കൊച്ചിക്ക് ആവേശമായി കർഷകജാഥ
Saturday, May 12, 2018 11:13 AM IST
കൊച്ചി: കാർഷിക കേരളത്തിന് ഉണർത്തുപാട്ടായി ദീപിക ഫ്രണ്ട്സ് ക്ലബിന്റെ (ഡിഎഫ്സി) നേതൃത്വത്തിൽ നടക്കുന്ന കേരള കർഷകജാഥയുടെ എറണാകുളം ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനത്തിനു വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ വരവേല്പ്. കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിലും എരമല്ലൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലുമായിരുന്നു ഇന്നലത്തെ സ്വീകരണം.
കൊച്ചി നഗരത്തിൽ ജാഥയ്ക്കു വൻ സ്വീകരണമാണു ലഭിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തിലും വരാപ്പുഴ അതിരൂപതയുടെ സഹകരണത്തോടെയുമാണ് നഗരത്തിൽ സ്വീകരണമൊരുക്കിയത്. എരമല്ലൂർ ജംഗ്ഷനിൽനിന്നായിരുന്നു ഇന്നലെ ജാഥയുടെ തുടക്കം. രാവിലെ 11ന് ഇവിടെയെത്തിയ ജാഥയെ ചെണ്ടമേളത്തിന്റെ അകന്പടിയോടെ സെന്റ് ജോസഫ്സ് ചാപ്പലിനു മുന്നിലെ പന്തലിലേക്ക് ആനയിച്ചു. സമ്മേളനം എ.എം. ആരിഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എഴുപുന്ന സെന്റ് റാഫേൽ പള്ളി വികാരി ഫാ. തോമസ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകരെ ആദരിക്കൽ, സൗജന്യ പച്ചക്കറി വിത്തു വിതരണം, കാർഷിക സെമിനാർ എന്നിവയുമുണ്ടായിരുന്നു.
കൊച്ചി നഗരത്തിൽ ഉച്ചകഴിഞ്ഞു 2.30ന് എത്തിയ ജാഥയുടെ ക്യാപ്റ്റൻ ഡോ. സണ്ണി സക്കറിയ രാജേന്ദ്ര മൈതാനിക്കു സമീപമുള്ള ഗാന്ധിപ്രതിമയിൽ പുഷ്പഹാരം അണിയിച്ചു. തുടർന്നു ജാഥ ഹൈക്കോർട്ട് ജംഗ്ഷനിലെ സ്വീകരണ സ്ഥലത്തേക്കു നീങ്ങി. വെള്ളയും നീലയും നിറങ്ങൾ കലർന്ന ബലൂണുകളും ഡിഎഫ്സി പതാകകളും അലങ്കരിച്ച വാഹനങ്ങളും നിരവധി ഇരുചക്ര വാഹനങ്ങളും റാലിയിൽ അകന്പടിയായി. ജാഥാ ക്യാപ്റ്റനെ പ്രോഗ്രാം കണ്‍വീനർ ബേബി പൊട്ടനാനി ഹാരമണിയിച്ചു സ്വീകരിച്ചു.
സമ്മേളനം എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.വി. തോമസ് എംപി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പ്രഫ. എം. കെ. സാനു, സിറിയക് ചാഴിക്കാടൻ, മോണ്‍. മാത്യു കല്ലിങ്കൽ, ഫാ. ഡേവിസ് മാടവന, ഡിഎഫ്സി എറണാകുളം സോണ്‍ പ്രസിഡന്റ് ജേക്കബ് മഞ്ഞളി, ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, അനിൽ പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
കനത്ത വെയിലിലും സ്ത്രീകളടക്കം നിരവധിപ്പേരാണു റാലിയിലും സ്വീകരണ സമ്മേളനത്തിലും പങ്കെടുക്കാനെത്തിയത്. കർഷകർ ഒപ്പുവച്ച നിവേദനം ജാഥാ ക്യാപ്റ്റൻ ഏറ്റുവാങ്ങി. ജൈവപച്ചക്കറി വിതരണവും ഉണ്ടായിരുന്നു. വൈകുന്നേരം 6.30ന് തൃപ്പൂണിത്തുറ നഗരത്തിലെത്തിയ കർഷക ജാഥയെ ചെണ്ടമേളത്തിന്റെ അകന്പടിയോടെ സ്വീകരിച്ചു. സെന്റ് മേരീസ് ഫൊറോന പള്ളി ഹാളിൽ നടന്ന സമ്മേളനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
ഫൊറോന വികാരി ഫാ. ജേക്കബ് പുതുശേരി അധ്യക്ഷത വഹിച്ചു. ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ മുഖ്യപ്രഭാഷണം നടത്തി. മികച്ച കർഷകരെ ആദരിച്ചു. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു സഞ്ചരിക്കുന്ന ചായക്കടയുടെ ദൃശ്യാവിഷ്കാരം വലിയ ശ്രദ്ധപിടിച്ചുപറ്റി. ഇന്ന് ഇരിങ്ങാലക്കുടയിലാണ് കേരള കർഷക ജാഥയുടെ പര്യടനം. 14ന് കോതമംഗലം, മൂവാറ്റുപുഴ മേഖലയിൽ പര്യടനം നടത്തും.