കേരള കർഷകജാഥ കർഷക രക്ഷാ ജാഥയായി: ബിഷപ് മാർ ജേക്കബ് മനത്തോടത്ത്
Tuesday, May 8, 2018 11:06 AM IST
പാലക്കാട്: ദീപിക ഫ്രണ്ട്സ് ക്ലബ് നേതൃത്വം നല്കുന്ന കേരള കർഷക ജാഥ അഞ്ചു ജില്ലകൾ പിന്നിട്ടപ്പോൾ കർഷക രക്ഷാ ജാഥയായി പരിണമിച്ചതായി ബിഷപ് മാർ ജേക്കബ് മനത്തോടത്ത് പറഞ്ഞു. കേരള കർഷകജാഥയ്ക്ക് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. കർഷകരുടെ രക്ഷ, വിമോചനം എന്നിവയ്ക്കു വേണ്ടിയാണ് ഈ യാത്ര. കർഷകർ ഇപ്പോൾ പരിഭ്രാന്തരും നിസഹായരും നിരാശരുമാണ്. കർഷകർ അധികൃതരിൽ നിന്നും സംരക്ഷണം ലഭിക്കാതെ അരക്ഷിതാവസ്ഥയിലാണ്. ജീവനും സ്വത്തിനും സംരക്ഷണമില്ല. പ്രകൃതിദുരന്തം, വന്യമൃഗങ്ങൾ എന്നിവയുടെ താണ്ഡവം മറുവശത്ത്. ഇതിനാലാണ് കർഷകർ നിസഹായരാകുന്നത്. രാഷ്ട്രീയക്കാരും ഭരണകൂടവും കർഷകരെ സഹായിക്കാനില്ലാത്തതിനാൽ അവർ നിരാശരുമാകുന്നു. ഈ നിരാശയിൽ നിന്നുമാണ് കർഷകർ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്.
അന്യം നിന്നുപോകുന്ന ഒരു വംശമായി കൃഷി മാറുന്നു. ആരും മക്കളെ കർഷകരാക്കാൻ തയ്യാറാകുന്നില്ല. ഭാവിയിൽ കർഷകർ എന്ന വിഭാഗം തന്നെ ഇല്ലാതാകുമെന്ന അവസ്ഥയാണ്. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ മുന്നിട്ടിറങ്ങണം. കർഷകരുടെ ആവശ്യങ്ങളും ദുരിതങ്ങളും പൊതുസമൂഹത്തിനു മുന്നിലും അധികൃതരുടെ മുന്നിലും അവതരിപ്പിക്കുന്ന പത്രമാണ് ദീപിക. കർഷകരോടുള്ള പ്രതിബദ്ധതയാണ് ദീപികയുടെ മുഖമുദ്ര. ബിഷപ് പറഞ്ഞു.
കർഷകർ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് എല്ലാവരും പറയുന്പോഴും ആ നട്ടെല്ല് ഒടിഞ്ഞ അവസ്ഥയാണ് ഇന്നുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ വികാരി ഫാ. ജീജോ ചാലയ്ക്കൽ പറഞ്ഞു. നട്ടെല്ലൊടിഞ്ഞ് എഴുന്നേറ്റു നില്ക്കാനാകാത്ത അവസ്ഥയിലാണ് കർഷകർ. കർഷകരെ എഴുന്നേൽപ്പിച്ചു നിർത്തേണ്ട ചുമതല അധികൃതർക്കാണ്. അതിന് അവർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കർഷക പെൻഷൻ വർധിപ്പിച്ചുനല്കണമെന്നും കർഷകർക്ക് താങ്ങായി നില്ക്കുന്ന ചെറുകിട വ്യാപാരികളെ സംരക്ഷിക്കണമെന്നും ജാഥാ ക്യാപ്റ്റനും ഡിഎഫ്സി സംസ്ഥാന പ്രസിഡന്റുമായ സണ്ണി വി. സക്കറിയ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. കർഷകരുടെ ഉത്പ്പന്നങ്ങൾക്കും, അവർക്കു വേണ്ട ഉത്പ്പന്നങ്ങൾക്കും വൻകിട കച്ചവടക്കാർ വില നിശ്ചയിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇത്തരം പ്രതിസന്ധികൾ നിലനില്ക്കുന്പോഴാണ് ദീപിക പത്രത്തിന്റെ പ്രസക്തി വ്യക്തമാകുന്നത്. കർഷകരോടൊപ്പം നിലകൊള്ളുന്ന പത്രമാണ് ദീപിക. ദീപികയെ ശക്തിപ്പെടുത്താൻ കർഷകർ തയ്യാറാകണമെന്നും സണ്ണി വി. സക്കറിയ പറഞ്ഞു.
കത്തോലിക്കാ കോണ്ഗ്രസ് ഫൊറോന പ്രസിഡന്റ് സുരേഷ് വടക്കൻ ജാഥാ ക്യാപ്റ്റന് ഹാരാർപ്പണം നടത്തി. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, രൂപത മാതൃവേദി പ്രസിഡന്റ് മിനി വിൽസണ്, പാലക്കാട് എക്യുമെനിക്കൽ മൂവ്മെന്റ് പ്രതിനിധി ബെന്നി മാത്യു എന്നിവർ ആശംസാപ്രസംഗം നടത്തി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നല്കാനുള്ള നിവേദനത്തിലേയ്ക്കുള്ള ഒപ്പുശേഖരണ സമർപ്പണവും ദീപിക പുതിയ വരിക്കാരുടെ ലിസ്റ്റ് സമർപ്പണവും ഫാ. ബിജു കല്ലിങ്കൽ നിർവഹിച്ചു. ഡിഎഫ്സി രൂപത പ്രസിഡന്റ് ഡെന്നി തെങ്ങുംപള്ളി ആമുഖ പ്രഭാഷണം നടത്തി. സ്വാഗതസംഘം കണ്വീനർ ജോസ് മുക്കട സ്വാഗതവും ജനറൽ കണ്വീനർ ബാബു എം. മാത്യു നന്ദിയും പറഞ്ഞു. ഡൊമിനിക് തോമസ് ആങ്കറിംഗ് നടത്തി. ഫാ. റെജി പെരുന്പിള്ളിൽ, ഫാ. സീജോ കാരിക്കാട്ടിൽ, ഫാ. അജി ഐക്കര, ഫാ. മാർട്ടിൻ തട്ടിൽ, ഫാ. ടോണി അറയ്ക്കൽ, ഫാ. ജിതിൻ വേലിക്കകത്ത്, ഫാ. ജോബിൻ മേലേമുറി തുടങ്ങിയ വൈദീകരും ഡിഎഫ്സി ഭാരവാഹികളും, കർഷകരും, അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു.