കർഷകജനതയുടെ ശബ്ദം അവഗണിച്ചാൽ തിരിച്ചടിയുണ്ടാകും: മാർ ജോസഫ് പെരുന്തോട്ടം
Wednesday, May 23, 2018 11:24 AM IST
ചങ്ങനാശേരി: മലയാളത്തിലെ ആദ്യദിനപത്രമായ ദീപികയ്ക്ക് 132വർഷമായി കർഷക രക്ഷക്കായി നിലകൊണ്ട പാരന്പര്യവും ചരിത്രവുമാണുള്ളതെന്നും കർഷക ജനതയുടെ ശബ്ദം അവഗണിക്കുന്ന സർക്കാരുകളും രാഷ്ട്രീയ നേതൃത്വങ്ങളും തിരിച്ചടി നേരിടേണ്ടിവരുമെന്നും ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
ദീപിക ഫ്രണ്ടസ് ക്ലബ് നയിക്കുന്ന കേരള കർഷക ജാഥയുടെ ചങ്ങനാശേരി മേഖലയിലെ സമാപനത്തോടനുബന്ധിച്ച് പെരുന്ന ബസ് സ്റ്റാൻഡ് മൈതാനിയിൽ ചേർന്ന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. കർഷകൻ നൽകുന്നത് അധ്വാനത്തിന്റെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതിഫലമാണ്. നാടിന്റെ നട്ടെല്ലായ കാർഷിക മേഖലയോടുള്ള അവഗണന ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. കാർഷിക മുന്നേറ്റത്തിനായി ദീപിക ഫ്രണ്ട്സ് ക്ലബ് നയിക്കുന്ന കർഷകജാഥയും ഉന്നയിക്കുന്ന ആവശ്യങ്ങളും ഉദ്ദേശങ്ങളും ഏറെ പ്രസക്തമാണ്. ജാഥ കാർഷിക സംസ്കാരത്തിന് ഏറെ പ്രോത്സാഹനം പകരുന്നതാണ്.
ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള ഭാരതത്തിൽ കാർഷിക ജനതയുടെ മുന്നേറ്റം അവഗണിക്കാനാവില്ല. കാട്ടുമൃഗങ്ങളോടു പടവെട്ടിയും വെല്ലുവിളികളും സാഹസികതയും നേരിടുന്ന കർഷകന്റെ ജീവിതത്തിന് പിന്തുണയും പ്രോത്സാഹനവും പകരാൻ ദീപിക നൽകുന്ന സേവനം മഹത്തരമാണെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു. തന്റെ പിതാവിന്റെ കൂടെ പാളത്തൊപ്പി തലയിൽ വച്ച് കൃഷി ചെയ്യാൻ ഇറങ്ങിയ ഓർമകളാണ് കർഷകജാഥയും സമ്മേളനവും കണ്ടപ്പോൾ തന്റെ മനസിലേക്ക് ഓടിയെത്തിയതെന്നു മാർ പെരുന്തോട്ടം പറഞ്ഞപ്പോൾ സദസിൽ ഹർഷാരവം മുഴങ്ങി.