മധ്യകേരളത്തിന്റെ മനസറിഞ്ഞ് കർഷകജാഥ എറണാകുളത്ത്
Saturday, May 12, 2018 11:08 AM IST
കൊച്ചി: കാർഷികകേരളത്തിനു പുത്തനുണർവേകി ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ (ഡിഎഫ്സി) നേതൃത്വത്തിൽ പ്രയാണം തുടരുന്ന കേരള കർഷകജാഥയ്ക്ക് എറണാകുളം ജില്ലയിൽ ആവേശോജ്വല സ്വീകരണം. ഇന്നലത്തെ ആദ്യ പര്യടനകേന്ദ്രമായ മുരിങ്ങൂരിലെ സ്വീകരണത്തിനുശേഷം ജില്ലാ അതിർത്തിയായ പൊങ്ങം ജംഗ്ഷനിൽ എത്തിച്ചേർന്ന ജാഥയെ ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ ചരിത്രമുറങ്ങുന്ന അങ്കമാലിയിലേക്ക് ആനയിച്ചു.
ദീപികയുടെ നേതൃത്വത്തിലുള്ള കർഷക മുന്നേറ്റത്തിനൊപ്പം കൈകോർക്കാനും കർഷകജാഥയെ വരവേൽക്കാനും സ്ത്രീകളുൾപ്പെടെ ആയിരങ്ങൾ സ്വീകരണകേന്ദ്രങ്ങളിലെത്തി. മുതിർന്ന കർഷകരെ ആദരിക്കലും കർഷകർക്കു പച്ചക്കറിവിത്തു വിതരണവും ഓരോ കേന്ദ്രങ്ങളിലും നടന്നു. കർഷകരുടെ പ്രശ്നങ്ങൾക്കു പരിഹാരമാവശ്യപ്പെട്ടു മേഖലയിൽനിന്നു ശേഖരിച്ച ഒപ്പുകൾ ചടങ്ങുകളിൽ ജാഥാ ക്യാപ്റ്റൻ ഡോ. സണ്ണി സക്കറിയ ഏറ്റുവാങ്ങി.
രാഷ്ട്രദീപിക കൊച്ചി യൂണിറ്റ് റസിഡന്റ് മാനേജര്‍ ഫാ. മാത്യു കിലുക്കന്‍, ഡിഎഫ്സി എറണാകുളം സോണ്‍ ഡയറക്ടര്‍ ഫാ. ഷാൻലി ചിറപ്പണത്ത് എന്നിവര്‍ ജില്ലയിലെ പര്യടനത്തിനു നേതൃത്വം നല്കി. തൂവെള്ളയും ഇളംനീലയും നിറത്തിലുള്ള ഡിഎഫ്സി പതാക വഹിച്ച ഇരുചക്ര വാഹനങ്ങളുടെ അകന്പടിയോടെ രാവിലെ 10നു മുരിങ്ങൂരിൽ എത്തിയ കേരള കർഷകജാഥയ്ക്കു കൊരട്ടി ഡിവിഷന്റെ നേതൃത്വത്തിൽ ഒരുക്കിയതു ഹൃദ്യമായ സ്വീകരണമായിരുന്നു.
മുതിർന്ന കർഷകനും കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയുമായ 106 വയസുകാരൻ കുഞ്ഞുവറീതാണ് ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചത്. ഡിഎഫ്സി ഡിവിഷൻ കോ ഓർഡിനേറ്ററും തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ളവർ പള്ളി വികാരിയുമായ ഫാ. പോൾ ചുള്ളി അധ്യക്ഷത വഹിച്ചു. എറണാകുളം സോണ്‍ പ്രസിഡന്റ് ജേക്കബ് മഞ്ഞളി ഉദ്ഘാടനം ചെയ്തു.
അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിലേക്ക് കാർഷികാഭിമുഖ്യം അടയാളപ്പെടുത്തിയ പാളത്തൊപ്പി അണിയിച്ചാണു വിശിഷ്ടാതിഥികളെ വേദിയിലേക്കു സ്വീകരിച്ചത്. റോജി എം. ജോണ്‍ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജേക്കബ് മഞ്ഞളി അധ്യക്ഷത വഹിച്ചു. അങ്കമാലി, മൂഴിക്കുളം, മൂക്കന്നൂർ, കറുകുറ്റി ഡിവിഷനുകളുടെ നേതൃത്വത്തിലാണ് അങ്കമാലിയിലെ സ്വീകരണപരിപാടികൾ ഒരുക്കിയത്.
ഡിഎഫ്സി കാഞ്ഞൂർ, മഞ്ഞപ്ര ഡിവിഷനുകളുടെ നേതൃത്വത്തിൽ ജാഥയ്ക്ക് കാലടിയിൽ ഊഷ്മള വരവേൽപ്പു നൽകി. വൈകുന്നേരം നാലിനു കാലടി ജംഗ്ഷനിൽ വാദ്യോപകരണങ്ങളുടെ അകന്പടിയോടെ ജാഥയെ സ്വീകരിച്ചു. തുടർന്നു ഡിഎഫ്സി പതാകകളും കർഷക ഐക്യ മുദ്രാവാക്യങ്ങളുമായി ജാഥ കാലടി ടൗണ്‍ പഞ്ചായത്ത് ഓപ്പണ്‍ എയർ സ്റ്റേഡിയത്തിലെത്തി.
ഡിഎഫ്സി കാഞ്ഞൂർ ഡിവിഷൻ ഡയറക്ടർ റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ അധ്യക്ഷത വഹിച്ച സ്വീകരണസമ്മേളനം റോജി എം. ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. തലയിൽ പാളത്തൊപ്പിയണിഞ്ഞാണു ജാഥയെ വരവേൽക്കാൻ കാലടിയിൽ കർഷകരെത്തിയത്. സെന്റ് ജോർജ് പാരിഷ് ഹാളിൽ കാർഷിക സെമിനാറും നടന്നു.
മഴയെ അതിജീവിച്ച് ആവേശത്തോടെയാണു പെരുന്പാവൂരിലെ സ്വീകരണ സ്ഥലത്തേക്കു നൂറുകണക്കിനാളുകൾ ഒഴുകിയെത്തിയത്. ഡിഎഫ്സി വല്ലം ഡിവിഷന്റെ നേതൃത്വത്തിൽ സെന്റ് മേരീസ് പള്ളി പാരിഷ്ഹാളിൽ നടന്ന സമ്മേളനം മുൻ കൃഷി മന്ത്രി പി.പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
ഡിഎഫ്സി വല്ലം ഡിവിഷൻ ഡയറക്ടർ ഫാ. തോമസ് പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ സതി ജയകൃഷ്ണൻ മികച്ച നെൽകർഷകരെ ആദരിച്ചു. കർഷകർക്കു വിത്തും ജൈവവളവും വിതരണം ചെയ്തു. ഇന്ന് എരമല്ലൂർ, എറണാകുളം ഹൈക്കോടതി ജംഗ്ഷൻ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണു കേരള കർഷകജാഥയുടെ പര്യടനം.