കർഷകജാഥയ്ക്ക് ആവേശത്തുടക്കം
Thursday, May 3, 2018 3:12 PM IST
മാലോം (കാസർഗോഡ്): കാർഷിക കേരളത്തിന് ഉണർത്തുപാട്ടായി ദീപിക ഫ്രണ്ട്സ് ക്ലബ് സംഘടിപ്പിക്കുന്ന കേരള കർഷക ജാഥയ്ക്ക് ഉജ്വല തുടക്കം. കാസർഗോഡ് ജില്ലയിലെ മാലോം ആനമഞ്ഞളിൽ കാട്ടുപന്നിയുടെ കുത്തേറ്റുമരിച്ച മാടത്താനിയിൽ ജോസിന്റെ കബറിടത്തിൽനിന്ന് കൊളുത്തിയ ദീപനാളം കർഷകഹൃദയങ്ങളിൽ അഗ്നിയായി ജ്വലിച്ചു. അതിജീവനത്തിനായുള്ള പോരാട്ടത്തിന് കത്തുന്ന വെയിൽ വകവയ്ക്കാതെ ദീപിക ഫ്രണ്ട്സ് ക്ലബിന്റെ വെൺനീല പതാകകൾ വീശി കർഷകമക്കൾ "കാർഷികവൃത്തി കേരളസമൃദ്ധി’എന്ന് ഏറ്റുവിളിച്ച് അണിനിരന്നപ്പോൾ കേരള കർഷകജാഥയുടെ തുടക്കം ആവേശഭരിതം.
മാടത്താനിയിൽ ജോസിന്റെ കബറിടത്തിൽനിന്ന് കൊളുത്തിയ റാന്തലിലെ ദീപനാളത്തിൽനിന്ന് ഭദ്രദീപം തെളിച്ച് തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി കേരള കർഷകജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു. മാലോം വള്ളിക്കടവിലെ സെന്റ് ജോർജ് പാരിഷ്ഹാളിലേക്ക് ഒഴുകിയെത്തിയ കർഷകജനതയും വൈദികരും സന്യസ്തരും കാർഷിക കേരളത്തിന് പുതുചരിത്രമെഴുതിയ ധന്യനിമിഷങ്ങൾക്ക് സാക്ഷികളായി. ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ. മാണി പുതിയിടം അധ്യക്ഷത വഹിച്ചു. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ ആമുഖപ്രഭാഷണം നടത്തി. ഡിഎഫ്സി തലശേരി സോൺ ഡയറക്ടർ ഫാ. ജേക്കബ് വെണ്ണായപ്പള്ളിൽ ജാഥാക്യാപ്റ്റൻ ഡോ. സണ്ണി വി. സഖറിയയെ ആദരിച്ചു.
സംഘാടകസമിതി ചെയർമാൻ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ഇൻഫാം തലശേരി അതിരൂപത ഡയറക്ടർ ഫാ. ജോസഫ് കാവനാടി, കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. സോണി വടശേരിൽ, വെള്ളരിക്കുണ്ട് ഫൊറോന വികാരി ഫാ. ആന്റണി തെക്കേമുറി, ബളാൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. മൈക്കിൾ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റും കാസർഗോഡ് ജില്ലാ പ്രസിഡന്റുമായ കെ. അഹമ്മദ് ഷെരീഫ്, കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല, മിജാർക്ക്-കേരള ദേശീയ പ്രതിനിധി സിറിയക് ചാഴികാടൻ, ഡിഎഫ്സി തലശേരി സോൺ കൺവീനർ ജോസ് ജോർജ് പ്ലാത്തോട്ടം എന്നിവർ ആശംസകൾ നേർന്നു. ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. സെബാൻ ഇടയാടിയിൽ സ്വാഗതവും ഡിഎഫ്സി സോൺ പ്രസിഡന്റ് ബേബി നെട്ടനാനി നന്ദിയും പറഞ്ഞു.
കഷ്ടതകളിലൂടെ കടന്നുപോകുന്ന കേരളത്തിലെ കർഷകരുടെ പ്രതീകമായി മാറിയ മാടത്താനിയിൽ ജോസിന്റെ ആനമഞ്ഞൾ ഉണ്ണിമിശിഹാ പള്ളിയിലെ കബറിടത്തിൽ തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ നടത്തിയ പ്രത്യേക പ്രാർഥനാശുശ്രൂഷയോടെയായിരുന്നു കേരള കർഷകജാഥയുടെ പ്രാരംഭം. കബറിടത്തിലെ മെഴുകുതിരിയിൽനിന്ന് കൊളുത്തിയ റാന്തൽ ജോസിന്റെ പത്നി റൂബി നിറകണ്ണുകളോടെ ജാഥാക്യാപ്റ്റനും ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന പ്രസിഡന്റുമായ ഡോ. സണ്ണി വി.സഖറിയയ്ക്ക് കൈമാറി. ജോസിന്റെ മക്കളും കുടുംബാംഗങ്ങളും നാട്ടുകാരും വിതുമ്പലടക്കി ചടങ്ങിന് സാക്ഷികളായി.
ദീപികയുടെ ചരിത്രവഴികൾ ഓർമിപ്പിച്ച് 132 ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ജ്വലിക്കുന്ന റാന്തൽ ഉദ്ഘാടനവേദിയിലേക്ക് കൊണ്ടുപോയത്. മാലോം ടൗണിൽ സംഘാടകസമിതി ചെയർമാൻ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ റാന്തൽ ഏറ്റുവാങ്ങി ബാൻഡ് വാദ്യമേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ പാരിഷ്ഹാളിലെത്തിച്ചു. മാലോത്തുനിന്ന് പ്രയാണം തുടങ്ങിയ കേരള കർഷക ജാഥ ഉച്ചകഴിഞ്ഞ് രണ്ടോടെ ചിറ്റാരിക്കാലിൽ എത്തി. ചെറുപുഴ റോഡ് ജംഗ്ഷനിൽ സംഘാടകസമിതി ചെയർമാൻ ഫാ. അഗസ്റ്റിൻ പാണ്ട്യാമ്മാക്കലിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് വാദ്യമേളങ്ങളുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെ ടൗണിലേക്ക് ആനയിച്ചു.
ആലക്കോട്ടായിരുന്നു കണ്ണൂർ ജില്ലയിലെ ആദ്യ സ്വീകരണം. ഫൊറോന വികാരി ഫാ. ആന്റണി ആനക്കല്ലിലിന്റെ നേതൃത്വത്തിൽ കർഷകർ ജാഥയെ വരവേറ്റു. പരമ്പരാഗത കർഷക വേഷത്തിലെത്തിയ തങ്കച്ചൻ അരീക്കുഴിയിൽ ജാഥാ ക്യാപ്റ്റനെ പാളത്തൊപ്പിയണിയിച്ചു. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയങ്കണത്തിലായിരുന്നു ആദ്യദിവസത്തെ പര്യടനത്തിന്റെ സമാപനം. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് തളിപ്പറമ്പ് നഗരം കർഷക ജാഥയെ എതിരേറ്റത്. സമാപനസമ്മേളനം തളിപ്പറമ്പ് ഫൊറോന വികാരി ഫാ. ഏബ്രഹാം പോണാട്ട് ഉദ്ഘാടനം ചെയ്തു.
കർഷകജാഥ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾക്ക് പിന്തുണ ശക്തിപ്പെടുത്തുന്നതിനായി ശേഖരിച്ച ഒപ്പുകൾ അടങ്ങിയ ബുക്ക്ലെറ്റുകൾ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാക്യാപ്റ്റൻ ഏറ്റുവാങ്ങി. 23ന് തിരുവനന്തപുരത്ത് സമാപിക്കുന്ന കേരള കർഷകജാഥയുടെ രണ്ടാംദിവസമായ ഇന്നത്തെ പര്യടനം രാവിലെ 9.30ന് ചെമ്പേരിയിൽനിന്ന് ആരംഭിക്കും. തുടർന്ന് 11.30ന് പയ്യാവൂർ, ഉച്ചകഴിഞ്ഞ് 2.30 ന് ഇരിട്ടി, വൈകുന്നേരം നാലിന് പേരാവൂർ, 5.30 ന് കേളകം എന്നിവിടങ്ങളിലെ സ്വീകരണത്തോടെ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കും.
സിജി ഉലഹന്നാൻ