വക്കീൽകുപ്പായം വേണ്ടെന്നു വച്ചു; ദീപുവിന്റെ കക്ഷികൾ പശുക്കൾ
Thursday, May 17, 2018 10:01 AM IST
കുഞ്ഞുന്നാൾ മുതൽ കൃഷിയും പശു വളർത്തലും കണ്ടു ശീലിച്ച ഇലഞ്ഞി കൂര് കുളത്തിങ്കൽ ദീപു സെബാസ്റ്റ്യൻ ബിഎ-എൽഎൽബി പഠനം പൂർത്തീകരിച്ചിട്ടും ഗൗണിട്ടു കോടതിമുറിയിലേക്കു പോയില്ല. പകരം കൃഷി പ്രഫഷനായി തെരഞ്ഞെടുത്തു പറന്പിലേക്കിറങ്ങി. തൊഴുത്തിൽ പശുക്കളെ തന്റെ പ്രിയപ്പെട്ട കക്ഷികളാക്കി.
വക്കീൽ വേഷം വേണ്ടെന്നു വച്ചപ്പോൾ നിരുത്സാഹപ്പെടുത്തിയവരായിരുന്നു കൂടുതലും. എന്നാൽ മണ്ണ് ചതിക്കില്ലെന്നു കാർഷിക പാരന്പര്യമുള്ള കുടുംബത്തിൽ ജനിച്ച ദീപുവിന് ഉറപ്പായിരുന്നു. കൂത്താട്ടുകുളം എംപിഐയിൽ വെറ്ററിനറി ഡോക്ടറായി ജോലിചെയ്യുന്ന ഭാര്യ ഐറിൻ ഗ്രേസ് കുര്യന്റെ പിന്തുണ കൂടിയായപ്പോൾ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല.
തന്റെ തീരുമാനം നൂറു ശതമാനം ശരിയായിരുന്നുവെന്നു കൃഷിയിൽ നേടിയ വിജയഗാഥകൾ ചൂണ്ടിക്കാട്ടി ദീപു ഇപ്പോൾ സാക്ഷ്യപ്പെടുത്തുന്നു. 60 പശുക്കളുള്ള ഫാമിന്റെ ഉടമയായ ദീപു സമ്മിശ്രകൃഷിയിലൂടെ മണ്ണിൽനിന്നു നൂറുമേനി കൊയ്തെടുക്കുന്നു.
തുടക്കം ഒരു പശുവിൽനിന്ന്
ഒരു പശുവുമായി 2006-ലാണ് ദീപു കാലിവളർത്തൽ ആരംഭിക്കുന്നത്. വീട്ടിലെ പാലിന്റെ ആവശ്യത്തിനു പുറമേ പുരയിടത്തിലെ കൃഷിക്കാവശ്യമായ ചാണകവുമായിരുന്നു ലക്ഷ്യം. അതിനുമുന്പുതന്നെ ആട്, പന്നി ഫാമും ആരംഭിച്ചിരുന്നു. പശുവളർത്തൽ ലാഭകരമാണെന്നു മനസിലാക്കിയ ദീപു പടിപടിയായി പശുക്കളുടെ എണ്ണം കൂട്ടി. ഇപ്പോൾ 60 പശുക്കളുള്ള ഫാമിൽ ദിനംപ്രതി 400 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നു.
ഹോട്ടലുകൾ, കാന്റീനുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കാണു കൂടുതലായും പാൽ നൽകുന്നത്. സ്വകാര്യ പാൽ സൊസൈറ്റികളിൽനിന്നു ലഭിക്കുന്ന വിലയേക്കാൾ കൂടുതൽ ഇവിടെനിന്നു ലഭിക്കുന്നു. ദീപുവിന്റെ പശുവളർത്തൽ വ്യത്യസ്തമാണ്. പശുവിനെ വാങ്ങുന്നതു മുതൽ തന്റെ അനുഭവസന്പത്ത് ദീപു പ്രയോജനപ്പെടുത്തുന്നു. എച്ച്എഫ് ഇനത്തിൽപ്പെട്ട പശുക്കളെയാണു ദീപു വളർത്തുന്നത്.
18 ലിറ്റർ മുതൽ 28 ലിറ്റർ വരെ കറവയുള്ള പശുക്കളെ മാത്രമേ വളർത്താറുള്ളൂ. കൂടുതൽ പാൽ തരുന്ന പശുക്കൾക്കു രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലാണെന്നാണു ദീപുവിന്റെ അനുഭവം. കർണാടകയിൽനിന്നു പശുക്കളെ വാങ്ങിയാണ് ഫാമിന് തുടക്കം കുറിച്ചത്. പിന്നീട് സ്വന്തം ഫാമിലുണ്ടാകുന്ന കിടാരികളെ വളർത്തി ഫാം വിപുലപ്പെടുത്തി.
കിടാരികളെ വളർത്താൻ തനതു രീതി
കിടാരികളെ വളർത്തുന്നതിലും ദീപുവിനു തന്റേതായ രീതികളുണ്ട്. നാലുമാസം വരെ തള്ളപ്പശുവിന്റെ പാൽ കുടിച്ചു വളരും. പിന്നീട് പ്രത്യേകം തിരിച്ചിട്ടിരിക്കുന്ന പുരയിടത്തിൽ കൊണ്ടുപോയി സ്വതന്ത്രമായി തുറന്നുവിടും. പുരയിടത്തിലെ പുല്ല് തിന്ന് അവിടെ തന്നെ കിടക്കും. തൊഴുത്തോ മറ്റു സൗകര്യങ്ങളോ ഇല്ല. വെള്ളം മാത്രം നൽകും. സ്വയം മേഞ്ഞു വെള്ളം കുടിച്ചു വളരുന്നതുകൊണ്ടു പ്രതിരോധശക്തി കൂടുകയും രോഗങ്ങൾ ഇല്ലാതെ കിടാരികൾ വളരുകയും ചെയ്യുന്നു. കിടാരികൾക്ക് ഒന്നേകാൽ വയസാകുന്പോൾ കൃത്രിമ ബീജ സങ്കലനം നടത്തും.
പുല്ലിനു പകരം കന്നാരപ്പോള
തീറ്റപ്പുല്ലിനേക്കാൾ കന്നാരപ്പോളയാണു കഴിഞ്ഞ ആറുവർഷമായി പശുക്കൾക്ക് പ്രധാന തീറ്റയായി ദീപു നൽകുന്നത്. തീറ്റപ്പുല്ലിനേക്കാൾ നാരുകൾ അടങ്ങിയ കാനി പശുക്കളുടെ ആരോഗ്യത്തിനും പാൽ ഉത്പാദനത്തിനും ഏറെ മെച്ചം. വളർത്തുന്ന പുല്ല് മുറിച്ചെടുത്ത് രണ്ടുദിവസത്തിൽകൂടുതൽ സൂക്ഷിക്കാനാകില്ല. എന്നാൽ കന്നാരപോള രണ്ടാഴ്ചവരെ പശുക്കൾക്കു നൽകാനാകും. പുല്ലിനെ അപേക്ഷിച്ചു കുറഞ്ഞ ചെലവിൽ കന്നാര പോള ലഭ്യമാകുകയും ചെയ്യുന്നു.
15ൽ കൂടുതൽ പശുക്കളെ വളർത്തിയെങ്കിൽ മാത്രമേ ലാഭത്തിലേക്ക് എത്തുകയുള്ളൂവെന്നു ദീപു പറയുന്നു. മറ്റൊരു ഫാമിനെ അനുകരിക്കാതെ സ്വന്തംശൈലി രൂപപ്പെടുത്തണമെന്നാണു ക്ഷീരമേഖലയിലേക്കു പുതുതായി കടന്നുവരുന്നവരോടു ദീപുവിനു പറയാനുള്ളത്. അനുഭവജ്ഞാനം ഇത്തരം മേഖലകളിൽ അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.
രാസവളം പുറത്ത്, പകരം ചാണക സ്ലറി
പശുക്കളുടെ എണ്ണം കൂടിയതോടെ കൃഷികളും ലാഭകരമായി ചെയ്യാൻ സാധിക്കുന്നുണ്ടെന്നു ദീപു പറയുന്നു. റബർ, തെങ്ങ്, ജാതി, കൊക്കോ, കാപ്പി, കമുക് എന്നീ ദീർഘകാല വിളകളും തന്നാണ്ടു കൃഷികളായ വാഴ, കപ്പ, ചേന, ചേന്പ്, ഇഞ്ചി എന്നിവയുംകൊണ്ടു സമൃദ്ധമാണു ദീപുവിന്റെ കൃഷിയിടം.
രാസവളം കൃഷിക്ക് ഉപയോഗിക്കാറില്ല. ചാണക സ്ലറി മാത്രമാണു വളമായി നൽകുന്നത്. ചാണകം ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റിൽനിന്നുള്ള പാചകവാതകം ഉപയോഗിച്ചാണു വീട്ടിൽ വർഷങ്ങളായി ഭക്ഷണം പാകം ചെയ്യുന്നത്. പ്രദേശത്തെ എൽപിജി കണക്ഷൻ ഇല്ലാത്ത ഏക വീടും ദീപുവിന്റേതാണ്.
ക്ഷീരകർഷകർക്കു വേണ്ടത്
പാൽ ഉത്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തതയിലെത്താൻ സർക്കാർ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടെങ്കിലും പലതും യഥാർഥ കർഷകരിലേക്ക് എത്തുന്നില്ല. കഠിനാധ്വാനം ചെയ്ത് ഉത്പാദിപ്പിക്കുന്ന പാലിനു ബദലായി വ്യാജപാൽ മാർക്കറ്റിൽ ധാരാളമായി എത്തുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് ഇവ ലഭിക്കുന്പോൾ കൂടുതൽ ഉപഭോക്താക്കൾക്കും ഇതു വാങ്ങാനാണു താല്പര്യം. ഗുണമേന്മ പരിശോധന പലപ്പോഴും പ്രഹസനമാണ്. ഇതു ക്ഷീരകർഷകർക്ക് കടുത്തവെല്ലുവിളി സൃഷ്ടിക്കുന്നു.
ഗുണമേന്മയുള്ള പാൽ ഉത്പാദിപ്പിക്കാനാവശ്യമായ സാങ്കേതിക സഹായം കർഷകർക്കു പലപ്പോഴും ലഭ്യമല്ല. കാലിത്തീറ്റയുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനവും നിലവിലില്ല. ഗുണനിലവാരം കുറഞ്ഞ കാലിത്തീറ്റയാണു വിപണിയിൽ കൂടുതലും. ഇതു പശുക്കളുടെ ആരോഗ്യത്തെയും പാൽ ഉത്പാദനത്തെയും സാരമായി ബാധിക്കുന്നു. കാലിത്തീറ്റ വിലവർധനയനുസരിച്ചു പാൽ വില വർധിപ്പിക്കാൻ തയാറാകാത്തതും ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കുന്നു.
തൊഴിലാളിക്ഷാമമാണ് ക്ഷീരമേഖല നേരിടുന്ന മറ്റൊരുപ്രശ്നം. വിദഗ്ധരായ തൊഴിലാളികൾ ലഭ്യമല്ലാത്തത് പശു വളർത്തൽ തൊഴിലായി സ്വീകരിക്കുന്നവരെ സാരമായി ബാധിക്കുന്നുണ്ട്. സർക്കാരിന്റെ ആനുകൂല്യങ്ങൾ മിൽമയിൽ പാൽ അളക്കുന്ന കർഷകർക്കായി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതു ശരിയല്ല.
പശുക്കൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നുണ്ടെങ്കിലും അത്യാഹിതം സംഭവിച്ചാൽ നഷ്ടം ലഭ്യമാകുന്നതിനുള്ള കടന്പകളേറെയാണ്. അതുകൊണ്ടുതന്നെ പലരും ഇൻഷ്വർ ചെയ്യാൻ താത്പര്യം കാണിക്കാറില്ല.
യുവകർഷകർ പറയുന്നു / ജെയിസ് വാട്ടപ്പിള്ളിൽ