട്. ചെങ്ങന്നൂർ താലൂക്കിൽ 1269 കുടുംബങ്ങൾ ക്യാന്പിലുണ്ട്. 4600 പേരാണ് ചെങ്ങന്നൂരിൽ ക്യാന്പിൽ. ജില്ലയിൽ ആകമാനം ഒന്നരലക്ഷത്തോളം പേരാണ് ദുരിതബാധിതരായി വിവിധ സർക്കാർ ക്യാന്പുകളെ ആശ്രയിക്കുന്നത്. കായംകുളം കിഴക്ക് മേനാത്തേരി വാർഡ് 28ൽ 11 കെ.വി.ലൈനിൽ വീണ മരം ഫയർ ഫോഴ്സും റവന്യൂ ജീവനക്കാരും ചേർന്ന് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റി.