സാനുമോനു കൃഷി തന്നെ ജീവിതം!
Monday, May 14, 2018 11:20 AM IST
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അന്പലപ്പുഴ, ചേർത്തല താലൂക്കുകളുടെ സാന്പത്തിക നട്ടെല്ലായിരുന്ന ചെറുകിട കയർ ഫാക്ടറി മേഖല തകർച്ചയിലേക്ക് കൂപ്പുകുത്തിയ 2000ന്റെ തുടക്കം. കയർ ഫാക്ടറി മേഖലയെ ആശ്രയിച്ചു ജീവിച്ച കുടുംബങ്ങൾ പതറിയ അവസ്ഥ. പലരും കയർരംഗം വിട്ട് എറണാകുളമടക്കമുള്ള സ്ഥലങ്ങളിലെ കെട്ടിട നിർമാണമടക്കമുള്ള മേഖലയിലേക്കു കൂടുമാറി. അപ്പോഴും നാട്ടിൽത്തന്നെ ഒരു തൊഴിൽ എന്ന ഉറച്ച താത്പര്യം കൃഷിയിലൂടെ പൂവണിയിക്കാനിറങ്ങിയതാണ് ചേർത്തല മായിത്തറ പാപ്പറന്പിൽ സാനുമോൻ. ഒന്നര പതിറ്റാണ്ട് കാർഷിക രംഗത്തു പിന്നിട്ട സാനുമോൻ ഇന്നു സ്വന്തമായ രണ്ടേക്കറും പാട്ടത്തിനെടുത്ത നാലേക്കറും ഉൾപ്പെടെ ആറേക്കറിൽ പച്ച വിരിച്ചു നിൽക്കുന്ന കൃഷിയിടത്തിന്റെ ഉടമയാണ്.
ഒരു കല്യാണത്തിനു വേണ്ട എല്ലാ വിധ പച്ചക്കറികളും നൽകാൻ കഴിയുന്ന കൃഷിത്തോട്ടമൊരുക്കിയിരിക്കുന്ന ഈ യുവ കർഷകൻ പച്ചക്കറി വിളവിറക്കുന്നത് മുതൽ വില്പന വരെയുള്ളവ കൃത്യമായി ആസൂത്രണം ചെയ്താണ് നടത്തുന്നത്. അതിനാൽ വിളകൾക്കു വില ലഭിക്കുന്നില്ലെന്നതടക്കമുള്ള പരാതികളുമില്ല.
കൃഷി ചതിക്കില്ല
2002ൽ സന്പൂർണമായി കാർഷിക രംഗത്തേക്കു സാനുമോൻ കടക്കുന്പോൾ പരന്പരാഗതമായി കൃഷി ചെയ്തിരിന്ന സ്ഥലം മാത്രമാണുണ്ടായിരുന്നത്. കൂടുതൽ ഉത്പാദനം നടത്തണമെങ്കിൽ കൂടുതൽ സ്ഥലത്തു കൃഷിയിറക്കണം. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ സഹായഹസ്തവുമായി സാനുമോന്റെ സുഹൃത്തെത്തി. തന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ വസ്തു പാട്ടത്തിനു നൽകിയപ്പോൾ സാനു മോൻ തീർത്തത് മനോഹരമായ ഒരു പച്ചക്കറിത്തോട്ടം. അഞ്ചു വർഷത്തിനു ശേഷം കൃഷിയിൽനിന്നു ലഭിച്ച വരുമാനവും ബാങ്ക് വായ്പയും ചേർത്ത് ഈ സ്ഥലം വാങ്ങിയതോടെ സാനുമോന് ഒരു കാര്യം ഉറപ്പായി. അറിഞ്ഞു ചെയ്താൽ കൃഷി ചതിക്കില്ലെന്ന്.
കാർഷിക ക്ലസ്റ്റർ
വാണിജ്യാടിസ്ഥാനത്തിൽ കാർഷിക രംഗത്തേക്കിറങ്ങിയപ്പോഴാണ് വിപണനം ഒരു പ്രധാന ഘടകമാണെന്ന് ഈ യുവ കർഷകനു മനസിലായത്. പഞ്ചായത്തും കൃഷി വകുപ്പുമൊക്കെ കൂടെയുണ്ടായിട്ടും വിളവെടുപ്പ് സീസണിൽ വിലയില്ലാതാകുന്നതു കർഷകരെ തകർക്കും. ഇതിനു പരിഹാരമായാണ് കൃഷി വകുപ്പിന്റെയും മറ്റും സഹായത്തോടെ 50 കർഷകരടങ്ങുന്ന ക്ലസ്റ്റർ സാനുമോന്റെ കൂടി നേതൃത്വത്തിൽ രൂപീകരിച്ചത്. കർഷകരുടെ ഉത്പന്നങ്ങളുടെ വില്പനയ്ക്കായി ആദ്യം ദേശീയ പാതയോരത്ത് ഒൗട്ട്ലെറ്റും തുറന്നു.
ഇതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മികച്ച വില കർഷകർക്കു ലഭിച്ചു. ജൈവ പച്ചക്കറികളുടെ ആവശ്യകത വർധിച്ചതോടെ വിവിധ ജില്ലകളിൽനിന്നുള്ള ഹോൾസെയിൽ കച്ചവടക്കാരും കർഷകരെ തേടിയെത്തി. കർഷകരെ കൂടാതെ ഒരു ജീവനക്കാരി കൂടിയുള്ള ഒൗട്ട്ലെറ്റിൽനിന്നു ശരാശരി 12,000 രൂപയുടെ വില്പനയും നടക്കുന്നുണ്ട്. രാവിലെ 5.45 മുതൽ 10 വരെ കൃഷിയിടത്തിൽ ചെലവഴിച്ച ശേഷം ഒൗട്ട്ലെറ്റിൽ സാനുവുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷം വീണ്ടും കൃഷിയിടത്തിലെത്തിയ ശേഷം 6.30 മുതൽ വീണ്ടും ഒൗട്ട്ലെറ്റ് അടയ്ക്കുന്നതു വരെയും ഈ കർഷകനു കച്ചവടക്കാരന്റെ വേഷമാണ്.
ബാങ്കുകൾ മാറണം
കർഷകർക്കു പലിശരഹിത വായ്പ എന്നതു പലപ്പോഴും ബാങ്കുകളുടെ സമീപനം മൂലം സ്വപ്നമായി മാറുകയാണ്. അക്കൗണ്ട് വഴി നടക്കുന്ന ഇടപാടുകളെ അടിസ്ഥാനമാക്കി വായ്പകൾ നൽകാനുള്ള ബാങ്കുകളുടെ നടപടി കർഷകർക്കു തിരിച്ചടിയാണെന്നും അതിനാൽ കർഷകർക്കു വായ്പകൾ നൽകുന്ന കാര്യത്തിൽ സമീപനത്തിൽ മാറ്റമുണ്ടാകണമെന്നും സാനുമോൻ പറഞ്ഞു. ഇതോടൊപ്പം നിലവിൽ ഏക്കറിന് 8,000 രൂപ എന്ന സബ്സിഡി 25,000 ആക്കണമെന്നും ഈ യുവ കർഷകൻ പറഞ്ഞു.
ഒപ്പമുണ്ട്
സാനു മോന്റെ കാർഷിക ജീവിതത്തിന് എല്ലാവിധ പിന്തുണയുമായി കുടുംബമുണ്ട്. മാതാപിതാക്കൾക്കൊപ്പം അധ്യാപികയായ ഭാര്യ അനിതയും മക്കളായ അഭിഷേകും അമേയയും അടങ്ങുന്ന ഈ കൊച്ചു കുടുംബത്തിന്റെ നിറഞ്ഞ ചിരി ഒരു സന്ദേശമാണ്. കൃഷി ഒരു വരുമാന മാർഗത്തിനൊപ്പം ജീവിതമാണെന്ന സന്ദേശം.
യുവ കർഷകർ പറയുന്നു / വി.എസ്. രതീഷ്