കർഷക പ്രശ്നങ്ങളിലേക്കു ചൂടുപകർന്ന് സഞ്ചരിക്കുന്ന "ചായക്കട’
Friday, May 4, 2018 11:19 AM IST
മാലോം (കാസർഗോഡ്): ദീപിക ഫ്രണ്ട്സ് ക്ലബ് സംഘടിപ്പിക്കുന്ന കേരള കർഷകജാഥയിലെ സഞ്ചരിക്കുന്ന "ചായക്കട’ കൗതുകമാകുന്നു. ഓലകെട്ടിയ മേൽക്കൂരയും പഴയകാല റേഡിയോയും എരിയുന്ന സമോവാറും തൂക്കിയിട്ടിരിക്കുന്ന പെട്രോമാക്സും പഴക്കുലയുമുള്ള നാട്ടിൻപുറത്തെ പഴയ ചായക്കടയാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്നത്. ശബ്ദത്തിനൊപ്പം ചുണ്ടുകൾ ചലിപ്പിക്കുന്ന ആൾരൂപങ്ങളാണ് ഈ ചായക്കടയെ ശ്രദ്ധേയമാക്കുന്നത്. ഇവർ സംസാരിക്കുന്നതാകട്ടെ കർഷകരുടെ നീറുന്നപ്രശ്നങ്ങളും. ചായക്കട സന്ദർശിക്കാൻ നിരവധിയാളുകളാണ് സ്വീകരണകേന്ദ്രങ്ങളിൽ എത്തുന്നത്.
ദീപിക പത്രം വായിക്കുന്ന പൗലോസും സമീപത്തിരിക്കുന്ന പത്രോസും കുമാരേട്ടനും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ചായക്കട സജീവമാകുന്നത്. ഇവരുടെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടു ചായക്കടക്കാരനുമുണ്ട്. കർഷകരുടെ ആശങ്കകളും വേദനകളും പങ്കുവയ്ക്കുന്ന ഇവർ ഇതിനു പരിഹാരവുമായി മുന്നേറുന്ന കേരള കർഷകജാഥയുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുകയും ചെയ്യുന്നു. ഇരുപത് മിനിറ്റുള്ളതാണ് സംഭാഷണം.
കർഷക ആത്മഹത്യ, വന്യമൃഗശല്യം, കാർഷികോത്പന്നങ്ങളുടെ വിലയിടിവ്, ബാങ്ക് വായ്പകൾ ലഭ്യമാകാത്ത സാഹചര്യം, ജൈവകൃഷി പ്രോത്സാഹനം, ഇടനിലക്കാരുടെ ചൂഷണം, കർഷകരുടെ കണ്ടുപിടിത്തങ്ങളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങളാണ് ഇവർ പങ്കുവയ്ക്കുന്നത്. വായ്പകൾ തിരിച്ചടയ്ക്കാത്ത കർഷകരെ ജപ്തിനടപടികളുമായി നേരിടുന്നവർ വൻകിട വ്യവസായികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനെതിരേയും ഇവർ വികാരഭരിതരാകുന്നുണ്ട്.
പയ്യന്നൂർ എടാട്ടെ ചിത്രാഞ്ജലിയാണ് സഞ്ചരിക്കുന്ന ചായക്കട രൂപകല്പന ചെയ്തിരിക്കുന്നത്. ശ്രീനിവാസൻ ചിത്രാഞ്ജലിയാണ് സംവിധാനം. ഇതിനുമുന്പ് ഒരിടത്ത് സെറ്റിട്ട് ചായക്കട അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ചായക്കടയുടെ കേരള പര്യടനം ആദ്യമായാണ്. കെ.വി.നിതിൻ, ടി.പി.സതീഷ് എന്നിവരാണ് ടെക്നീഷനും ഡ്രൈവറുമായി വാഹനത്തിലുള്ളത്.