ആവേശമായി ഒരു കോടി ഒപ്പുശേഖരണം
Wednesday, May 2, 2018 5:08 PM IST
കണ്ണൂർ: കർഷക ജാഥ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾക്കു പിന്തുണ സമാഹരിക്കുന്നതിനായി നടത്തുന്ന ഒരു കോടി ഒപ്പുശേഖരണത്തിന് ജനങ്ങളിൽനിന്നും ആവേശകരമായ പിന്തുണ. ആലക്കോട് മണക്കടവിൽ മണ്ണുകൊണ്ട് വിരലടയാളം പതിച്ച് തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്ത ഒപ്പുശേഖരണത്തിൽ ഇന്നലെ പതിനായിരങ്ങൾ അണിനിരന്നു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 250 ഓളം കേന്ദ്രങ്ങളിൽ ഡിഎഫ്സി ഭാരവാഹികളുടെ നേതൃത്വത്തിൽ ഒപ്പുശേഖരണത്തിനായി പ്രത്യേക ബുക്ക്ലറ്റുകൾ സജ്ജീകരിച്ചിരുന്നു. ഒപ്പുശേഖരണത്തിൽ കർഷകർക്കു പുറമെ നിരവധി സാമൂഹിക-സാംസ്കാരിക-സന്നദ്ധ സംഘടനകളും കർഷക കൂട്ടായ്മകളും വ്യാപാരി വ്യവസായി സംഘടനകളും പങ്കാളികളായി.
ഒപ്പുകൾ ശേഖരിച്ചിട്ടുള്ള ബുക്ക്ലറ്റുകൾ കർഷക ജാഥയുടെ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ ഏറ്റുവാങ്ങും. തുടർന്ന് ജാഥയുടെ സമാപനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും നൽകുന്ന നിവേദനത്തോടൊപ്പം സമർപ്പിക്കുകയും ചെയ്യും.