കൃഷിയും ബിന്ധ്യയെന്ന എംടെക്കുകാരിയും
Saturday, May 12, 2018 11:06 AM IST
“നടുന്നിടത്ത് പുഷ്പിക്കുക’’ എന്ന പഴമൊഴി അക്ഷരാർഥത്തിൽ അന്വർഥമാക്കുകയായിരുന്നു ബിന്ധ്യ ബാലകൃഷ്ണൻ എന്ന യുവതി. ഭർത്താവും നഴ്സറി വിദ്യാർഥിയായ മകൻ വിഷ്ണുവുമായി ബംഗളൂരുവിൽ സസുഖം കഴിയുന്നതിനിടയിലാണ് ഐടി മേഖലയിൽ എൻജിനിയറായ ഭർത്താവ് വിജേഷിനു നാട്ടിലേക്കുള്ള സ്ഥലംമാറ്റം.
കുഞ്ഞിന്റെ കാര്യം കുടുംബം ഏറ്റെടുത്താൽ പിന്നെ എം.ടെക് ബിരുദധാരിയായ തനിക്ക് എന്തെങ്കിലുമൊരു ജോലിയോ ബിസിനസോ നടത്തിക്കൂടെ എന്നൊരു ചിന്ത മനസിൽ മുളയെടുത്തു. ബയോടെക്നോളജിക്കാർക്കു നാട്ടിൽ ജോലിസാധ്യത കുറവായതിനാൽ സ്വന്തമായൊരു സംരംഭം എന്നതു മനസിലുറപ്പിച്ചു. അപ്പോഴാണ് ചെന്നൈയിൽ ഗവേഷണ വിദ്യാർഥിയായിരിക്കുന്പോൾ ഗവേഷണസംഘം തലവനായിരുന്നു സീനി സാർ (പ്രഫ. എസ്.സീനി) നാട്ടിലൊരു ടിഷ്യു കൾച്ചർ ലാബ് തുടങ്ങൂ എന്നുപദേശിച്ചിരുന്നത് ഓർമവന്നത്. കൂടുതലൊന്നും ആലോചിച്ചില്ല. പഴയ പ്രഫസറെ വിളിച്ചു. വാഴയാണ് നല്ലതെന്നും കയറ്റുമതിമൂല്യമുള്ള ഗ്രാന്റ്നെയിൻ ആണ് വാണിജ്യത്തിന് ഏറ്റവും ഉത്തമമെന്നും ഉപദേശിച്ച അദ്ദേഹം കേരളത്തിലുള്ള ശിഷ്യൻ ഡോ. ഹേമന്തിനെ വിദഗ്ധോപദേശത്തിനായി ചുമതലപ്പെടുത്തി.
ചങ്ങാലിക്കോടനെന്ന കണ്ടെത്തൽ
ഒരു പത്രവാർത്തയാണ് ടിഷ്യു കൾച്ചറിൽ ചെങ്ങാലിക്കോടനെന്ന നേന്ത്രവാഴ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ വ്യക്തിയാക്കി ബിന്ധ്യയെ മാറ്റിയത്. കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്നു പലിശരഹിത വായ്പ നേടി ലാബ് തയാറാക്കുന്നതിനിടയിലാണ് വഴിത്തിരിവായ ഈ വാർത്ത വായിക്കാനിടയായത്. ചെങ്ങാലിക്കോടന്റെ ടിഷ്യൂകൾച്ചർ തൈകൾ ആവശ്യപ്പെട്ട് ഏതാനും കർഷകർ കാർഷിക സർവകലാശാലയെ സമീപിച്ചതായിരുന്നു വാർത്ത. തന്റെ ജില്ലയിലെ ഈ തനത് ഇനത്തെക്കുറിച്ചായി പിന്നെ അന്വേഷണം. ചെങ്ങാലിക്കോടന്റെ ടിഷ്യുകൾച്ചർ തൈകൾ തയാറാക്കാൻ പലരും ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലമെന്നു വിദഗ്ധരും അക്കാദമിക് മേഖലയിലുള്ളവരും അഭിപ്രായപ്പെട്ടെങ്കിലും റിസ്ക് ഏറ്റെടുക്കാൻതന്നെ തീരുമാനിച്ചു.
ഭൗമസൂചികയിൽ പ്രതിപാദിച്ചിട്ടുള്ള ചൊവ്വന്നൂർ, വടക്കാഞ്ചേരി, എരുമപ്പെട്ടി, പഴയന്നൂർ മേഖലകളിലെ നേന്ത്രവാഴത്തോട്ടങ്ങൾ സന്ദർശിച്ചു ഗുണമേന്മയുള്ള മാതൃകോശങ്ങൾ സംഭരിച്ചു.
സ്വപ്നം പൂവണിയുന്നു
2015 ഓഗസ്റ്റ് 28ലെ തിരുവോണനാളിൽ തന്റെ അഞ്ചാം വിവാഹ വാർഷിക ദിനത്തിൽ തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂരിനടുത്തുള്ള പൈങ്ങോട് ഗ്രാമത്തിൽ ആരംഭിച്ച ടിഷ്യൂകൾച്ചർ യൂണിറ്റിനു "പ്ലാന്റ് മിൽ’ എന്നു പേരിട്ടു. സാധാരണ ടിഷ്യുകൾച്ചർ യൂണിറ്റുകളിൽ ടിഷ്യൂകൾച്ചറിനു പ്രാഥമികമായി ഉപയോഗിക്കുന്നതു വാഴയുടെ മാങ്ങ് (കിഴങ്ങ്) ആണെങ്കിൽ ഇവിടെ ബിന്ധ്യ അവലംബിച്ചിരിക്കുന്നത് വാഴയുടെ അഗ്രമെരിസ്റ്റത്തിൽനിന്നു തൈകൾ ഉത്പാദിപ്പിക്കുന്ന നൂതന സാങ്കേതിക വിദ്യയാണ്. റിട്ട. പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോസ് വർഗീസിന്റെയും നടവരന്പ് സീഡ് ഫാമിലെ അസിസ്റ്റന്റ് ഡയറക്ടർ ജെഷിയുടെയും നിരന്തര ഉപദേശ നിർദേശങ്ങളോടെയായിരുന്നു ആദ്യ പരീക്ഷണം. ഓഗസ്റ്റിൽതന്നെ ചെടികൾ പ്രജനനത്തിനായി തയാറാക്കി. 10 മാസത്തിനു ശേഷം ആദ്യ തൈകൾ മുളച്ചു. സാധാരണ രീതിയിൽ വാഴമാങ്ങിൽനിന്നു 500-600 തൈകൾ ലഭിക്കുന്നതിനു പകരം ഈ രീതിയിൽ പരമാവധി 200-300 തൈകളേ ലഭിക്കൂ. അതീവ ശ്രദ്ധയോടെ പ്രാഥമിക ഹാർഡനിംഗിനായി മാറ്റി. രണ്ടാംഘട്ട ഹാർഡനിംഗ് (ദൃഢീകരണം) ഒരു വെല്ലുവിളിയായിരുന്നെങ്കിലും അതും വിജയകരമായി.
ഫീൽഡ് ട്രയലിന്റെ ഭാഗമായി പല കർഷകർക്കും ടിഷ്യു തൈകൾ നൽകി. മുള്ളൂർക്കരയിലുള്ള വിശ്വനാഥന്റെ കൃഷിയിടത്തിൽ ആദ്യ ടിഷ്യു ചെങ്ങാലിക്കോടൻ കുലച്ചു. മൂന്നു മാസത്തിനുശേഷം വിളവെടുത്ത് പഴുപ്പിച്ചപ്പോൾ ചെങ്ങാലിക്കോടന്റെ അസൽ രുചിയും നിറവും ഗുണവും. തുടർന്ന് എരുമപ്പെട്ടിയിലെ ബാബു 1,000 ചെങ്ങാലിക്കോടൻ തൈകൾ വാങ്ങി നട്ടു. കൃത്യമായ പരിപാലന മുറകൾ സ്വീകരിക്കുകയും ജൈവവളം നൽകുകയും ചെയ്തതോടെ 17- 22 കിലോ തൂക്കമുള്ള ലക്ഷണമൊത്ത ചെങ്ങാലിക്കോടൻ കുലകൾ.
മഞ്ചേരിയും ക്വിന്റലും പിന്നെ സ്വർണമുഖിയും
ചെങ്ങാലിക്കോടന്റെ വിജയം മറ്റു പ്രാദേശിക ഇനങ്ങളായ മഞ്ചേരി, സ്വർണമുഖി, ക്വിന്റൽ എന്നീ നേന്ത്രൻ ഇനങ്ങളിലേക്കുംകൂടി കടക്കാൻ പ്രചോദനമായി. കൂടാതെ കർഷകരുടെ വലിയ ഡിമാൻഡിനെത്തുടർന്ന് നിവേദ്യ കദളി (പൂജാ കദളി)യിലേക്കും. 23 മുതൽ 30 രൂപ വരെയാണ് ബിന്ധ്യ വിവിധ ഇനം ടിഷ്യുതൈകൾക്കു വാങ്ങുന്ന വില. മറ്റു പലരും സ്വർണമുഖി പോലുള്ളവയ്ക്ക് 60 മുതൽ 80 രൂപവരെ ഈടാക്കുന്നുണ്ട്.
ഇക്കഴിഞ്ഞ 2017-18 സാന്പത്തിക വർഷത്തിൽ 20,000ത്തോളം ടിഷ്യൂ കൾച്ചർ വാഴത്തൈകൾ ഉത്പാദിപ്പിച്ചു കഴിഞ്ഞു ഈ യുവതി. തൈകൾക്കു ഡിമാൻഡ് ഉണ്ടെങ്കിലും ഓർഡറനുസരിച്ചു കൊടുക്കാൻ കഴിയാത്ത വിഷമത്തിലാണിവർ.
സർക്കാർ സഹായം അനിവാര്യം
കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്നെടുത്ത ഒന്പതു ലക്ഷം രൂപയും ഭർത്താവ് നൽകിയ ഒരു ലക്ഷം രൂപയും ഉൾപ്പെടെ 10 ലക്ഷം മുതൽമുടക്കിയാണ് ലാബ് സജീകരിച്ചത്. പിന്നീട് രണ്ടാംഘട്ട ദൃഢീകരണത്തിനുള്ള മഴമറയുണ്ടാക്കി. ഇന്നു നാട്ടുകാരായ ടെസി, സുനിത, ഷീജ, ധനി, ശ്രീലേഖ എന്നീ അഞ്ചു യുവതികൾക്കു തൊഴിൽ നൽകുന്നുണ്ട് ഈ സ്ഥാപനം.
"എംടെക് പഠിച്ച ഞാൻ ബയോടെക്നോളജിയിലൂടെ പഠിച്ച ടിഷ്യു കൾച്ചർ എന്ന സാങ്കേതികവിദ്യ മുഴുവൻ ഇവരെ പഠിപ്പിച്ചുകഴിഞ്ഞു. അവരതു ഭംഗിയായി ചെയ്യുന്നുമുണ്ട്. ലോണ് തിരിച്ചടയ്ക്കേണ്ടതും ശന്പളവും വച്ചുനോക്കുന്പോൾ ലാഭമൊന്നും ഉണ്ടെന്നു പറയാനാകില്ല. പക്ഷേ, ഡിമാൻഡ് ഏറെയുള്ളതിനാൽ ഒരു വലിയ ലാബ് കൂടി തുടങ്ങണം. അതിന് ഒരു കോടിയോളം രൂപ വേണം. സംസ്ഥാന സർക്കാരിന്റെ ഹോർട്ടികൾച്ചർ മിഷനിൽ ആദ്യം അപേക്ഷിച്ചപ്പോൾ ലഭിച്ചിരുന്നില്ല. എങ്കിലും ഒരിക്കൽകൂടി ട്രൈ ചെയ്യുന്നുണ്ട്. അങ്ങനെ ലഭിച്ചാൽ നാല്പതോ അന്പതോ പേർക്കൂകൂടി തൊഴിൽ നൽകാനാകും. തന്നെയുമല്ല ലാഭത്തിലേക്കു വരികയും ചെയ്യും.
കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് എംടെക് ബയോടെക്നോളജിക്കാർക്കു നാലുകോടി രൂപവരെയുള്ള ഗ്രാന്റുകൾ തത്വത്തിൽ നൽകുന്നുണ്ടെങ്കിലും നമുക്കാർക്കും അതു ലഭ്യമാകുന്നില്ലെന്നതാണു സത്യം. അതിനു സംസ്ഥാന സർക്കാർ മുൻകൈ എടുത്താൽ എനിക്കുമാത്രമല്ല എന്നെപ്പോലെയുള്ള മറ്റുള്ളവർക്കും വലിയ പ്രോത്സാഹനമാകും’- ബിന്ധ്യ പറഞ്ഞു.
"മറ്റൊരു കന്പനിയിൽ പോയി ജോലി ചെയ്താൽ ലഭിക്കുന്നതിന്റെ നൂറിരട്ടി സന്തോഷവും മാനസിക സംതൃപ്തിയുമാണ് ഓരോ ബാച്ച് തൈകൾ പുറത്തിറങ്ങുന്പോഴും ലഭിക്കുന്നത്. കൂടാതെ ഉപയോക്താക്കളുടെ ഫോണ് സന്ദേശങ്ങൾ വരുന്പോഴും’, ഈ യുവ എൻജിനിയർ വാചാലയാകുന്നു.
യുവ കർഷകർ പറയുന്നു / സെബി മാളിയേക്കൽ