കേരള കര്‍ഷക ജാഥയ്ക്കു കോഴിക്കോട് ജില്ലയില്‍ ആവേശോജ്വല സ്വീകരണം
Saturday, May 5, 2018 10:15 AM IST
താമരശേരി: കാര്‍ഷിക സംസ്കാരത്തിന് പുത്തന്‍ ഉണർവേകി ദീപിക ഫ്ണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നു തിരുവനന്തപുരത്തേക്ക് നടത്തുന്ന കേരള കര്‍ഷക ജാഥയ്ക്കു കോഴിക്കോട് ജില്ലയില്‍ ആവേശോജ്വല സ്വീകരണം. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് കര്‍ഷകര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് ശേഖരിച്ച ആയിരക്കണക്കിന് കൈയൊപ്പുകളുമായാണ് അവര്‍ സ്വീകരണത്തിനെത്തിയത്. കാര്‍ഷികവൃത്തി കേരള സമൃദ്ധി എന്ന മുദ്രാവാക്യമുയര്‍ത്തി എത്തിയ ജാഥയെ മനം നിറഞ്ഞ സന്തോഷത്തില്‍ കൈയടികളോടെയും വാദ്യഘോഷത്തോടെയുമാണ് സ്വീകരിച്ച് സമ്മേളന വേദിയിലേക്ക് നയിച്ചത്.
ഇന്നലെ രാവിലെ 9.30ന് മരുതോങ്കരയില്‍ നിന്നാരംഭിച്ച പര്യടനം 11.30 ന് കൂരാച്ചുണ്ട്, ഉച്ചകഴിഞ്ഞ് 2.30ന് തലയാട്, വൈകുന്നേരം 4.30 കോടഞ്ചേരി എന്നിങ്ങനെ മലയോര മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങി വൈകുന്നേരം 5.30ന് തിരുവമ്പാടിയില്‍ സമാപിച്ചു. സമാപന സമ്മേളനം കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
ആദ്യ സ്വീകരണ കേന്ദ്രമായ മരുതോങ്കര മുള്ളൻ കുന്നിലേക്ക് കാവിലുംപാറ, ചെമ്പനോട, മരുതോങ്കര മേഖലകളിൽ നിന്ന് സ്ത്രീകളടക്കം നൂറു കണക്കിനാളുകൾ ഒഴുകിയെത്തിയപ്പോൾ ജാഥയുടെ തുടക്കം ഗംഭീരമായി. മുതിർന്ന കർഷകരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
രാവിലെ പതിനൊന്നരയോടെ കൂരാച്ചുണ്ട് അങ്ങാടിയിൽ എത്തിച്ചേർന്ന ജാഥയ്ക്ക് നൂറ് കണക്കിന് കർഷകരുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരണം നൽകി. തലയാട്, കോടഞ്ചേരി എന്നിവിടങ്ങളിലും ജാഥാ സ്വീകരണത്തിൽ വൻ ജനപങ്കാളിത്തമായിരുന്നു.
കേരള കർഷക ജാഥ ഇന്നു വയനാട്ടിൽ
കൽപ്പറ്റ: കേരള കർഷകജാഥയുടെ വയനാട് പര്യടനം ഇന്ന്. തരിയോട് പഞ്ചായത്തിലെ കാവുമന്ദത്ത് രാവിലെ ഒന്‍പതിനാണ് ജില്ലാതല സ്വീകരണം. ഇതോടനുബന്ധിച്ചു ചേരുന്ന സമ്മേളനം അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേഖല രക്ഷാധികാരി ഫാ.ജയിംസ് കുന്നത്തേട്ട് അധ്യക്ഷത വഹിക്കും.
10.30നു കൽപ്പറ്റയിൽ സ്വീകരണ സമ്മേളനം ഹരിതസേന സംസ്ഥാന ചെയർമാൻ വി.ടി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യും. നീതിവേദി പ്രസിഡന്റ് റവ.ഡോ.തോമസ് ജോസഫ് തേരകം മുഖ്യപ്രഭാഷണം നടത്തും. 11.30നു ബത്തേരിയിലും ഉച്ചകഴിഞ്ഞ് മൂന്നിനു പുൽപ്പള്ളിയിലും വൈകുന്നേരം നാലിനു നടവയലിലുമാണ് ജാഥയ്ക്ക് സ്വീകരണം. വൈകുന്നേരം 4.30നു മാനന്തവാടിയിൽ ജില്ലാതല സമാപന സമ്മേളനം ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും. മേഖല രക്ഷാധികാരിയും കത്തീഡ്രൽ വികാരിയുമായ ഫാ.പോൾ മുണ്ടോളിക്കൽ അധ്യക്ഷത വഹിക്കും.