മൺചിത്രമൊരുക്കി ഫാ. മനോജിന്റെ കൈയൊപ്പ്
Friday, May 4, 2018 11:22 AM IST
കേളകം: കർഷക മക്കളുടെ വിയർപ്പു വീണ മണ്ണുകൊണ്ട് വരച്ച ചിത്രംകൊണ്ട് ചെട്ടിയാംപറന്പ് ഇടവക കേരള കർഷകജാഥയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചെട്ടിയാംപറമ്പ് പ്രദേശത്തെ 180 ലധികം കുടുംബങ്ങളിലെ കൃഷിയിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുപയോഗിച്ച് കലാകാരൻകൂടിയായ ഇടവക വികാരി ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മണ്ണിന്റെ മണവും ആർദ്രതയുമെല്ലാം സമന്വയിപ്പിച്ച മൺചിത്രമെഴുതിയത്. കർഷകന്റെ അധ്വാനത്തിൽ വിളയുന്ന കാർഷികസമൃദ്ധിയും അതോടൊപ്പം കാർഷിക വിളകൾക്കും കർഷകന്റെ ജീവനും സ്വത്തിനുംമേൽ പരിഹാരമില്ലാത്ത ഭീഷണിയായി നിൽക്കുന്ന വന്യമൃഗാക്രമണവുമെല്ലാം പ്രതിപാദിക്കുന്നതാണ് മൺചിത്രം.
പ്രദേശത്തെ എല്ലാ കുടുംബങ്ങളിൽനിന്നും മണ്ണ് കാഴ്ചയായി സമർപ്പിക്കുകയും ഈ മണ്ണിൽ വൃക്ഷത്തൈ നടുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ ഇടവകാജനം മൺചിത്രത്തിൽ തൊട്ട് ജാഥയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും തുടർന്ന് വൈകുന്നേരം കേളകത്ത് ജാഥയ്ക്ക് നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ ഡോ. സണ്ണി സഖറിയയ്ക്കും ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറയ്ക്കും ചിത്രം കൈമാറി. ഇതോടൊപ്പം മണ്ണുകൊണ്ടു വരച്ച കുട്ടിക്കർഷകന്റെ ചിത്രംകൂടി കർഷക ജാഥയ്ക്കു കൈമാറി. കാർഷികവൃത്തിയെന്നത് പഴമക്കാരിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും യുവതലമുറയുടേതുകൂടിയാണെന്ന സന്ദേശം പകർന്നുള്ള ചിത്രമാണ് കുട്ടിക്കർഷകനിലൂടെ മുന്നോട്ടുവയ്ക്കുന്നത്. മികച്ച കളിമൺ ശില്പികൂടിയായ ഫാ. മനോജ് ഒറ്റപ്ലാക്കൽ ക്ലേ മോഡലിംഗിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തലശേരി അതിരൂപത ആർട്ടിസ്റ്റ് ഫോറത്തിന്റെ നേതൃസ്ഥാനവും വഹിക്കുന്നു.
വന്യമൃഗശല്യത്തിനെതിരേ ഐതിഹാസികമായ സമരങ്ങൾ നടത്തുകയും വിജയം നേടുകയും ചെയ്ത പ്രദേശമാണ് ചെട്ടിയാംപറമ്പ്.
വന്യമൃഗ ആക്രമണത്തിൽ കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടാകുകയും അഞ്ചാനിക്കൽ ബിജു എന്ന കർഷകന്റെ ജീവൻ നഷ്ടപ്പെടുകയും ചെയ്ത ഈ പ്രദേശം കോയിക്കൽ ജോർജുകുട്ടി എന്ന ജീവിക്കുന്ന രക്തസാക്ഷി കർഷകന്റെ മണ്ണുകൂടിയാണ്. കർഷകസമരത്തിനും നിയമപോരാട്ടത്തിനുമൊടുവിൽ സംസ്ഥാനത്ത് ആദ്യമായി ആന പ്രതിരോധ മതിൽ നിർമിച്ചതും ഇവിടെയാണ്.