നാടുണർത്തി കർഷകജാഥ പുതുക്കാട്ട്
Thursday, May 10, 2018 11:39 AM IST
പുതുക്കാട്: കാർഷികവൃത്തിയെ സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് തള്ളി താഴെയിടുന്ന അനീതിക്കെതിരേയുള്ള പോരാട്ടത്തിൽ നാടുണമെന്ന് തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. കർഷകരുടേയും ചെറുകിട വ്യാപാരികളുടേയും ക്ലേശങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദീപിക ഫ്രണ്ട്സ് ക്ലബ് നയിക്കുന്ന കേരള കർഷക ജാഥയ്ക്കു കാർഷിക, വ്യാവസായിക മേഖലയായ പുതുക്കാട് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാവിലെ സാംസ്കാരിക നഗരമായ തൃശൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച മാർ അപ്രേം മെത്രാപ്പോലീത്ത, നാടിനെ ഉൗട്ടിവളർത്തുന്ന കർഷകരെ സംരക്ഷിക്കേണ്ട സർക്കാരുകൾ കോടിക്കണക്കിനു രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി കോർപറേറ്റുകളെയാണു സംരക്ഷിക്കുന്നതെന്ന് കുറ്റപ്പെടുത്തി. കോർപറേഷൻ ഓഫീസിനു മുന്നിൽ നടന്ന സമ്മേളനത്തിൽ മേയർ അജിത ജയരാജൻ അടക്കമുള്ള പൗരപ്രമുഖർ പങ്കെടുത്തു.
മലയോര മേഖലയെ പരിസ്ഥിതിലോല പ്രദേശങ്ങളാക്കി പ്രഖ്യാപിച്ചതോടെ കൃഷിഭൂമിയിൽ കൃഷിയിറക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല കുടുംബങ്ങളിലെ വിവാഹംപോലും നടക്കാത്ത അവസ്ഥയാണ്- ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങളിൽ മുഖ്യപ്രഭാഷണം നടത്തിയ ഡിഎഫ്സി സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിൽ ചൂണ്ടിക്കാട്ടി. ചെറുകിട വ്യാപാരികളെ തകർക്കുന്ന കോർപറേറ്റുവത്കരണത്തിനെതിരേ മതവും രാഷ്്ട്രീയവും നോക്കാതെ ജാഗ്രതയോടെ പൊരുതണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജാഥാ ക്യാപ്റ്റനും ഡിഎഫ്സി സംസ്ഥാന പ്രസിഡന്റുമായ ഡോ. സണ്ണി വി. സക്കറിയ കർഷകജാഥയുടെ പ്രസക്തിയെക്കുറിച്ചു വിവിധ സ്വീകരണ യോഗങ്ങളിൽ വിശദീകരിച്ചു.
ദീപിക ഫ്രണ്ട്സ് ക്ലബ് തൃശൂർ മേഖലാ കോ-ഓർഡിനേറ്റർ ഫാ. വർഗീസ് കുത്തൂർ, മിജാർക് കോ-ഓർഡിനേറ്ററും ഫലസമൃദ്ധി ജനറൽ കണ്വീനറുമായ സിറിയക് ചാഴികാടൻ, ഡിഎഫ്സി സംസ്ഥാന സെക്രട്ടറി പോളി അഗസ്റ്റിൻ, തൃശൂർ സോൺ പ്രസിഡന്റ് പോളി നീലങ്കാവിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങളിൽ പ്രസംഗിച്ചു. പച്ചക്കറികൾ കോർത്തു തയാറാക്കിയ ഹാരങ്ങളും ബൊക്കെകളും ഉപയോഗിച്ചാണ് ഇന്നലെ കർഷക ജാഥയ്ക്കു മിക്കയിടത്തും സ്വീകരണം ഒരുക്കിയത്.
കാർഷിക, ചെറുകിട വ്യാപാര രംഗത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിലേക്കുള്ള ഒപ്പുശേഖരണത്തിന്റെ സമർപ്പണവും ഇതോടനുബന്ധിച്ചു നടന്നു. കൊട്ടേക്കാട്, തൃശൂർ കിഴക്കേകോട്ട, പൂത്തൂർ, ഒല്ലൂർ എന്നിവിടങ്ങളിലും കർഷകജാഥയ്ക്കു വരവേല്പു നൽകി. ഇന്ന് എറണാകുളം ജില്ലയിലാണു പര്യടനം.