പ്രളയക്കെടുതിയിലും പുഞ്ചിരിയോടെ കുട്ടനാട്ടുകാർ
Monday, July 23, 2018 2:25 PM IST
ആലപ്പുഴ: പ്രളയക്കെടുതിയിൽ വീടും സ്വത്തും കൃഷിയുമെല്ലാം തകർന്നിരിക്കുന്പോഴും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെ പുഞ്ചിരിയോടെ വരവേറ്റു കുട്ടനാട്ടുകാർ.
ഇന്നലെ ഉച്ചയോടെ ആദ്യം കൈനകരി സീറോ ജെട്ടിയിലെ കഞ്ഞിവീഴ്ത്തൽ കേന്ദ്രത്തിൽ എത്തിയ കേന്ദ്രസഹമന്ത്രിയെ ദുഃഖം ഉള്ളിലൊതുക്കി പുഞ്ചിരിച്ച മുഖവുമായിട്ടാണു ജനങ്ങൾ വരവേറ്റത്. കൂട്ടക്കരച്ചിലുകളോ രോഷപ്രകടനങ്ങളോ ഉണ്ടായില്ല.
സമാധാനപരമായി ദുരിതങ്ങൾ വിവരിക്കുക മാത്രമാണ് കുട്ടനാട്ടുകാർ ചെയ്തത്. പുഞ്ചിരിക്കുന്ന മുഖങ്ങൾ കണ്ട മന്ത്രി ഒപ്പമുണ്ടായിരുന്ന കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തോട് ഇത്രയും ദുരിതങ്ങൾക്ക് ഇടയിലും ഇവർക്കെങ്ങനെ ചിരിക്കാൻ കഴിയുന്നു എന്ന് ആരായുകയും ചെയ്തു.