കർഷകർക്കൊപ്പം കൈകോർത്ത് വ്യാപാരിസമൂഹവും
Friday, May 4, 2018 11:18 AM IST
കണ്ണൂർ: അതിജീവനത്തിനായുള്ള പോരാട്ടത്തിൽ കർഷകർക്കൊപ്പം കൈകോർത്ത് വ്യാപാരി സമൂഹവും. ദീപിക ഫ്രണ്ട്സ് ക്ലബ് സംഘടിപ്പിക്കുന്ന കേരള കർഷകജാഥയിൽ കൃഷിയിടങ്ങളിൽനിന്നു കച്ചവടസ്ഥാപനങ്ങളിലുംനിന്ന് സമാനതകളില്ലാത്ത ജനമുന്നേറ്റം. ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ഡോ. സണ്ണി വി. സഖറിയ നയിക്കുന്ന ജാഥ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രയാണം സഫലമാക്കി ഇന്ന് കോഴിക്കോടൻ മണ്ണിലണയുന്പോൾ കർഷകരുടെയും വ്യാപാരികളുടെ മനസുകളിൽ അതിജീവനത്തിന്റെ പുതുമന്ത്രങ്ങൾ ഉയരുന്നു.
കുടിയേറ്റത്തിന്റെ വീരചരിതം രചിച്ച ചെന്പേരിയുടെ മണ്ണിൽനിന്നാണ് ഇന്നലെ രാവിലെ കേരള കർഷകജാഥയുടെ രണ്ടാം ദിവസത്തെ പ്രയാണത്തിനു പെരുന്പറ മുഴങ്ങിയത്. ചെന്പേരി സ്കൂൾ മൈതാനത്തുനിന്നു ജാഥയെ സ്വീകരിച്ച് റാലിയായി ടൗണിലേക്ക് ആനയിച്ചു. നാസിക് ബാൻഡിന്റെ അകന്പടിയോടെ നൽകിയ സ്വീകരണം ചെന്പേരി, ചെന്പന്തൊട്ടി മേഖലകളിലെ കർഷകകൂട്ടായ്മയുടെ കരുത്തായി മാറി. പയ്യാവൂർ സെന്റ് ആൻസ് പള്ളിയുടെയും ശിവക്ഷേത്രത്തിന്റെയും സിദ്ദിഖ് ജുമാമസ്ജിദിന്റെയും സംഗമസ്ഥാനമായ പയ്യാവൂർ ടൗണിൽ കർഷക ജാഥയ്ക്കു നൽകിയ വരവേല്പ് മതമൈത്രിയുടെ മഹോത്സവമായി. പൈസക്കരി, മടന്പം മേഖലകളിൽനിന്നെത്തിയ കർഷകസമൂഹം പയ്യാവൂർ ശിവക്ഷേത്ര അങ്കണത്തിലെ ആൽമരത്തണലിലേക്ക് ജാഥയെ ആനയിച്ചു. ജാഥാംഗങ്ങളെ പാളത്തൊപ്പി അണിയിച്ചായിരുന്നു സ്വീകരിച്ചത്. സ്വീകരണചടങ്ങിൽ സ്ത്രീകൾ ആലപിച്ച കർഷകരുടെ ദുരിതങ്ങൾ കോർത്തിണക്കിയ നാടൻപാട്ടിന്റെ അലയൊലികൾ ഹൃദ്യമായി അനുഭവമായി. തിളയ്ക്കുന്ന വെയിലിലും ജാഥയെ ഹൃദയത്തിലേറ്റി വരവേൽക്കുകയായിരുന്നു ഇരിട്ടി നഗരം.
ഇരിട്ടി പാലത്തിനു സമീപത്തുനിന്ന് നെല്ലിക്കാംപൊയിൽ, എടൂർ, കുന്നോത്ത് മേഖലകളിൽനിന്നുള്ള കർഷകർ ജാഥയെ സ്വീകരിച്ച് ആവേശത്തോടെ ടൗണിലേക്ക് നയിച്ചു. വ്യാപാരികളുടെ അകമഴിഞ്ഞ പിന്തുണയും ഐക്യത്തിന്റെ സന്ദേശം പകർന്നു. കാക്കയങ്ങാടുനിന്ന് ബൈക്ക് റാലിയോടെയാണ് പേരാവൂരിലേക്കു കർഷകജാഥയെ വരവേറ്റത്. ഇരിട്ടി റോഡിൽനിന്ന് ജാഥയെ സ്വീകരിച്ച് പഴയ ബസ്സ്റ്റാൻഡിലെ സ്വീകരണ കേന്ദ്രത്തിലേക്ക് നയിച്ചു.
സന്ധ്യയോടെയാണ് കണ്ണൂർ ജില്ലയിലെ അവസാന സ്വീകരണകേന്ദ്രമായ കേളകം ടൗണിൽ കേരള കർഷകജാഥ എത്തിയത്. മഞ്ഞളാംപുറത്തുനിന്നു വാഹനങ്ങളുടെ അകന്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ ബസ്സ്റ്റാൻഡിലേക്കെത്തിച്ചത്.
ചെട്ട്യാംപറന്പ് ഇടവകയിലെ ഓരോ കുടുംബങ്ങളുടെയും കൃഷിയിടങ്ങളിൽനിന്നു ശേഖരിച്ച മണ്ണ് ഉപയോഗിച്ച് ഇടവക വികാരി ഫാ. മനോജ് ഒറ്റപ്ലാക്കൽ വരച്ച ചിത്രം നൽകിയാണ് കേളകത്തു ജാഥയെ സ്വീകരിച്ചത്. ഇന്നലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ ഡോ. സണ്ണി വി. സഖറിയ, ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ, ട്രഷറർ ടോമി തുരുത്തിക്കര, മിജാർക്ക് കോ-ഓർഡിനേറ്റർ സിറിയക് ചാഴികാടൻ തുടങ്ങിയവർ പ്രസംഗിച്ചു.