കർഷകരുടെ ഉയിർത്തെഴുന്നേൽപ്പ് ദീപികയുടെ ലക്ഷ്യം: ഫാ. ജിനോ പുന്നമറ്റം
Tuesday, May 8, 2018 11:05 AM IST
പാലക്കാട്: കേരള കർഷകജാഥ തിരുവനന്തപുരത്ത് അവസാനിക്കി ല്ലെന്നും കർഷകരുടെ നട്ടെല്ല് നിവർന്നുനില്ക്കുന്ന ദിവസംവരെയും തുടരുമെന്നും ഡിഎഫ്സി സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റം പറഞ്ഞു.
ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ കാസർകോഡു നിന്നും തിരുവനന്തപുരത്തേയ്ക്ക് നടത്തുന്ന കേരള കർഷക ജാഥയ്ക്ക് ജില്ലയിൽ നല്കിയ വിവിധ സ്വീകരണയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റുകൾ രാജ്യത്തെ വിഭജിച്ചെടുക്കുന്പോൾ കർഷകർ ആത്മഹത്യാ മുനന്പിലാണ്. സർക്കാരുകൾ വന്പൻ കോർപ്പറേറ്റുകളുടെ ശതകോടികൾ കിട്ടാക്കടമായി എഴുതിത്തള്ളുന്പോൾ കേരളത്തിലെ പാവപ്പെട്ട കർഷകർ ഒരുനേരത്തിനുവേണ്ട അപ്പത്തിനായി പോരാടുകയാണ്.
ഇവിടുത്തെ മാധ്യമങ്ങളും സർക്കാരുകളും കർഷകരെ പറഞ്ഞു പറ്റിക്കുകയാണ്. എന്തുകൊണ്ടാണ് ഈ ജനാധിപത്യ രാജ്യത്ത് കർഷകരുടെ ആവശ്യങ്ങൾ ജനത്തിന് ചോദിക്കാൻ പറ്റാത്തത്. ചോദിക്കണം, ജയിപ്പിച്ച് വിടുന്നവരോട് ചോദിക്കണം. ആരുടേയും അടിമകളായല്ല കർഷകർ ജീവിക്കേണ്ടത്. പ്രതികരണശേഷിയോടെ, പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ച്, അവകാശങ്ങൾ ചോദിച്ച് മേടിച്ചാണ് കർഷകർ ജീവിക്കേണ്ടത്. രാഷ്ട്രീയക്കാർ ഭരണം കിട്ടിയാൽ കർഷകർക്ക് കൊടുക്കുന്ന വാഗ്ദാനങ്ങൾ മറന്നുപോകും. ഒറ്റക്കെട്ടായി കർഷകസമൂഹം നിന്നാൽ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയൂ. ശബ്ദമില്ലാത്ത കർഷകരുടെ ശബ്ദമാകുകയാണ് ദീപികയുടെ ലക്ഷ്യമെന്നും ഫാ. ജിനോ പുന്നമറ്റം പറഞ്ഞു.