മഴക്കെടുതി: ജില്ലയിൽ ഒരു ലക്ഷത്തോളം വീടുകൾക്ക് ഭാഗിക നാശം; മെഡിക്കൽ സംഘത്തിന് കൂടുതൽ ബോട്ടുകൾ
Monday, July 23, 2018 3:21 PM IST
ആലപ്പുഴ: ജില്ല കണ്ടിട്ടുള്ളതിൽ വച്ച് മൂന്നാമത്തെ ഏറ്റവും വലിയ മഴക്കെടുതിയാണ് ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്നും ഇതുവരെ ഏതാണ്ട് ഒരു ലക്ഷത്തോളം വീടുകൾക്ക് ഭാഗികമായി ജില്ലയിൽ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ.
കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന മഴക്കെടുതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സംഘത്തോടൊപ്പം കുട്ടനാട് സഞ്ചരിച്ചശേഷമാണ് മന്ത്രി യോഗം വിളിച്ചുകൂട്ടിയത്. ജില്ലയിൽ ആറുലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഇതിൽ മൂന്നര ലക്ഷവും കുട്ടനാടാണ്. ഒരു ലക്ഷത്തോളം പേർ ക്യാന്പുകളെ ആശ്രയിക്കുന്നതായും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ആഭിമുഖ്യത്തിൽ 450 ഓളം ഗ്രുവൽ സെന്ററുകളും 350 ഓളം ക്യാന്പുകളും പ്രവർത്തിക്കുന്നുണ്ട്. ജനജീവിതം സാധാരണ നിലയിൽ ആക്കാനുള്ള സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. കഴിഞ്ഞ മന്ത്രിസഭായോഗം മഴക്കെടുതി പ്രത്യേകം ചർച്ച ചെയ്തു. കുട്ടനാടിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട.്
ക്യാന്പുകളിൽ ഏറ്റവും മികച്ച ഭക്ഷണം വിതരണം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രി മുൻകൈയെടുത്ത് 30 അംഗ നേവി സംഘത്തെ ജില്ലയിലേക്കു നിയോഗിച്ചു. അവരുടെ ബോട്ടുകളും അനുവദിച്ചിട്ടുണ്ട്. ഇതിൽ അഞ്ചുബോട്ടുകൾ മെഡിക്കൽ സംഘങ്ങൾക്കു മരുന്ന് എത്തിക്കുന്നതിനും മെഡിക്കൽക്യാന്പ് നടത്തുന്നതിനും നൽകും. മഴക്കെടുതിയിൽ മരിച്ചവർക്ക് നാലുലക്ഷം രൂപ ധനസഹായം അനുവദിക്കും. വെള്ളം ഇറങ്ങിക്കഴിഞ്ഞാൽ പൂർണമായ പുനർനിർമാണത്തിനും സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. വിവിധ പഞ്ചായത്തുകളിലെ ക്യാന്പുകളിൽ ഉള്ള പ്രശ്നങ്ങൾ ജനപ്രതിനിധികൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. സിവിൽ സപ്ലൈസ് ഒൗട്ട്ലെറ്റുകളിൽ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ സിവിൽ സപ്ലൈസ് കോർപറേഷന് കഴിയാത്തത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് കോർപറേഷൻ അധികൃതർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി . റോഡുമാർഗം ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ കൂടുതൽ ബോട്ടുകൾ ജില്ലാകളക്ടറുടെ സഹായത്തോടെ എത്തിച്ച് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനും നിർദേശിച്ചു.
ചില ക്യാന്പുകളിൽ ആവശ്യത്തിന് പാചകവാതക സിലിണ്ടർ ലഭ്യമാകാത്ത സാഹചര്യം ശ്രദ്ധയിൽ പെട്ടതിനാൽ ക്യാന്പുകൾ പ്രവർത്തിക്കുന്ന ടത്ത് ആവശ്യത്തിനു പാചകവാതകം എത്തിച്ചു കൊടുക്കുന്നതിന് വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകാൻ കളക്ടറെ ചുമതലപ്പെടുത്തി. വീടുകളിൽ നിന്ന് വെള്ളം ഇറങ്ങുന്പോൾ കൂടുതൽ പകർച്ചവ്യാധികൾക്കുള്ള സാധ്യതയുള്ളതിനാൽ കൂടുതൽ മെഡിക്കൽ ക്യാന്പുകൾ നടത്തണം. ആവശ്യത്തിന് ബ്ലീച്ചിംഗ് പൗഡർ ശേഖരിച്ചു വയ്ക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. വളം കടിക്കുള്ള മരുന്ന് ആവശ്യപ്പെടുന്നവർക്ക് എല്ലാം നൽകും. ഫ്ളോട്ട് ഡിസ്പെൻസറി കൂടാതെ ബോട്ടുകളിൽ മെഡിക്കൽ സംഘം പോകുന്നുണ്ട്. മെഡിക്കൽ ക്യാന്പിലും മറ്റും മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സഹായംകൂടി തേടണമെന്നും മന്ത്രി നിർദേശിച്ചു.
കടലാക്രമണ പ്രദേശങ്ങളിൽ ജിയോ ട്യൂബുകൾ അത്യാവശ്യ സ്ഥലങ്ങളിൽ ഇടുന്ന കാര്യത്തിൽ ഗൗരവമായ വീഴ്ച വരുത്തിയെന്ന് മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കളക്ടർ പ്രത്യേക ശ്രദ്ധ ചെലുത്തി ജിയോ ട്യൂബ് ഇടുന്നതിനുള്ള ഭരണാനുമതി വാങ്ങാനുള്ള നടപടി സ്വീകരിക്കണം.
എത്ര ബണ്ടുകളാണ് തകർന്നത് എന്നും വ്യക്തമായ കണക്ക് ശേഖരിക്കാൻ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫിസറെ ചുമതലപ്പെടുത്തി. പുളിങ്കുന്നിൽ ആറ്റിൽ വന്നടിയുന്ന മുളയും തടിയും നീക്കുന്നതിനു ഫയർഫോഴ്സിന്റെ സഹായം അനുവദിക്കും. ക്യാന്പുകളിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഇതിനായി വള്ളത്തിൽ വെള്ളമെത്തിക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന് മന്ത്രി പറഞ്ഞു.
ആർ ബ്ലോക്കിൽ മൂന്നുപെട്ടിയും പറയും എത്തിക്കുന്നതിന് പ്രിൻസിപ്പൽ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി. പച്ചക്കറി ക്ഷാമം പരിഹരിക്കുന്നതിന് കുടുംബശ്രീയും സഹകരണമേഖലയും മുൻകൈയെടുത്ത് സ്റ്റാളുകൾ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.
തീരദേശത്ത് കടലിൽ പോകാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ആവശ്യമുള്ള ഇടങ്ങളിലെല്ലാം ക്യാന്പുകളോ ഗ്രുവൽസെന്ററുകളോ തുറന്ന് ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കണമെന്ന് മന്ത്രി പറഞ്ഞു. യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി, ആലപ്പുഴ ചങ്ങനാശേരി റോഡിലെ വെള്ളക്കെട്ട് സംബന്ധിച്ച പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കളക്ടർ എസ്. സുഹാസ്, നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, സബ്കളക്ടർ വി.ആർ. കൃഷ്ണതേജ, ഉദ്യോഗസ്ഥർ, കുട്ടനാട്ടിലെയും അന്പലപ്പുഴയിലെയും ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.