ആദരവ് ഏറ്റുവാങ്ങി മരുതോങ്കരയുടെ കർഷക കാരണവർ
Saturday, May 5, 2018 10:13 AM IST
കുറ്റ്യാടി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കെതിരേ ദീപിക ഫ്രണ്ട്സ് ക്ലബ് നയിക്കുന്ന കർഷക ജാഥ കോഴിക്കോട് ജില്ലയിലെ കുടിയേറ്റ ഗ്രാമമായ മരുതോങ്കരയിൽ എത്തിയപ്പോൾ ആദരം ഏറ്റുവാങ്ങാൻ മരുതോങ്കരയുടെ കാരണവരും. നൂറ്റിമൂന്നാം വയസിലേക്ക് പ്രവേശിക്കുന്ന മരുതോങ്കര മുണ്ടവയൽ സ്വദേശി ജോസഫ് കാഞ്ഞിരത്തിങ്കൽ (പാപ്പച്ചൻ ), നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയപ്പെട്ട അപ്പച്ചി, ദീപികയുടെ മികച്ച കർഷകനുള്ള ആദരം ഏറ്റുവാങ്ങി.
നൂറ്റി മൂന്നാം വയസിലും ഊർജസ്വലതയോടെ പാപ്പച്ചൻ ചേട്ടൻ രാവിലെ തന്നെ മക്കളൊടൊപ്പം സ്വീകരണ സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ടു നിന്ന് ഇരുപത്തിരണ്ടാമത്തെ വയസിൽ 1940-42 കാലത്താണ് ഇദ്ദേഹം മരുതോങ്കരയിൽ എത്തിച്ചേർന്നത്. പഠിക്കാനുളള എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടു പോലും കാർഷിക വൃത്തിയോടുള്ള അതിയായ താത്പര്യമായിരുന്നു കന്നിമണ്ണ് തേടിയുള്ള അപ്പച്ചിയുടെ കുടിയേറ്റത്തിന് ഹേതുവായി തീർന്നത്.
വന്യമൃഗങ്ങളും പകർച്ചവ്യാധികളുംവിഹരിച്ചിരുന്ന ഒരു പ്രദേശത്ത് എത്തിച്ചേർന്ന് ആ പ്രദേശത്തൊന്നാകെ പൊന്ന് വിളയിച്ച പാരമ്പര്യമാണു പാപ്പച്ചൻ ചേട്ടനു പറയാനുള്ളത്. കാടുമൂടി കിടന്ന പ്രദേശങ്ങൾ ഒന്നാകെ കൃഷിക്ക് ഉപയുക്തമാക്കി മാറ്റി തെങ്ങ്, കമുക്, വാഴ, റബർ തുടങ്ങി ഒട്ടനവധി സമ്മിശ്ര കൃഷിയിലൂടെ വിജയത്തിന്റെ തേരോട്ടം നടത്തി ഇന്നും നല്ലൊരു കർഷകനായി കഴിയുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ വിജയചരിത്രം. ഒമ്പത് മക്കളിൽ അഞ്ച് ആൺമക്കളെയും കൃഷിയുടെ മാഹാത്മ്യം പഠിപ്പിച്ച പാപ്പച്ചൻ ചേട്ടൻ നാടിന് അഭിമാനമായ കർഷകരായി അവരെ മാറ്റി.
പൊതുപ്രവർത്തന രംഗത്തും കൃഷിയിലും മുൻപന്തിയിലുള്ള മക്കൾ ജോസഫ് കാഞ്ഞിരത്തിങ്കൽ, സെബാസ്റ്റ്യൻ കാഞ്ഞിരത്തിങ്കൽ, തോമസ് കാഞ്ഞിരത്തിങ്കൽ എന്നിവർ കർഷക യാത്ര വിജയിപ്പിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു.