പ്രോത്സാഹിപ്പിക്കേണ്ടതു കർഷകരെ: മാർ ആലഞ്ചേരി
Saturday, May 12, 2018 11:15 AM IST
കൊച്ചി: കൃഷിയെയും കർഷകരെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ സർക്കാരുകൾ നടപ്പാക്കാൻ മടിക്കരുതെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
കേരള കർഷകജാഥയുടെ എറണാകുളം ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനത്തോടനുബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷികരംഗം വലിയതോതിൽ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കാർഷികരംഗത്തു പുരോഗതി സാധ്യമായാൽ രാജ്യത്തിനു സാന്പത്തിക വളർച്ച സ്വാഭാവികമായി ഉണ്ടാകുമെന്നു സർക്കാരുകൾ മനസിലാക്കണം. മറ്റു മേഖലയിൽ ജോലി ചെയ്യുന്നവർക്കു കിട്ടുന്ന അവകാശങ്ങൾ കർഷകർക്കും ലഭിക്കണം.
ഭക്ഷ്യമേഖലയിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി തിരുത്തപ്പെടേണ്ടതുണ്ട്. നമ്മുടെ കാർഷികമേഖലയുടെ സാധ്യതകളെ നാം തന്നെ വിസ്മരിക്കുന്നത് ആപത്താണ്. വിഷം നിറഞ്ഞ പച്ചക്കറികൾ രോഗങ്ങൾ ക്ഷണിച്ചുവരുത്തും. പച്ചക്കറികളെല്ലാം തന്നെ കേരളത്തിൽ കൃഷി ചെയ്യാനാവുന്നവയാണ്. ഇക്കാര്യത്തിൽ കൂട്ടായ ആസൂത്രണവും പ്രയത്നങ്ങളുമാണ് ആവശ്യം. സംസ്ഥാന, കേന്ദ്രസർക്കാരുകൾ കർഷകരുടെ ക്ഷേമകാര്യത്തിൽ അലംഭാവം പുലർത്തരുത്.
കാർഷിക മേഖലയുടെ സമഗ്രമായ ഉന്നമനത്തിന് എക്കാലവും ദീപിക പ്രയത്നിച്ചിട്ടുണ്ട്. കർഷകരുടെ അവകാശ പോരാട്ടങ്ങൾക്കു ദീപിക പ്രചോദനമാണ്. കാർഷികമേഖലയിലെ വിവിധ പ്രശ്നങ്ങൾ സർക്കാരുകളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിലെത്തിക്കാനും കാർഷിക പൈതൃകം വീണ്ടെടുക്കാനും ദീപികയുടെ കേരള കർഷകജാഥയ്ക്കു സാധിക്കുമെന്നാണു പ്രതീക്ഷയെന്നു മേജർ ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.