കർഷകർക്കായി വീണ്ടും ജനകീയമുന്നേറ്റം
Wednesday, May 2, 2018 5:35 PM IST
ദീപികയുടെ പിൻബലത്തിൽ കർഷകർക്കായി വീണ്ടുമൊരു ജനകീയമുന്നേറ്റം. 23 വർഷങ്ങൾക്കു മുമ്പു നടത്തിയ ഐതിഹാസികമായ പ്രയാണത്തിന്റെ ഓർമകൾ ജ്വലിച്ചുനിൽക്കുന്ന അതേ വഴിത്താരകളിൽത്തന്നെയാണ് ജനലക്ഷങ്ങൾ വീണ്ടും അണിനിരക്കുന്നത്. കർഷകർ അവഗണനയും അവഹേളനവും ഏറ്റുവാങ്ങേണ്ടവരല്ലെന്നും സമൂഹത്തിന്റെ ആകമാനം സ്നേഹവും ആദരവും പിന്തുണയും അർഹിക്കുന്നവരാണെന്നുമുള്ള പ്രഖ്യാപനത്തിനാണ് നാളെ നാന്ദികുറിക്കുന്നത്. ദീപികയുടെ നേതൃത്വത്തിൽ കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തനസജ്ജമായ ദീപിക ഫ്രണ്ട്സ് ക്ലബ് അണിയിച്ചൊരുക്കുന്ന കേരള കർഷക ജാഥ കാർഷിക കേരളത്തിന്റെ ചരിത്രത്തിൽ പുതിയൊരേടായി മാറുകതന്നെചെയ്യും.
132 വർഷമായി കർഷകക്ഷേമം മുഖ്യധർമമായി മുദ്രണംചെയ്താണു ദീപിക നിലകൊള്ളുന്നത്. ഈ പ്രഖ്യാപിത ലക്ഷ്യത്തോടുള്ള ആത്മാർഥതയുടെ അടയാളമായി കരുതാം നാളെ കാസർഗോഡ് ജില്ലയിലെ മാലോത്തു നിന്നു പ്രയാണം തുടങ്ങുന്ന കേരള കർഷക ജാഥ. ഏതൊരു കർഷകമനസിലുമുണ്ടാകുന്ന ചെറിയ നൊമ്പരങ്ങൾ പോലും സ്വന്തം വേദനയായാണ് ദീപികയ്ക്ക് അനുഭവപ്പെടുന്നത് എന്നതിന് പതിനായിരക്കണക്കിനു സാക്ഷ്യങ്ങളുണ്ട്. കൃഷിനാശം, വിലത്തകർച്ച, വന്യമൃഗശല്യം, രോഗ-കീടബാധകൾ, കടക്കെണി, നിയമക്കുരുക്കുകൾ തുടങ്ങി കർഷകർ പ്രതിസന്ധിയിലാകുമ്പോഴെല്ലാം താങ്ങുംതണലുമായാണു ദീപിക വർത്തിക്കുന്നത്. കൂടാതെ നവീന കൃഷിരീതികൾ വിശദീകരിക്കാനും ലാഭകരമായി കൃഷിചെയ്യുന്നവരുടെ അനുഭവങ്ങൾ മറ്റുള്ളവർക്കു പകർന്നുനൽകാനും ദീപിക എക്കാലവും ശ്രദ്ധിച്ചിട്ടുണ്ട്.
മലബാറും ഹൈറേഞ്ചും ഉൾപ്പെടെയുള്ള കേരളത്തിലെ അവികസിതമേഖലകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ദീപിക നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ നിരവധിയാണ്. കർഷകരുടേയും അവഗണിക്കപ്പെട്ടുകിടക്കുന്ന ജനവിഭാഗങ്ങളുടേയും ശബ്ദമായി മാറാൻ എക്കാലവും ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്.
മലയോര ഹൈവേ എന്ന ആശയം രൂപംകൊണ്ട കാലഘട്ടം മുതൽ പാത യാഥാർഥ്യമാക്കുന്നതിന് ദീപിക നടത്തിയിട്ടുള്ള പ്രയത്നങ്ങൾ ആർക്കും വിസ്മരിക്കാൻ കഴിയില്ല. മലയോര നിവാസികളുടെ സ്വപ്നസാക്ഷാത്കാരമായി മലയോര ഹൈവേയെ അവതരിപ്പിക്കാനും ഭരണാധികാരികളെക്കൊണ്ട് പദ്ധതി ഏറ്റെടുപ്പിക്കാനും മുന്നണിപ്പോരാളിയായി പടനയിച്ചത് ദീപികയായിരുന്നു. മലയോര ഹൈവേ പദ്ധതി വിസ്മൃതിയിലേക്കുപോയപ്പോഴൊക്കെ ദീപിക അധികാരികൾക്കു മുന്നിൽ ഓർമപ്പെടുത്തലുകൾ നടത്തി.
കൃഷിയിടത്തിൽ തേർവാഴ്ച നടത്തുന്ന വന്യമൃഗങ്ങൾ ഇന്നു കർഷകരുടെ മുഖ്യവെല്ലുവിളികളിലൊന്നായി മാറിക്കഴിഞ്ഞു. കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തും കുരങ്ങുകളുമെല്ലാം കർഷകരെ ദുരിതക്കയത്തിലേക്കാണ് അനുദിനം തള്ളിവിടുന്നത്. വന്യമൃഗങ്ങൾ കൃഷിനശിപ്പിച്ചതിന്റെ വാർത്തകളില്ലാതെ ഒരു ദിവസംപോലും പത്രമിറങ്ങുന്നില്ല എന്നതാണു യാഥാർഥ്യം. കാട്ടുമൃഗങ്ങളെ വനത്തിൽ തളയ്ക്കേണ്ടതിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്നും കർഷകന്റെ വിയർപ്പിന്റെ തണലിലല്ല അവ വിഹരിക്കേണ്ടതെന്നും അധികാരികളെ ബോധ്യപ്പെടുത്താൻ ദീപിക നീക്കിവച്ചിട്ടുള്ള പത്രത്താളുകൾ എണ്ണമറ്റവയാണ്. അവസാന കർഷകനുവരെ വന്യമൃഗങ്ങളിൽനിന്നു സംരക്ഷണം ഉണ്ടാകുന്നതുവരെ ദീപികയ്ക്കു വിശ്രമമുണ്ടാകില്ല എന്നു പ്രഖ്യാപിക്കുന്നതാണ് കർഷകജാഥയുടെ ദീപം തെളിക്കുന്ന ചടങ്ങുപോലും.
റബറിന്റെ അതിരൂക്ഷമായ വിലയിടിവിനെപ്പോലും കഠിനാധ്വാനംകൊണ്ടു മറികടക്കാനുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച ഉത്തമകർഷകനായിരുന്നു കാസർഗോഡ് ജില്ലയിലെ വെള്ളരിക്കണ്ട് താലൂക്കിൽപ്പെട്ട ആനമഞ്ഞളിലെ മാടത്താനിയിൽ ജോസ്. സ്വന്തം കൃഷിയിടത്തിൽ അവസാനതുള്ളി രക്തംവരെ ചിന്തിയാണ് അദ്ദേഹം കാട്ടുപന്നി ആക്രമണത്തിന്റെ രക്തസാക്ഷിയായത്. ഇത്തരത്തിൽ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുള്ള എല്ലാ കർഷകരുടേയും ഓർമകൾക്കു മുന്നിലായിരിക്കും ജോസിന്റെ പ്രിയപത്നി റൂബി കർഷകജാഥയ്ക്കു ദീപം പകരുക.
അവഗണനയും അവഹേളനവുമാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രധാനപ്രശ്നം. വൻകിടവ്യവസായികളുടെ താത്പര്യം സംരക്ഷിക്കാൻ വെമ്പൽ കൊള്ളുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥ മേധാവികളും എക്കാലവും കർഷകർക്കെതിരായിരുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ആർക്കും കാണാൻകഴിയും. എന്നാൽ, ഇപ്പോൾ താഴെത്തട്ടിലുള്ള സർക്കാർ ഉദ്യോഗസ്ഥരും ബാങ്ക് അധികൃതർ പോലും കർഷകരെ അവഗണിക്കുന്നുവെന്നതാണ് യാഥാർഥ്യം. കർഷകരുടെ ഉത്പന്നങ്ങൾ ചെറുവിലയ്ക്കു തട്ടിയെടുത്തു വൻലാഭമുണ്ടാക്കുന്ന വൻകിടവ്യവസായികൾക്കെതിരേ അസംഘടിതരായ കർഷകർക്ക് ചെറുവിരലനക്കാൻ പോലും കഴിയുന്നില്ല. കർഷകരുടെ രക്ഷയ്ക്കെത്തേണ്ട ഭരണാധികാരികൾ എപ്പോഴും കർഷകവിരുദ്ധത പുലർത്തുകയും ചെയ്യുന്നു.
കർഷകരെ കൈയേറ്റക്കാരും പരിസ്ഥിതിവിരുദ്ധരുമാക്കി ചിത്രീകരിക്കുന്ന ഒരുവിഭാഗം കപടപരിസ്ഥിതിവാദികളാണു കർഷകരെ കണ്ണീരുകുടിപ്പിക്കുന്ന മറ്റൊരുകൂട്ടർ. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് തിരുവിതാംകൂറിൽ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ കഠിനാധ്വാനശീലരായ കർഷകരെ പ്രലോഭിപ്പിച്ചും പ്രതീക്ഷനൽകിയുമാണ് അന്നത്തെ ഭരണാധികാരികൾ മലബാറിലേക്കും ഇടുക്കിയിലേക്കുമൊക്കെ കുടിയേറ്റത്തിനു പ്രേരിപ്പിച്ചത്. അനേകർ ജീവൻനൽകിയും മറ്റനേകംപേർ ചോര നീരാക്കിയും കുടിയേറ്റഭൂമി ഫലഭൂയിഷ്ടമാക്കി. നാടിന്റെ പട്ടിണിയകന്നു; ദാരിദ്ര്യം പടികടന്നു.
മികച്ച വിലകിട്ടുമെന്നും ഭാവി ശോഭനമാകുമെന്നും പറഞ്ഞുവിശ്വസിപ്പിച്ച് കർഷകരെ റബർകൃഷിയിലേക്കു തിരിച്ചു. അതിനായി സബ്സിഡികൾ നൽകി. വിളവുകൂട്ടാൻ രാസവളങ്ങളും രാസകീടനാശിനികളും പ്രയോഗിക്കാൻ അവരെ നിർബന്ധിച്ചു. കർഷക ശാസ്ത്രജ്ഞരും സർക്കാർ ഉദ്യോഗസ്ഥരും കാലാകാലങ്ങളിലുള്ള ഭരണാധികാരികളും ഇക്കാര്യത്തിൽ നൽകിയ ഉറപ്പുകൾ കർഷകർ വിശ്വസിച്ചു. ഒടുവിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും കർഷകരെ കൈവിട്ടു. വിലകൊടുത്തു വാങ്ങിയ ഭൂമിയുടെമേൽ നിയമപ്രശ്നങ്ങൾ ഉയർത്തി അവരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നു.
എന്നാൽ, ഈ മേഖലകളിലെല്ലാം വൻകിടക്കാരും റിസോർട്ട് മാഫിയകളും രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രഭുക്കളും വാരിക്കൂട്ടിയ ഭൂമിക്കൊന്നും നിയമപ്രശ്നങ്ങളില്ല; അവരാരും കൈയേറ്റക്കാരല്ല. അവരുടെമേൽ കുതിരകയറാൻ ഒരു പരിസ്ഥിതിവാദിയും മെനക്കെടുന്നുമില്ല. പാവം കർഷകനെ വട്ടംകറക്കുന്നു. സർക്കാർ ഓഫീസുകളും കോടതികളും കയറ്റുന്നു. ഇത്തരം അനീതിയുടെ ഇരകളായി ആയിരക്കണക്കിനു കർഷകരാണ് കൊച്ചുകേരളത്തിലുള്ളത്. അവരുടെ പ്രശ്നങ്ങളും സ്വന്തമായാണ് ദീപിക കാണുന്നത്.
പ്രതിസന്ധികൾ തരണംചെയ്യാൻ കർഷകർ സ്വയമേവ ചെയ്യേണ്ട നിരവധി കാര്യങ്ങൾ അവരെ ഉത്ബോധിപ്പിക്കാനും ദീപിക എക്കാലവും മുന്നിൽ നിന്നിട്ടുണ്ട്. ഇപ്പോൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽനിന്ന് എങ്ങനെ കരകയറാമെന്നും അതിനായി കർഷകർ എന്തെല്ലാം മാറ്റങ്ങൾക്കു വിധേയരാകണമെന്നും പ്രതിപാദിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും സെമിനാറുകളും മറ്റും സംഘടിപ്പിക്കുകയും ചെയ്യുന്നതിലും ദീപിക പ്രത്യേകശ്രദ്ധയാണു പുലർത്തുന്നത്. കേരള കർഷകജാഥയിലും ഇതിനു മുന്തിയ പരിഗണന നൽകുന്നു.
കർഷകർ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഏറെ അവധാനതയോടെ സമൂഹമനഃസാക്ഷിക്കും അധികാരികൾക്കു മുന്നിലും അവതരിപ്പിക്കാനാണു കേരള കർഷകജാഥയിലൂടെ പരിശ്രമിക്കുന്നത്. അതുവഴി കാർഷിക കേരളത്തിന് നവോന്മേഷം കൈവരുകയും കർഷകർക്ക് എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണ ഉറപ്പാക്കുകയും ചെയ്യാൻ കഴിയുമെന്നുതന്നെ പ്രത്യാശിക്കാം.
സി.കെ. കുര്യാച്ചൻ