കർഷകജാഥയ്ക്കു വയനാട്ടിൽ ഗംഭീര വരവേല്പ്
Sunday, May 6, 2018 6:19 PM IST
തകർന്നടിഞ്ഞ കാർഷികമേഖലയെ കൈപിടിച്ചുയർത്തുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉറപ്പാക്കാൻ ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നു തിരുവനന്തപുരത്തേക്ക് നടത്തുന്ന കേരള കർഷക ജാഥയ്ക്ക് വയനാട്ടിൽ ഉജ്വല സ്വീകരണം.
കാർഷികവൃത്തി കേരളസമൃദ്ധി എന്ന സന്ദേശവുമായി കർഷകകുടിയേറ്റ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന ജാഥയ്ക്ക് ജില്ലയിൽ ആറു കേന്ദ്രങ്ങളിലാണ് സ്വീകരണം നൽകിയത്. കാവുംമന്ദത്ത് ഇന്നലെ രാവിലെ ആരംഭിച്ച ജാഥ കൽപ്പറ്റ, സുൽത്താൻ ബത്തേരി, പുൽപ്പള്ളി, നടവയൽ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം മാനന്തവാടിയിൽ സമാപിച്ചു.
കാലാവസ്ഥാമാറ്റങ്ങളോടും വന്യജീവികളോടും മല്ലടിച്ചും വിളനാശവും വിലയിടിവും മൂലം കടക്കെണിയിൽ അകപ്പെട്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ജാഥ വയനാട്ടിൽ പര്യടനം നടത്തിയത്.
രാവിലെ 9.30ന് കാവുംമന്ദത്ത് എത്തിയ ജാഥയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണു തരിയോട് റീജൺ ഡിഎഫ്സി അംഗങ്ങളും നാട്ടുകാരും കർഷകരും വ്യാപാരികളും മഹല്ല് കമ്മിറ്റിയും ചേർന്ന് സ്വീകരിച്ചത്. വൈദികരും സന്യസ്തരും കർഷകരും അടങ്ങുന്ന നൂറുകണക്കിന് ആളുകൾ ഓരോ പര്യടനകേന്ദ്രത്തിലും ജാഥയ്ക്ക് കരുത്തേകിയെത്തി.
സ്വന്തം മണ്ണിൽ വിളഞ്ഞ വാഴക്കുലയും ചക്കയും മറ്റ് ഉത്പന്നങ്ങളും നൽകിയാണ് ജാഥാ ക്യാപ്റ്റനും ഡിഎഫ്സി സംസ്ഥാന പ്രസിഡന്റുമായ ഡോ. സണ്ണി വി. സഖറിയയെ യാത്രയാക്കിയത്.
കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുതകുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന ഭരണാധികാരികൾക്കു സമർപ്പിക്കുന്ന നിവേദനത്തിലേക്ക് കർഷകരിൽ നിന്നു ശേഖരിച്ച ഒരു ലക്ഷത്തിൽപ്പരം ഒപ്പുകളും ജാഥാ ക്യപ്റ്റൻ സ്വീകരിച്ചു. സമാപന സമ്മേളനം മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. മേഖല രക്ഷാധികാരിയും കത്തീഡ്രൽ വികാരിയുമായ ഫാ. പോൾ മുണ്ടോളിക്കൽ അധ്യക്ഷത വഹിച്ചു.
കർഷകർക്ക് ആശ്വാസം പകരുന്ന നടപടികൾ സ്വീകരിക്കുന്നതിനുള്ള ശ്രമം തുടരുമെന്ന വാഗ്ദാനം നൽകിയാണ് കർഷക ജാഥ വയനാട്ടിൽ നിന്നു മലപ്പുറം ജില്ലയിലെ മണിമൂളിയിലേക്ക് യാത്രയായത്.
അദീപ് ബേബി